YouVersion Logo
Search Icon

THUFINGTE 16

16
1മനുഷ്യൻ പദ്ധതികൾ നിരൂപിക്കുന്നു,
അന്തിമതീരുമാനം സർവേശ്വരൻറേതത്രേ.
2തന്റെ മാർഗങ്ങൾ ശരിയാണെന്ന് ഒരുവനു തോന്നുന്നു,
സർവേശ്വരനോ ഹൃദയവിചാരങ്ങൾ പരിശോധിക്കുന്നു.
3നിന്റെ പ്രവൃത്തികൾ സർവേശ്വരനിൽ സമർപ്പിക്കുക,
എന്നാൽ നിന്റെ ആഗ്രഹങ്ങൾ സഫലമാകും.
4ഓരോന്നിനെയും പ്രത്യേക ലക്ഷ്യത്തോടെ സർവേശ്വരൻ സൃഷ്‍ടിച്ചിരിക്കുന്നു,
അനർഥദിവസത്തിനുവേണ്ടി ദുഷ്ടനെയും.
5അഹങ്കാരികളെ സർവേശ്വരൻ വെറുക്കുന്നു,
അവർക്ക് തീർച്ചയായും ശിക്ഷ ലഭിക്കും.
6വിശ്വസ്തതയും കൂറും ആണ് അകൃത്യത്തിനു പരിഹാരം.
ദൈവഭക്തി മനുഷ്യനെ തിന്മയിൽ നിന്ന് അകറ്റും.
7ഒരുവന്റെ വഴികൾ സർവേശ്വരനു പ്രസാദകരമാകുമ്പോൾ
അവന്റെ ശത്രുക്കളെപ്പോലും അവിടുന്ന് അവനോട് രഞ്ജിപ്പിക്കുന്നു.
8നീതികൊണ്ടു നേടിയ അല്പ ധനമാണ്,
അനീതികൊണ്ടു നേടിയ വലിയ ധനത്തെക്കാൾ മെച്ചം.
9ഒരു മനുഷ്യൻ തന്റെ മാർഗങ്ങൾ ആലോചിച്ചുവയ്‍ക്കുന്നു,
എന്നാൽ സർവേശ്വരനാണ് അവന്റെ കാലടികളെ നിയന്ത്രിക്കുന്നത്.
10ദൈവപ്രചോദിതമായ വാക്കുകൾ രാജാവിന്റെ അധരങ്ങളിലുണ്ട്;
വിധിക്കുമ്പോൾ അദ്ദേഹത്തിനു തെറ്റുപറ്റുകയില്ല.
11ഒത്തതുലാസും അളവുകോലും സർവേശ്വരൻ ആഗ്രഹിക്കുന്നു.
സഞ്ചിയിലെ തൂക്കുകട്ടികളെല്ലാം അവിടുന്നു നിശ്ചയിച്ചത്.
12രാജാക്കന്മാർക്ക് അധാർമികത മ്ലേച്ഛമാണ്.
ധാർമികതയിലാണ് സിംഹാസനം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്.
13സത്യസന്ധമായ ഭാഷണം രാജാവിനെ സന്തോഷിപ്പിക്കുന്നു.
സത്യം പറയുന്നവനെ അദ്ദേഹം സ്നേഹിക്കുന്നു.
14രാജാവിന്റെ രോഷം മരണദൂതനാകുന്നു;
അതു ശമിപ്പിക്കാൻ ജ്ഞാനിക്കു കഴിയും.
15രാജാവിന്റെ പ്രസാദത്തിൽ ജീവനുണ്ട്,
അദ്ദേഹത്തിന്റെ പ്രസാദം വസന്തത്തിൽ മഴ പെയ്യിക്കുന്ന മേഘംപോലെ ആകുന്നു.
16ജ്ഞാനം നേടുന്നതു സ്വർണസമ്പാദനത്തിലും മെച്ചം!
വിവേകം വെള്ളിയെക്കാൾ എത്ര അഭികാമ്യം!
