FILIPI 2:12-18
FILIPI 2:12-18 MALCLBSI
പ്രിയ സുഹൃത്തുക്കളേ, നിങ്ങൾ എപ്പോഴും എന്നെ അനുസരിച്ചിട്ടുള്ളതുപോലെ, ഇപ്പോൾ എന്റെ സാന്നിധ്യത്തിൽ മാത്രമല്ല, അതിലേറെ എന്റെ അസാന്നിധ്യത്തിലും, നിങ്ങളുടെ രക്ഷ സ്വായത്തമാക്കുന്നതിനുവേണ്ടി ഭയത്തോടും വിറയലോടുംകൂടി പൂർവാധികം യത്നിക്കുക. ദൈവഹിതപ്രകാരം ഇച്ഛിക്കുകയും പ്രവർത്തിക്കുകയും ചെയ്യുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നത് നിങ്ങളിൽ വർത്തിക്കുന്ന ദൈവമാണല്ലോ. എല്ലാ കാര്യങ്ങളും പിറുപിറുപ്പും തർക്കവും കൂടാതെ ചെയ്യുക. അങ്ങനെ വക്രതയും കുടിലതയും നിറഞ്ഞ തലമുറയുടെ നടുവിൽ നിങ്ങൾ കളങ്കമറ്റ ദൈവമക്കളായി, നിർമ്മലരും അനിന്ദ്യരും ആയിത്തീരണം; ലോകത്തിൽ ജീവന്റെ വചനം മുറുകെപ്പിടിച്ചുകൊണ്ട് ദീപങ്ങളെപ്പോലെ പ്രകാശിക്കുകയും വേണം. അങ്ങനെ ഞാൻ ഓടിയതും അധ്വാനിച്ചതും വ്യർഥമായില്ല എന്നു ക്രിസ്തുവിന്റെ പ്രത്യാഗമനനാളിൽ എനിക്ക് അഭിമാനിക്കുവാൻ ഇടയാകും. നിങ്ങളുടെ വിശ്വാസത്തിന്റെ ബലിവേദിയിൽ എന്റെ ജീവരക്തം നിവേദിക്കേണ്ടി വന്നാലും ഞാൻ സന്തോഷിക്കും; നിങ്ങളെല്ലാവരോടുംകൂടി ഞാൻ ആനന്ദിക്കും. അതുപോലെ തന്നെ നിങ്ങളും എന്നോടുകൂടി സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യണം.