THUFINGTE 27
27
1നാളയെ ചൊല്ലി നീ അഹങ്കരിക്കരുത്;
ഇന്ന് എന്തു സംഭവിക്കുമെന്നു പോലും നീ അറിയുന്നില്ലല്ലോ.
2നീ സ്വയം ശ്ലാഘിക്കരുത്,
മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ.
3കല്ലിനു ഘനമുണ്ട്; മണലിനു ഭാരമുണ്ട്;
എന്നാൽ ഭോഷന്റെ പ്രകോപനം ഇവ രണ്ടിനേയുംകാൾ ഭാരമേറിയതത്രേ.
4ക്രോധം ക്രൂരവും കോപം അനിയന്ത്രിതവുമാണ്;
എന്നാൽ അസൂയയെ നേരിടാൻ ആർക്കു കഴിയും?
5നിഗൂഢമായ സ്നേഹത്തെക്കാൾ നല്ലത് തുറന്ന ശാസനമാണ്.
6സ്നേഹിതൻ ഏല്പിക്കുന്ന ക്ഷതം ആത്മാർഥതയോടു കൂടിയത്.
ശത്രുവാകട്ടെ കണക്കറ്റു ചുംബിക്കുക മാത്രം ചെയ്യുന്നു.
7തിന്നു മതിയായവനു തേൻപോലും മടുപ്പ് ഉളവാക്കുന്നു;
വിശപ്പുള്ളവനു കയ്പുള്ളതും മധുരമായി തോന്നും.
8കൂടു വിട്ടുഴലുന്ന പക്ഷിയെപ്പോലെയാണ് വീടു വിട്ടുഴലുന്ന മനുഷ്യൻ.
9സുരഭിലതൈലവും സുഗന്ധദ്രവ്യവും ഹൃദയത്തെ സന്തോഷിപ്പിക്കും.
എന്നാൽ ജീവിതക്ലേശങ്ങൾ അന്തരംഗത്തെ തകർക്കുന്നു.
10നിന്റെ സ്നേഹിതരെയോ, നിന്റെ പിതാവിന്റെ സ്നേഹിതരെയോ കൈവിടരുത്;
വിഷമകാലത്ത് നീ സഹോദരന്റെ ഭവനത്തിൽ പോകയും അരുത്.
അകലെയുള്ള സഹോദരനെക്കാൾ അടുത്തുള്ള അയൽക്കാരനാണു നല്ലത്.
11മകനേ, നീ ജ്ഞാനിയായിത്തീർന്ന് എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക,
അങ്ങനെ എന്നെ നിന്ദിക്കുന്നവർക്ക് മറുപടി നല്‌കാൻ എനിക്കു കഴിയും.
12വിവേകമുള്ളവൻ അപകടം കണ്ടു പിന്മാറുന്നു;
ബുദ്ധിശൂന്യനോ നേരെ ചെന്ന് അതിൽ അകപ്പെടുന്നു.
13അപരിചിതനു ജാമ്യം നില്‌ക്കുന്നവന്റെ വസ്ത്രം എടുത്തുകൊൾക;
പരദേശിക്കു ജാമ്യം നില്‌ക്കുന്നവനോടു പണയം വാങ്ങിക്കൊൾക.
14അതിരാവിലെ എഴുന്നേറ്റ് അയൽക്കാരനെ ഉച്ചത്തിൽ അഭിവാദനം ചെയ്യുന്നത്
ശാപമായി കണക്കാക്കപ്പെടും.
15ഇടമുറിയാതെ പെയ്യുന്ന ചാറ്റൽമഴയും
കലഹശീലയായ ഭാര്യയും ഒരുപോലെയാണ്.
16അവളെ അടക്കിനിറുത്താൻ ശ്രമിക്കുന്നത് കാറ്റിനെ നിയന്ത്രിക്കുന്നതുപോലെയും
വലങ്കൈയിൽ എണ്ണ മുറുകെപ്പിടിക്കാൻ ശ്രമിക്കുന്നതുപോലെയുമാണ്.
17ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നു;
മനുഷ്യൻ മനുഷ്യന്റെ ജ്ഞാനം വർധിപ്പിക്കുന്നു.
18അത്തിമരം വളർത്തുന്നവൻ അത്തിപ്പഴം തിന്നും,
യജമാനനെ ശുശ്രൂഷിക്കുന്നവൻ ബഹുമാനിതനാകും.
19വെള്ളത്തിൽ മുഖം പ്രതിബിംബിക്കുംപോലെ
മനുഷ്യന്റെ മനസ്സ് അവനെത്തന്നെ പ്രതിഫലിപ്പിക്കുന്നു.
20പാതാളത്തിനും നരകത്തിനും ഒരിക്കലും സംതൃപ്തി വരികയില്ല;
മനുഷ്യന്റെ കണ്ണിനും ഒരിക്കലും തൃപ്തി വരികയില്ല.
21വെള്ളിയുടെ മാറ്റ് പുടത്തിലൂടെയും
സ്വർണത്തിനു മൂശയിലൂടെയും എന്നപോലെ
മനുഷ്യന്റെ മൂല്യം അവനു ലഭിക്കുന്ന പ്രശംസയിലൂടെ നിർണയിക്കപ്പെടുന്നു.
22ഭോഷനെ ധാന്യത്തോടൊപ്പം ഉരലിൽ ഇട്ട് ഇടിച്ചാലും
അവന്റെ ഭോഷത്തം വിട്ടുമാറുകയില്ല.
23നിന്റെ ആട്ടിൻപറ്റങ്ങളെ പരിപാലിക്കുക;
നിന്റെ കാലിക്കൂട്ടങ്ങളെ ശ്രദ്ധിക്കുക.
24ധനം എന്നും നിലനില്‌ക്കുകയില്ലല്ലോ;
കിരീടം എല്ലാ തലമുറകളിലേക്കും നിലനില്‌ക്കുമോ?
25പുല്ല് പോയി ഇളമ്പുല്ലു പ്രത്യക്ഷമാകുകയും
മലകളിലുള്ള സസ്യാദികൾ ശേഖരിക്കപ്പെടുകയും ചെയ്യുമ്പോൾ,
26കുഞ്ഞാടുകൾ നിനക്കു വസ്ത്രം നല്‌കും,
കോലാടുകൾ വയലിനുള്ള വില നേടിത്തരും;
27നിനക്കും നിന്റെ കുടുംബത്തിനും വേണ്ട പാലും
നിന്റെ ദാസീദാസന്മാരുടെ ജീവസന്ധാരണത്തിനുവേണ്ട വകയും ലഭിക്കും.
Currently Selected:
THUFINGTE 27: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.