NUMBERS 5
5
അശുദ്ധരായ ജനം
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“കുഷ്ഠരോഗികളെയും ഏതെങ്കിലും സ്രവം ഉള്ളവരെയും ശവത്തെ സ്പർശിച്ച് അശുദ്ധരായവരെയും പാളയത്തിൽനിന്നു പുറത്താക്കാൻ ഇസ്രായേൽജനത്തോടു കല്പിക്കുക. 3സ്‍ത്രീപുരുഷഭേദമെന്യേ അവരെ പാളയത്തിൽനിന്നു പുറത്താക്കണം. അല്ലെങ്കിൽ ഞാൻ വസിക്കുന്ന അവരുടെ പാളയങ്ങൾ അശുദ്ധമാകാനിടയാകും. 4അവിടുന്നു മോശയോടു കല്പിച്ചതുപോലെ ഇസ്രായേൽജനം പ്രവർത്തിച്ചു. അവരെ തങ്ങളുടെ പാളയത്തിൽനിന്നു പുറത്താക്കി.”
പ്രായശ്ചിത്തം
5സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 6“ഇസ്രായേൽജനത്തോടു കല്പിക്കുക, സർവേശ്വരനോട് അവിശ്വസ്തരായി ആരോടെങ്കിലും തെറ്റുചെയ്യുന്ന പുരുഷനോ സ്‍ത്രീയോ കുറ്റക്കാരാണ്. 7ചെയ്ത പാപം അവർ ഏറ്റുപറയണം. കുറ്റത്തിനുള്ള പ്രായശ്ചിത്തമായി മുതലും അതിന്റെ അഞ്ചിൽ ഒരു ഭാഗവും കൂടി താൻ ആരോടു തെറ്റുചെയ്തുവോ അവർക്കു നല്‌കണം. 8ഈ പ്രായശ്ചിത്തം സ്വീകരിക്കുന്നതിനു ബന്ധുക്കൾ ആരുമില്ലെങ്കിൽ അതു സർവേശ്വരനു സമർപ്പിക്കണം. അതു പുരോഹിതനുള്ളതാണ്. കുറ്റം ചെയ്ത ആൾക്കുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കുന്ന ആട്ടുകൊറ്റനു പുറമെയാണ് ഇത്. 9പുരോഹിതന്റെ അടുക്കൽ ഇസ്രായേൽജനം കൊണ്ടുവരുന്ന എല്ലാ വഴിപാടുകളും എല്ലാ വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതാണ്. 10ജനങ്ങൾ അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതായിരിക്കും. പുരോഹിതനു നല്‌കുന്നതെന്തും അയാൾക്കുള്ളതാണ്.”
ഭാര്യയെ സംശയിച്ചാൽ
11സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 12“ഇസ്രായേൽജനത്തോടു പറയുക, ഒരുവന്റെ ഭാര്യ വഴിപിഴച്ച് അയാളോട് അവിശ്വസ്തയായി പെരുമാറുകയും 13മറ്റൊരാളോടുകൂടി അവൾ ശയിക്കുകയും, അതു ഭർത്താവിൽനിന്നു മറച്ചുവയ്‍ക്കുകയും, അവൾ അശുദ്ധയെങ്കിലും ആ പ്രവൃത്തിസമയത്തു പിടിക്കപ്പെടാതിരുന്നതുകൊണ്ട്, അവൾക്കെതിരായി സാക്ഷികൾ ഇല്ലാതിരിക്കയും ചെയ്തെന്നു വരാം. 14അശുദ്ധയായ ഭാര്യയെ സംശയിക്കുകയോ, അശുദ്ധയല്ലെങ്കിലും ജാരശങ്കപൂണ്ട് ഭാര്യയെ സംശയിക്കുകയോ ചെയ്യുന്ന ഭർത്താവ്, 15ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുപോകുകയും അവൾക്കുവേണ്ടി വഴിപാടായി ഒരു ഇടങ്ങഴി ബാർലിപ്പൊടി കൊണ്ടുവരികയും വേണം. അതിന്മേൽ ഒലിവെണ്ണ ഒഴിക്കുകയോ കുന്തുരുക്കം വയ്‍ക്കുകയോ അരുത്; കാരണം അതു സംശയനിവാരണത്തിനുള്ള ധാന്യയാഗമാകുന്നു. അപരാധബോധം ഉളവാക്കാനുള്ള ധാന്യയാഗംതന്നെ. 16“പുരോഹിതൻ അവളെ മുമ്പോട്ടു കൊണ്ടുവന്നു സർവേശ്വരസന്നിധിയിൽ നിർത്തണം; 17അദ്ദേഹം ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുത്തു തിരുസാന്നിധ്യകൂടാരത്തിന്റെ തറയിൽനിന്നു കുറച്ചു പൂഴി എടുത്ത് അതിൽ ഇടണം. 