FILIPI 1:3-11
FILIPI 1:3-11 MALCLBSI
നിങ്ങളെ ഓർമിക്കുമ്പോഴെല്ലാം എന്റെ ദൈവത്തിനു ഞാൻ സ്തോത്രം ചെയ്യുന്നു. നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഞാൻ പ്രാർഥിക്കുമ്പോഴെല്ലാം ആനന്ദത്തോടുകൂടിയാണു പ്രാർഥിക്കുന്നത്. ആദിമുതൽ ഇന്നുവരെയും സുവിശേഷ പ്രചാരണത്തിൽ നിങ്ങൾ വഹിച്ചിട്ടുള്ള പങ്കിൽ ദൈവത്തോടു ഞാൻ അതീവ കൃതജ്ഞനുമാണ്. ഈ നല്ല പ്രവൃത്തി നിങ്ങളിൽ ആരംഭിച്ച ദൈവം, ക്രിസ്തുയേശുവിന്റെ പ്രത്യാഗമനനാൾവരെ, അതു തുടർന്നു പൂർത്തിയാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിൽ വഹിച്ചിരിക്കുന്നതുകൊണ്ട്, നിങ്ങളെപ്പറ്റി ഇപ്രകാരമെല്ലാം വിചാരിക്കുന്നത് യുക്തമാണല്ലോ. എന്തുകൊണ്ടെന്നാൽ എന്റെ കാരാഗൃഹവാസത്തിലും അതുപോലെ തന്നെ സുവിശേഷത്തിനുവേണ്ടി പ്രതിവാദം നടത്തുകയും അതിനെ ഉറപ്പിക്കുകയും ചെയ്യുവാൻ ദൈവം എനിക്കു നല്‌കിയ ഈ പദവിയിലും നിങ്ങളെല്ലാവരും പങ്കാളികളായിരുന്നല്ലോ. ക്രിസ്തുയേശുവിന്റെ പ്രീതിവാത്സല്യങ്ങളോടുകൂടി നിങ്ങളെ എല്ലാവരെയും കാണുവാൻ ഞാൻ എത്ര അധികമായി ആഗ്രഹിക്കുന്നു എന്നതിന് എന്റെ ദൈവം സാക്ഷി. ഉത്തമമായതു തിരഞ്ഞെടുക്കുവാൻ നിങ്ങൾ പ്രാപ്തരാകുന്നതിനു പര്യാപ്തമായ പരിജ്ഞാനത്തോടും, വിവേചനബുദ്ധിയോടുംകൂടി നിങ്ങളുടെ സ്നേഹം മേല്‌ക്കുമേൽ വർധിച്ചുവരട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു. അങ്ങനെ ക്രിസ്തുവിന്റെ പ്രത്യാഗമനദിവസത്തിൽ നിങ്ങൾ വിശുദ്ധിയും നൈർമല്യവും ഉള്ളവരായിത്തീരും. ദൈവത്തിന്റെ മഹത്ത്വത്തിനും സ്തുതിക്കുംവേണ്ടി യേശുക്രിസ്തുവിൽകൂടി ദൈവം നമ്മെ സ്വീകരിക്കുന്നതിന്റെ ഫലങ്ങൾകൊണ്ട് നിങ്ങൾ നിറയുകയും ചെയ്യും.