FILIPI 2
2
ക്രിസ്തുവിന്റെ വിനയവും മഹിമയും
1-2ക്രിസ്തുവിൽ വല്ല ഉത്തേജനവും ഉണ്ടെങ്കിൽ, സ്നേഹത്തിന്റെ വല്ല പ്രചോദനവും ഉണ്ടെങ്കിൽ, ആത്മാവിൽ വല്ല കൂട്ടായ്മയും ഉണ്ടെങ്കിൽ, വല്ല പ്രീതിവാത്സല്യവും സഹാനുഭൂതിയും ഉണ്ടെങ്കിൽ, നിങ്ങൾ ഏകമനസ്സും ഏകസ്നേഹവും ഉള്ളവരായി ഒത്തിണങ്ങി, ഏകീഭാവത്തോടുകൂടി വർത്തിച്ച് എന്റെ ആനന്ദം പൂർണമാക്കുക. 3മാത്സര്യത്താലോ, ദുരഭിമാനത്താലോ ഒന്നും ചെയ്യരുത്. മറ്റുള്ളവർ നിങ്ങളെക്കാൾ ശ്രേഷ്ഠരാണെന്നു വിനയപൂർവം കരുതിക്കൊള്ളണം. 4ഓരോരുത്തരും സ്വന്തതാത്പര്യം മാത്രമല്ല മറ്റുള്ളവരുടെ താത്പര്യംകൂടി നോക്കണം. 5ക്രിസ്തുയേശുവിനുണ്ടായിരുന്ന മനോഭാവം തന്നെ നിങ്ങൾക്കും ഉണ്ടായിരിക്കട്ടെ.
6അവിടുത്തെ പ്രകൃതി ദൈവത്തിന്റെ തനിമയായിരുന്നെങ്കിലും,
അവിടുന്നു ദൈവത്തോടുള്ള സമത്വം
മുറുകെ പിടിക്കണമെന്നു വിചാരിച്ചില്ല.
7അവിടുന്നു സ്വയം ശൂന്യമാക്കിക്കൊണ്ട്
ദാസരൂപം പൂണ്ട്, മനുഷ്യനായി ജന്മമെടുത്തു;
ബാഹ്യരൂപത്തിൽ മനുഷ്യനായി
കാണപ്പെടുകയും ചെയ്തു.
8അങ്ങനെ അവിടുന്നു തന്നെത്താൻ താഴ്ത്തി,
മരണത്തോളം എന്നല്ല
കുരിശിലെ മരണത്തോളംതന്നെ,
അനുസരണമുള്ളവനായിത്തീർന്നു.
9അതിനാൽ ദൈവം അവിടുത്തെ ഏറ്റവും
സമുന്നത പദത്തിലേക്കുയർത്തി,
സകല നാമങ്ങൾക്കും മീതെയുള്ള നാമം നല്‌കി.
10അങ്ങനെ യേശുവിന്റെ ശ്രേഷ്ഠനാമത്തെ ആദരിച്ച്
അവിടുത്തെ സ്വർഗത്തിലും ഭൂമിയിലും
അധോലോകത്തിലുമുള്ള
എല്ലാവരും മുട്ടുകുത്തി നമസ്കരിക്കുകയും
11പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി,
യേശുക്രിസ്തു കർത്താവെന്ന്
എല്ലാനാവും ഏറ്റുപറയുകയും ചെയ്യുന്നു.
വിളക്കുകൾപോലെ പ്രകാശിക്കുക
12പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ എപ്പോഴും എന്നെ അനുസരിച്ചിട്ടുള്ളതുപോലെ, ഇപ്പോൾ എന്റെ സാന്നിധ്യത്തിൽ മാത്രമല്ല, അതിലേറെ എന്റെ അസാന്നിധ്യത്തിലും, നിങ്ങളുടെ രക്ഷ സ്വായത്തമാക്കുന്നതിനുവേണ്ടി ഭയത്തോടും വിറയലോടുംകൂടി പൂർവാധികം യത്നിക്കുക. 13ദൈവഹിതപ്രകാരം ഇച്ഛിക്കുകയും പ്രവർത്തിക്കുകയും ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നത് നിങ്ങളിൽ വർത്തിക്കുന്ന ദൈവമാണല്ലോ.
14എല്ലാ കാര്യങ്ങളും പിറുപിറുപ്പും തർക്കവും കൂടാതെ ചെയ്യുക. 15അങ്ങനെ വക്രതയും കുടിലതയും നിറഞ്ഞ തലമുറയുടെ നടുവിൽ നിങ്ങൾ കളങ്കമറ്റ ദൈവമക്കളായി, നിർമ്മലരും അനിന്ദ്യരും ആയിത്തീരണം; 16ലോകത്തിൽ ജീവന്റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ദീപങ്ങളെപ്പോലെ പ്രകാശിക്കുകയും വേണം. അങ്ങനെ ഞാൻ ഓടിയതും അധ്വാനിച്ചതും വ്യർഥമായില്ല എന്നു ക്രിസ്തുവിന്റെ പ്രത്യാഗമനനാളിൽ എനിക്ക് അഭിമാനിക്കുവാൻ ഇടയാകും.