18പുരോഹിതൻ അവളെ സർവേശ്വരസന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ചിട്ടതിനുശേഷം അപരാധബോധം ഉളവാക്കുന്ന ധാന്യയാഗം, ജാരശങ്കയ്‍ക്കുള്ള ധാന്യയാഗത്തിനുള്ള മാവ് എന്നിവ അവളുടെ കൈയിൽ വയ്‍ക്കണം. പുരോഹിതന്റെ കൈയിൽ ശാപം വരുത്തുന്ന കയ്പുനീര് ഉണ്ടായിരിക്കണം. 19പുരോഹിതൻ അവളെക്കൊണ്ടു സത്യം ചെയ്യിച്ചശേഷം ഇങ്ങനെ പറയണം: നിനക്കു ഭർത്താവുണ്ടായിരിക്കെ മറ്റാരെങ്കിലും നിന്നോടുകൂടി ശയിക്കുകയോ, അങ്ങനെ നീ അശുദ്ധയാകുകയോ ചെയ്തിട്ടില്ലെങ്കിൽ ശാപം വരുത്തുന്ന ഈ കയ്പുനീര് നിനക്കു യാതൊരു ദോഷവും വരുത്താതിരിക്കട്ടെ. 20എന്നാൽ നിനക്കു ഭർത്താവുണ്ടായിരിക്കെ നീ വഴിപിഴക്കുകയും, മറ്റൊരു പുരുഷൻ നിന്നോടൊത്തു ശയിക്കുകയും അങ്ങനെ നീ അശുദ്ധയാകുകയും ചെയ്തിട്ടുണ്ടെങ്കിൽ, 21പുരോഹിതൻ അവളെക്കൊണ്ട് ശാപസത്യം ചെയ്യിച്ചിട്ട് അവളോട് ഇങ്ങനെ പറയണം: ‘സർവേശ്വരൻ നിന്റെ നാമം സ്വജനത്തിൽ ശാപവും നിന്ദ്യവുമാക്കിത്തീർക്കട്ടെ. അവിടുന്നു നിന്റെ നിതംബം ചുരുക്കുകയും ഉദരം വീർക്കുന്നതിന് ഇടവരുത്തുകയും ചെയ്യട്ടെ. 22ശാപം വരുത്തുന്ന ഈ വെള്ളം ഉദരത്തിൽ പ്രവേശിച്ചു നിന്റെ ഉദരം വീർപ്പിക്കുകയും നിതംബം ശോഷിപ്പിക്കുകയും ചെയ്യട്ടെ.’ അപ്പോൾ ആ സ്‍ത്രീ ‘ആമേൻ, ആമേൻ’ എന്നു പറയണം. 23“പിന്നീട് പുരോഹിതൻ ഈ ശാപവാക്കുകൾ ഒരു പുസ്തകത്തിൽ എഴുതി അതു കയ്പുനീരിൽ കഴുകണം. 24ആ കയ്പുനീര് സ്‍ത്രീയെക്കൊണ്ടു കുടിപ്പിക്കണം. അത് ഉള്ളിൽച്ചെന്ന് അവൾക്ക് അതിവേദന ഉളവാക്കും. 25അവളുടെ കൈയിൽനിന്നു ജാരശങ്കയ്‍ക്കുള്ള ധാന്യയാഗം തിരിച്ചുവാങ്ങി സർവേശ്വരന്റെ മുമ്പിൽ നീരാജനം ചെയ്തിട്ടു യാഗപീഠത്തിൽ സമർപ്പിക്കണം. 26പിന്നീടു മുഴുവനും ദഹിപ്പിക്കുന്നതിന്റെ പ്രതീകമായി ഒരു പിടി മാവെടുത്തു യാഗപീഠത്തിൽ ദഹിപ്പിക്കണം. അതിനുശേഷമാണു കയ്പുനീര് അവളെ കുടിപ്പിക്കേണ്ടത്. 27ഈ നീര് പുരോഹിതൻ അവളെ കുടിപ്പിക്കുമ്പോൾ ഭർത്താവിനോട് അവൾ അവിശ്വസ്തത കാണിച്ച് അശുദ്ധയായിത്തീർന്നിട്ടുണ്ടെങ്കിൽ, ശാപം വരുത്തുന്ന വെള്ളം ഉള്ളിൽ കടന്ന് അവളുടെ ഉദരത്തിൽ അതിവേദന ഉണ്ടാക്കും; അവളുടെ നിതംബം ചുരുങ്ങുകയും, ഉദരം വീർക്കുകയും സ്വജനത്തിന്റെ ഇടയിൽ അവൾ മലിനയായിത്തീരുകയും ചെയ്യും. 28എന്നാൽ ആ സ്‍ത്രീ നിർമ്മലയാണെങ്കിൽ ഒരു ദോഷവും ഭവിക്കുകയില്ല; അവൾക്കു മക്കൾ ഉണ്ടാകുകയും ചെയ്യും. 29ഭാര്യ വഴിപിഴച്ച് അശുദ്ധയായിത്തീർന്നു എന്ന സംശയം ഭർത്താവിനുണ്ടായാൽ അയാൾ അനുഷ്ഠിക്കേണ്ട നിയമം ഇതാകുന്നു. 30ഒരാൾക്കു ഭാര്യയുടെ ചാരിത്ര്യത്തിൽ ജാരശങ്കയുണ്ടായാൽ അയാൾ അവളെ സർവേശ്വരസന്നിധിയിൽ കൊണ്ടുവരണം. പുരോഹിതൻ മുൻപറഞ്ഞ വിധികൾ ചെയ്യണം. 31ഭാര്യ തന്റെ അകൃത്യത്തിന്റെ ഫലം അനുഭവിക്കണം. ഭർത്താവ് നിർദ്ദോഷിയായിരിക്കും.”
Currently Selected:
NUMBERS 5: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.