THUFINGTE 11:23-31
THUFINGTE 11:23-31 MALCLBSI
നീതിമാന്റെ ആഗ്രഹം നന്മയിലും ദുർജനങ്ങളുടെ പ്രതീക്ഷകളാകട്ടെ ക്രോധത്തിലും കലാശിക്കുന്നു. ഒരുവൻ ഉദാരമായി നല്‌കിയിട്ടും കൂടുതൽ സമ്പന്നൻ ആയിക്കൊണ്ടിരിക്കുന്നു; മറ്റൊരുവൻ കൊടുക്കുന്നതുകൂടി പിടിച്ചുവച്ചിട്ടും അവനു ദാരിദ്ര്യം ഭവിക്കുന്നു. ഉദാരമായി ദാനം ചെയ്യുന്നവൻ സമ്പന്നനായിത്തീരുന്നു. അന്യരെ ആശ്വസിപ്പിക്കുന്നവന് ആശ്വാസം ലഭിക്കും. ധാന്യം പൂഴ്ത്തിവയ്‍ക്കുന്നവനെ ജനം ശപിക്കും; അതു വില്‌ക്കുന്നവനെ അവർ അനുഗ്രഹിക്കും. ഉത്സാഹത്തോടെ നന്മ നേടുന്നവൻ സംപ്രീതി നേടുന്നു. തിന്മ തേടുന്നവന് അതുതന്നെ ഭവിക്കുന്നു. സമ്പത്തിൽ ആശ്രയിക്കുന്നവൻ കുഴഞ്ഞുവീഴുന്നു; നീതിമാനാകട്ടെ പച്ചിലപോലെ തഴയ്‍ക്കും. സ്വന്തം ഭവനത്തെ ദ്രോഹിക്കുന്നവന് ഒന്നും അവശേഷിക്കുകയില്ല; ഭോഷൻ ജ്ഞാനിയുടെ ദാസനായിത്തീരും. നീതിമാന്റെ പ്രതിഫലം ജീവവൃക്ഷമാകുന്നു; എന്നാൽ അക്രമം ജീവനൊടുക്കുന്നു. നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നുവെങ്കിൽ പാപിക്കും ദുഷ്ടനും ലഭിക്കുന്ന ശിക്ഷ എത്രയധികമായിരിക്കും.