FILIPI 1
1
1ക്രിസ്തുയേശുവിന്റെ സേവകരായ പൗലൊസും തിമൊഥെയോസും, ഫിലിപ്പിയിലെ സഭാമേലധ്യക്ഷന്മാർക്കും ശുശ്രൂഷകർക്കും ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിട്ടുള്ള സകല ദൈവജനങ്ങൾക്കും എഴുതുന്നത്:
2നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ലഭിക്കട്ടെ.
ഫിലിപ്പിയിലെ സഭയ്‍ക്കു വേണ്ടിയുള്ള പ്രാർഥന
3നിങ്ങളെ ഓർമിക്കുമ്പോഴെല്ലാം എന്റെ ദൈവത്തിനു ഞാൻ സ്തോത്രം ചെയ്യുന്നു. 4നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഞാൻ പ്രാർഥിക്കുമ്പോഴെല്ലാം ആനന്ദത്തോടുകൂടിയാണു പ്രാർഥിക്കുന്നത്. 5-6ആദിമുതൽ ഇന്നുവരെയും സുവിശേഷ പ്രചാരണത്തിൽ നിങ്ങൾ വഹിച്ചിട്ടുള്ള പങ്കിൽ ദൈവത്തോടു ഞാൻ അതീവ കൃതജ്ഞനുമാണ്. ഈ നല്ല പ്രവൃത്തി നിങ്ങളിൽ ആരംഭിച്ച ദൈവം, ക്രിസ്തുയേശുവിന്റെ പ്രത്യാഗമനനാൾവരെ, അതു തുടർന്നു പൂർത്തിയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 7നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കുന്നതുകൊണ്ട്, നിങ്ങളെപ്പറ്റി ഇപ്രകാരമെല്ലാം വിചാരിക്കുന്നത് യുക്തമാണല്ലോ. എന്തുകൊണ്ടെന്നാൽ എന്റെ കാരാഗൃഹവാസത്തിലും അതുപോലെ തന്നെ സുവിശേഷത്തിനുവേണ്ടി പ്രതിവാദം നടത്തുകയും അതിനെ ഉറപ്പിക്കുകയും ചെയ്യുവാൻ ദൈവം എനിക്കു നല്‌കിയ ഈ പദവിയിലും നിങ്ങളെല്ലാവരും പങ്കാളികളായിരുന്നല്ലോ. 8ക്രിസ്തുയേശുവിന്റെ പ്രീതിവാത്സല്യങ്ങളോടുകൂടി നിങ്ങളെ എല്ലാവരെയും കാണുവാൻ ഞാൻ എത്ര അധികമായി ആഗ്രഹിക്കുന്നു എന്നതിന് എന്റെ ദൈവം സാക്ഷി.
9-10ഉത്തമമായതു തിരഞ്ഞെടുക്കുവാൻ നിങ്ങൾ പ്രാപ്തരാകുന്നതിനു പര്യാപ്തമായ പരിജ്ഞാനത്തോടും, വിവേചനബുദ്ധിയോടുംകൂടി നിങ്ങളുടെ സ്നേഹം മേല്‌ക്കുമേൽ വർധിച്ചുവരട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങനെ ക്രിസ്തുവിന്റെ പ്രത്യാഗമനദിവസത്തിൽ നിങ്ങൾ വിശുദ്ധിയും നൈർമല്യവും ഉള്ളവരായിത്തീരും. 11ദൈവത്തിന്റെ മഹത്ത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവിൽകൂടി ദൈവം നമ്മെ സ്വീകരിക്കുന്നതിന്റെ ഫലങ്ങൾകൊണ്ട് നിങ്ങൾ നിറയുകയും ചെയ്യും.
എന്റെ ജീവൻ ക്രിസ്തു
12സഹോദരരേ, എനിക്കു സംഭവിച്ചതെല്ലാം യഥാർഥത്തിൽ സുവിശേഷത്തിന്റെ പുരോഗതിക്കു സഹായകരമായിത്തീർന്നു എന്നു നിങ്ങൾ മനസ്സിലാക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. 13ക്രിസ്തുവിനെപ്രതിയാണ് ഞാൻ കാരാഗൃഹത്തിൽ ആയിരിക്കുന്നത് എന്ന് എല്ലാ അകമ്പടിപ്പട്ടാളക്കാർക്കും ഇവിടെയുള്ള മറ്റെല്ലാവർക്കും ബോധ്യമായിരിക്കുന്നു. 14ഞാൻ തടവിലായതു മൂലം സഹോദരന്മാരിൽ മിക്കപേർക്കും കർത്താവിലുള്ള വിശ്വാസം ഉറയ്‍ക്കുകയും ദൈവത്തിന്റെ സന്ദേശം നിർഭയം പ്രഘോഷിക്കുന്നതിനുള്ള ധൈര്യം വർധിക്കുകയും ചെയ്തിരിക്കുന്നു.
