THUFINGTE 27:1-10
THUFINGTE 27:1-10 MALCLBSI
നാളയെ ചൊല്ലി നീ അഹങ്കരിക്കരുത്; ഇന്ന് എന്തു സംഭവിക്കുമെന്നു പോലും നീ അറിയുന്നില്ലല്ലോ. നീ സ്വയം ശ്ലാഘിക്കരുത്, മറ്റുള്ളവർ നിന്നെ പ്രശംസിക്കട്ടെ. കല്ലിനു ഘനമുണ്ട്; മണലിനു ഭാരമുണ്ട്; എന്നാൽ ഭോഷന്റെ പ്രകോപനം ഇവ രണ്ടിനേയുംകാൾ ഭാരമേറിയതത്രേ. ക്രോധം ക്രൂരവും കോപം അനിയന്ത്രിതവുമാണ്; എന്നാൽ അസൂയയെ നേരിടാൻ ആർക്കു കഴിയും? നിഗൂഢമായ സ്നേഹത്തെക്കാൾ നല്ലത് തുറന്ന ശാസനമാണ്. സ്നേഹിതൻ ഏല്പിക്കുന്ന ക്ഷതം ആത്മാർഥതയോടു കൂടിയത്. ശത്രുവാകട്ടെ കണക്കറ്റു ചുംബിക്കുക മാത്രം ചെയ്യുന്നു. തിന്നു മതിയായവനു തേൻപോലും മടുപ്പ് ഉളവാക്കുന്നു; വിശപ്പുള്ളവനു കയ്പുള്ളതും മധുരമായി തോന്നും. കൂടു വിട്ടുഴലുന്ന പക്ഷിയെപ്പോലെയാണ് വീടു വിട്ടുഴലുന്ന മനുഷ്യൻ. സുരഭിലതൈലവും സുഗന്ധദ്രവ്യവും ഹൃദയത്തെ സന്തോഷിപ്പിക്കും. എന്നാൽ ജീവിതക്ലേശങ്ങൾ അന്തരംഗത്തെ തകർക്കുന്നു. നിന്റെ സ്നേഹിതരെയോ, നിന്റെ പിതാവിന്റെ സ്നേഹിതരെയോ കൈവിടരുത്; വിഷമകാലത്ത് നീ സഹോദരന്റെ ഭവനത്തിൽ പോകയും അരുത്. അകലെയുള്ള സഹോദരനെക്കാൾ അടുത്തുള്ള അയൽക്കാരനാണു നല്ലത്.