17നേരുള്ളവരുടെ വഴി ദോഷം വിട്ട് അകന്നുപോകുന്നു;
തന്റെ വഴി സൂക്ഷിക്കുന്നവൻ സ്വന്തജീവൻ സുരക്ഷിതമാക്കുന്നു.
18അഹങ്കാരം നാശത്തിന്റെയും ധാർഷ്ട്യം പതനത്തിന്റെയും മുന്നോടിയാണ്.
19ഗർവിഷ്ഠരോടുകൂടി കൊള്ള പങ്കിടുന്നതിലും നല്ലത്
എളിയവരോടൊപ്പം എളിമയിൽ കഴിയുന്നതാണ്.
20ദൈവവചനം അനുസരിക്കുന്നവൻ ഐശ്വര്യം പ്രാപിക്കും;
സർവേശ്വരനിൽ ശരണപ്പെടുന്നവൻ ഭാഗ്യവാൻ.
21വിവേകി ജ്ഞാനമുള്ളവൻ എന്ന് അറിയപ്പെടും;
ഹൃദ്യമായി സംസാരിക്കുന്നവൻ അനുനയമുള്ളവനാകുന്നു.
22ജ്ഞാനിക്ക് വിജ്ഞാനം ജീവന്റെ ഉറവയാകുന്നു,
ഭോഷത്തമോ ഭോഷനുള്ള ശിക്ഷയത്രേ.
23ജ്ഞാനിയുടെ മനസ്സ് വിവേകപൂർണമാകുന്നു;
അതുകൊണ്ട് അവന്റെ വാക്കുകൾക്ക് കൂടുതൽ അനുനയശക്തിയുണ്ട്.
24ഹൃദ്യമായ വാക്കു തേൻകട്ടയാണ്,
അതു മനസ്സിനു മാധുര്യവും ശരീരത്തിന് ആരോഗ്യവും പകരുന്നു.
25നേരായി തോന്നുന്ന മാർഗം അവസാനം മരണത്തിലേക്കു നയിക്കുന്നതാവാം.
26വിശപ്പു തൊഴിലാളിയെക്കൊണ്ടു കഠിനാധ്വാനം ചെയ്യിക്കുന്നു.
അവന്റെ വിശപ്പ് അവനെ അതിനു പ്രേരിപ്പിക്കുന്നു.
27വിലകെട്ട മനുഷ്യൻ ദോഷം നിരൂപിക്കുന്നു;
അവന്റെ വാക്കുകൾ എരിതീയാണ്.
28വികടബുദ്ധി കലഹം പരത്തുന്നു,
ഏഷണിക്കാരൻ മിത്രങ്ങളെ ഭിന്നിപ്പിക്കുന്നു.
29അക്രമി അയൽക്കാരനെ വശീകരിച്ചു
ഹീനമായ മാർഗത്തിലേക്കു നയിക്കുന്നു.
30കണ്ണിറുക്കി കാട്ടുന്നവൻ വക്രത ആലോചിക്കുന്നു,
തന്റെ അധരങ്ങൾ കടിച്ചമർത്തുന്നവൻ തിന്മയ്‍ക്കു വഴിഒരുക്കുന്നു.
31നരച്ച തല മഹത്ത്വത്തിന്റെ കിരീടം,
നീതിനിഷ്ഠമായ ജീവിതംകൊണ്ട് അതു കൈവരും.
32ക്ഷമാശീലൻ അതിശക്തനെക്കാളും ആത്മനിയന്ത്രണമുള്ളവൻ നഗരം
പിടിച്ചടക്കുന്നവനെക്കാളും ശ്രേഷ്ഠൻ.
33കാര്യങ്ങൾ തീരുമാനിക്കാൻ കുറിയിടുന്നു,
അന്തിമതീർപ്പു കല്പിക്കുന്നതു സർവേശ്വരനാണ്.

Currently Selected:

THUFINGTE 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in