15ചിലർ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നത് അസൂയയും പിണക്കവും കൊണ്ടാണെന്ന് വ്യക്തമാണ്. മറ്റു ചിലരാകട്ടെ ആത്മാർഥമായ സന്മനസ്സോടുകൂടി പ്രസംഗിക്കുന്നു. 16എന്നോടുള്ള സ്നേഹത്തിന്റെ പേരിലാണ് അവർ അപ്രകാരം ചെയ്യുന്നത്. എന്തെന്നാൽ സുവിശേഷത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്ന് അവർക്കറിയാം. 17ആദ്യത്തെ കൂട്ടർ ആത്മാർഥതകൊണ്ടല്ല പിന്നെയോ കക്ഷിതാത്പര്യംകൊണ്ടാണ് ക്രിസ്തുവിനെ വിളംബരം ചെയ്യുന്നത്; ബന്ധനസ്ഥനായ എന്നെ കൂടുതൽ ക്ലേശിപ്പിക്കാമെന്നത്രേ അവർ കരുതുന്നത്.
18അതു സാരമില്ല! ഉദ്ദേശ്യം ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ. എങ്ങനെയായാലും ക്രിസ്തുവിനെക്കുറിച്ചാണല്ലോ പ്രസംഗിക്കുന്നതെന്ന് ഓർക്കുമ്പോൾ എനിക്കു സന്തോഷമേയുള്ളൂ; ഈ സന്തോഷത്തിൽ ഞാൻ തുടരുകയും ചെയ്യും. 19എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ പ്രാർഥനയാലും, യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാൻ വിമോചിതനാകുമെന്ന് എനിക്കറിയാം. 20അങ്ങനെ ഞാൻ അശേഷം ലജ്ജിച്ചുപോകാതെ പൂർണ ധൈര്യത്തോടുകൂടി എപ്പോഴുമെന്നതുപോലെ ഇപ്പോഴും കഴിയുന്നു; ജീവിതത്തിൽകൂടിയാകട്ടെ, മരണത്തിൽകൂടിയാകട്ടെ ക്രിസ്തു എന്നിലൂടെ മഹത്ത്വപ്പെടണമെന്ന് ഞാൻ സർവാത്മനാ പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു. 21ക്രിസ്തുവാണ് എന്റെ ജീവൻ; മരണം എനിക്കു ലാഭവും. 22എന്നാൽ ഇനിയും ജീവിക്കുകയാണെങ്കിൽ കൂടുതൽ ഫലപ്രദമായി പ്രയത്നിക്കുവാൻ കഴിയും. ഇതിൽ ഏതാണു തിരഞ്ഞെടുക്കേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. ഇവയുടെ മധ്യത്തിൽ ഞാൻ വല്ലാതെ ഞെരുങ്ങുന്നു. 23ശരീരത്തോടു വിടവാങ്ങി ക്രിസ്തുവിനോടു ചേരുവാനാണ് ഞാൻ അഭിവാഞ്ഛിക്കുന്നത്. അതാണല്ലോ കൂടുതൽ അഭികാമ്യം. 24എന്നാൽ നിങ്ങളെപ്രതി ഞാൻ ശരീരത്തോടുകൂടി ഇരിക്കേണ്ടത് അതിലേറെ ആവശ്യം. 25ഈ ബോധ്യത്തോടുകൂടി നിങ്ങളുടെ അഭിവൃദ്ധിക്കും വിശ്വാസത്തിലുള്ള ആനന്ദത്തിനുവേണ്ടി ഞാൻ ജീവനോടെ ശേഷിക്കുമെന്നും നിങ്ങളെല്ലാവരോടുംകൂടി ഉണ്ടായിരിക്കുമെന്നും എനിക്കുറപ്പുണ്ട്. 26അങ്ങനെ ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നതുകൊണ്ട്, ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ ഞാൻ നിമിത്തം നിങ്ങൾക്ക് അഭിമാനിക്കുവാൻ വേണ്ടുവോളം വകയുണ്ടാകും.
27-28നിങ്ങൾ ക്രിസ്തുവിന്റെ സുവിശേഷത്തിനു യോഗ്യമായവിധം ജീവിക്കണമെന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ ഞാൻ വന്നു നിങ്ങളെ കാണുകയോ, അഥവാ വരാതെ നിങ്ങളെക്കുറിച്ചു കേൾക്കുകയോ ചെയ്താലും, നിങ്ങൾ ഏകാത്മാവോടും ഏകമനസ്സോടുംകൂടി ഉറച്ചുനിന്നുകൊണ്ട് സുവിശേഷത്തിന്റെ വിശ്വാസത്തിനുവേണ്ടി പോരാടുന്നു എന്നും, ഒരു കാര്യത്തിലും ശത്രുക്കൾ നിങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നും, നിങ്ങളെക്കുറിച്ച് അറിയുവാൻ എനിക്ക് ഇടയാകട്ടെ. നിങ്ങളുടെ പോരാട്ടം അവരുടെ നാശത്തിനും, പ്രത്യുത നിങ്ങളുടെ രക്ഷയ്‍ക്കും ദൈവത്തിൽ നിന്നുള്ള അടയാളമാകുന്നു. 29ക്രിസ്തുവിൽ വിശ്വസിക്കുവാൻ മാത്രമല്ല, അവിടുത്തെ പ്രതി കഷ്ടത സഹിക്കുവാൻകൂടി ഉള്ള വരം ദൈവം നിങ്ങൾക്കു നല്‌കിയിരിക്കുന്നു. 30എന്നിൽ നിങ്ങൾ കണ്ടതും, ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടത്തിൽ തന്നെയാണല്ലോ നിങ്ങൾ ഏർപ്പെട്ടിരിക്കുന്നത്.
Currently Selected:
FILIPI 1: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.