YouVersion Logo
Search Icon

NUMBERS 9:15-23

NUMBERS 9:15-23 MALCLBSI

തിരുസാന്നിധ്യകൂടാരം ഉയർത്തിയ ദിവസം ഒരു മേഘം വന്നു കൂടാരത്തെ മൂടി. സന്ധ്യമുതൽ പ്രഭാതംവരെ അതു കൂടാരത്തിന്റെ മുകളിൽ അഗ്നിപോലെ പ്രകാശിച്ചു. അത് അങ്ങനെതന്നെ തുടർന്നു. പകൽ മേഘം കൂടാരത്തെ മൂടുകയും രാത്രിയിൽ അത് അഗ്നിപോലെ കാണുകയും ചെയ്തു. മേഘം തിരുസാന്നിധ്യകൂടാരത്തിൽനിന്ന് ഉയരുമ്പോൾ അവർ യാത്ര ആരംഭിക്കും; മേഘം താഴുമ്പോൾ ഇസ്രായേൽജനം പാളയമടിക്കും. സർവേശ്വരന്റെ കല്പനയനുസരിച്ച് ഇസ്രായേൽജനം യാത്ര പുറപ്പെടുകയും പാളയമടിക്കുകയും ചെയ്തു. മേഘം തിരുസാന്നിധ്യകൂടാരത്തിന്റെ മുകളിൽ ആയിരിക്കുന്നിടത്തോളം സമയം അവർ പാളയത്തിൽത്തന്നെ പാർക്കും. മേഘം കൂടാരത്തിന്റെ മുകളിൽനിന്ന് അനേകം ദിവസങ്ങൾ മാറാതെ നിന്നാൽ ഇസ്രായേൽജനം സർവേശ്വരന്റെ കല്പനയനുസരിച്ചു യാത്ര ചെയ്യാതിരിക്കും. ചിലപ്പോൾ കുറെ ദിവസത്തേക്കു മാത്രമേ മേഘം കൂടാരത്തിന്റെ മുകളിൽ ഉണ്ടായിരിക്കുകയുള്ളൂ. അപ്പോൾ സർവേശ്വരന്റെ കല്പനപോലെ അവർ പാളയമടിക്കും; അവിടുത്തെ കല്പന ലഭിക്കുമ്പോൾ അവർ പുറപ്പെടുകയും ചെയ്യും. ചിലപ്പോൾ മേഘം കൂടാരത്തിന്റെമേൽ സന്ധ്യമുതൽ പ്രഭാതംവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ; പ്രഭാതസമയത്തു മേഘം നീങ്ങിക്കഴിയുമ്പോൾ അവർ യാത്ര പുറപ്പെടും; രാപ്പകൽ ഭേദംകൂടാതെ മേഘം നീങ്ങുമ്പോൾ അവർ യാത്ര പുറപ്പെടും. മേഘം രണ്ടു ദിവസമോ ഒരു മാസമോ ഒരു വർഷമോ അതിൽ കൂടുതലോ കാലം കൂടാരത്തിനു മുകളിൽ നിന്നാലും അവർ യാത്ര പുറപ്പെടാതെ പാളയത്തിൽത്തന്നെ വസിക്കും. എന്നാൽ മേഘം ഉയരുമ്പോൾ അവർ യാത്ര പുറപ്പെടും. സർവേശ്വരന്റെ കല്പനയനുസരിച്ചുതന്നെയാണ് അവർ പാളയമടിക്കുകയും യാത്ര പുറപ്പെടുകയും ചെയ്തത്; മോശയിൽക്കൂടി അവിടുന്നു നല്‌കിയ കല്പനകൾ അവർ അനുസരിച്ചു.

Video for NUMBERS 9:15-23