YouVersion Logo
Search Icon

FILIPI 4:10-20

FILIPI 4:10-20 MALCLBSI

എന്നെക്കുറിച്ചുള്ള നിങ്ങളുടെ താത്പര്യം ഇപ്പോഴും സജീവമായിരിക്കുന്നതിനാൽ കർത്താവിനോട് ഐക്യപ്പെട്ടുള്ള എന്റെ ജീവിതത്തിൽ ഞാൻ അത്യധികം ആനന്ദിക്കുന്നു. യഥാർഥത്തിൽ നിങ്ങൾ എന്നും എന്റെ കാര്യത്തിൽ തത്പരരായിരുന്നു. പക്ഷേ, നിങ്ങളുടെ താത്പര്യം പ്രകടിപ്പിക്കുവാനുള്ള അവസരം മുമ്പുണ്ടായിട്ടില്ല. എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടല്ല ഞാനിതു പറയുന്നത്. ഏതവസ്ഥയിലും സംതൃപ്തനായിരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. സുഭിക്ഷതയിലും ദുർഭിക്ഷതയിലും കഴിയാൻ എനിക്കറിയാം. എന്നല്ല എല്ലാ സാഹചര്യങ്ങളിലും, വിഭവസമൃദ്ധിയെയും വിശപ്പിനെയും, ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും അഭിമുഖീകരിക്കുവാൻ ഞാൻ പഠിച്ചിട്ടുണ്ട്. എന്നെ ശക്തനാക്കുന്നവൻ മുഖേന എല്ലാം ചെയ്യുവാൻ എനിക്കു കഴിയും. എന്നിരുന്നാലും എന്റെ പ്രയാസത്തിൽ പങ്കുചേർന്ന് നിങ്ങൾ എന്നോട് ഔദാര്യം കാട്ടിയിരിക്കുന്നു. ഫിലിപ്പിയിലെ സഹോദരരേ, സുവിശേഷഘോഷണത്തിന്റെ ആരംഭത്തിൽ ഞാൻ മാസിഡോണിയയിൽനിന്നു പുറപ്പെട്ടപ്പോൾ നിങ്ങളല്ലാതെ മറ്റൊരു സഭയും വരവുചെലവു കാര്യങ്ങളിൽ എന്നോടു സഹകരിച്ചില്ലെന്നുള്ളത് നിങ്ങൾക്ക് അറിയാമല്ലോ. ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾപോലും, എന്റെ ആവശ്യങ്ങളിൽ നിങ്ങൾ എനിക്കു പലവട്ടം സഹായം എത്തിച്ചുതന്നു. ദാനം ഞാൻ ആഗ്രഹിക്കുന്നു എന്നു വിചാരിക്കരുത്. പിന്നെയോ, നിങ്ങളുടെ കണക്കിൽ വർധിച്ചുവരുന്ന പ്രതിഫലമത്രേ ഞാൻ ആഗ്രഹിക്കുന്നത്. എനിക്കു വേണ്ടതും അതിലധികവും ലഭിച്ചിരിക്കുന്നു. നിങ്ങൾ എപ്പഫ്രൊദിത്തോസിന്റെ കൈയിൽ കൊടുത്തയച്ച സംഭാവന സ്വീകരിച്ച് ഞാൻ സംതൃപ്തനായിരിക്കുന്നു. അതു ദൈവത്തിനു പ്രസാദകരവും സ്വീകാര്യവുമായ യാഗവും, സുരഭിലമായ നിവേദ്യവും ആകുന്നു. എന്റെ ദൈവം ക്രിസ്തുയേശുവിലൂടെ അവിടുത്തെ മഹത്ത്വത്തിന്റെ സമൃദ്ധിക്കൊത്തവണ്ണം നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റും. നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.