17നിങ്ങളുടെ വിശ്വാസത്തിന്റെ ബലിവേദിയിൽ എന്റെ ജീവരക്തം നിവേദിക്കേണ്ടി വന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളെല്ലാവരോടുംകൂടി ഞാൻ ആനന്ദിക്കും. 18അതുപോലെ തന്നെ നിങ്ങളും എന്നോടുകൂടി സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യണം.
തിമൊഥെയോസും എപ്പഫ്രൊദിത്തോസും
19നിങ്ങളുടെ വിവരങ്ങൾ അറിഞ്ഞു സന്തോഷിക്കേണ്ടതിന് തിമൊഥെയോസിനെ എത്രയുംവേഗം അങ്ങോട്ടയയ്‍ക്കാമെന്നു ഞാൻ കർത്താവായ യേശുവിൽ പ്രത്യാശിക്കുന്നു. 20അയാളെപ്പോലെ നിങ്ങളുടെ ക്ഷേമത്തിൽ താത്പര്യമുള്ള വേറൊരാളെ അയയ്‍ക്കുവാൻ എനിക്കില്ല. 21മറ്റുള്ള എല്ലാവരും യേശുക്രിസ്തുവിന്റെ കാര്യമല്ല, അവനവന്റെ കാര്യമാണു നോക്കുന്നത്. 22എന്നാൽ സുവിശേഷഘോഷണത്തിൽ ഒരു മകൻ അപ്പന്റെ കൂടെ എന്നവണ്ണം എന്നോടൊപ്പം സേവനം അനുഷ്ഠിച്ച തിമൊഥെയോസിന്റെ യോഗ്യത നിങ്ങൾക്ക് അറിയാമല്ലോ. 23അതുകൊണ്ട് എന്റെ കാര്യം എങ്ങനെ ആകും എന്ന് അറിഞ്ഞാലുടൻ അയാളെ അങ്ങോട്ടയയ്‍ക്കാമെന്ന് ആശിക്കുന്നു. 24ഞാനും കാലവിളംബംകൂടാതെ വരാമെന്നു കർത്താവിൽ പ്രതീക്ഷിക്കുന്നു.
25എന്റെ സഹോദരനും, സഹപ്രവർത്തകനും, സഹഭടനും, എന്റെ ആവശ്യങ്ങളിൽ എന്നെ പരിചരിക്കുന്നതിനായി നിങ്ങൾ അയച്ചവനുമായ എപ്പഫ്രൊദിത്തോസിനെ നിങ്ങളുടെ അടുക്കൽ തിരിച്ച് അയയ്‍ക്കേണ്ടത് ആവശ്യം എന്ന് എനിക്കു തോന്നി. 26നിങ്ങളെ എല്ലാവരെയും കാണാൻ അയാൾ അതിയായി ആഗ്രഹിക്കുന്നു. മാത്രമല്ല, താൻ രോഗശയ്യയിലായിരുന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ട് അയാൾ അത്യന്തം അസ്വസ്ഥനാകുകയും ചെയ്യുന്നു. 27വാസ്തവത്തിൽ അയാൾ രോഗാധീനനായി മരണത്തിന്റെ വക്കുവരെ എത്തിയതായിരുന്നു. എങ്കിലും ദൈവത്തിന് അയാളോടു കരുണ തോന്നി. അയാളോടു മാത്രമല്ല എന്നോടും. അങ്ങനെ ഒരു ദുഃഖത്തിന്റെ പുറത്തു മറ്റൊന്നുകൂടി വരാനിടയായില്ല. 28അങ്ങനെ അയാളെ വീണ്ടും കണ്ട് നിങ്ങൾ സന്തോഷിക്കുന്നതിനും എന്റെ ഉൽക്കണ്ഠ കുറയുന്നതിനുംവേണ്ടി അയാളെ നിങ്ങളുടെ അടുക്കലേക്ക് അയയ്‍ക്കുന്നു. 29കർത്താവിൽ ഒരു സഹോദരനെപ്പോലെ നിങ്ങൾ അയാളെ സന്തോഷപൂർവം സ്വീകരിക്കണം. അയാളെപ്പോലെയുള്ളവരെ ആദരിക്കണം; 30എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷ പൂർത്തീകരിക്കുവാൻ ക്രിസ്തുവിന്റെ വേല ചെയ്യുന്നതിനു തന്റെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് മരണത്തിന്റെ വക്കുവരെ അയാൾ എത്തിയല്ലോ.
Currently Selected:
FILIPI 2: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.