YouVersion Logo
Search Icon

NUMBERS 29

29
നവവത്സരോത്സവത്തിന്റെ വഴിപാടുകൾ
1ഏഴാം മാസം ഒന്നാം ദിവസം നിങ്ങൾ വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികളിൽ ഏർപ്പെടരുത്; അതു കാഹളങ്ങൾ മുഴക്കുന്ന ദിവസമാകുന്നു. 2അന്നു സർവേശ്വരനു പ്രസാദകരമായ ഹോമയാഗമായി ഒരു കാളക്കുട്ടി, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാടുകൾ എന്നിവയെ അർപ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം. 3അവയോടൊപ്പം ധാന്യയാഗമായി കാളയ്‍ക്കു മൂന്ന് ഇടങ്ങഴിയും 4ആണാടിനു രണ്ട് ഇടങ്ങഴിയും കുഞ്ഞാടിന് ഒരു ഇടങ്ങഴിയുംവീതം നേരിയ മാവ് ഒലിവെണ്ണയിൽ കുഴച്ച് അർപ്പിക്കേണ്ടതാണ്. 5നിങ്ങളുടെ പാപത്തിനു പ്രായശ്ചിത്തമായി ഒരു ആൺകോലാടിനെയും അർപ്പിക്കണം. 6ഇവയെല്ലാം ഓരോ മാസത്തിലെയും ഒന്നാം ദിവസം അർപ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പ്രതിദിനം അർപ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും നിയമപ്രകാരമുള്ള പാനീയയാഗത്തിനും പുറമേ ആണ്. അവ ഹോമയാഗമായിട്ടാണ് അർപ്പിക്കേണ്ടത്; അതിന്റെ സൗരഭ്യം സർവേശ്വരനു പ്രസാദകരമായിരിക്കും.
പാപപരിഹാരദിനം
7ഏഴാം മാസത്തിലെ പത്താം ദിവസം നിങ്ങൾ വിശുദ്ധസഭ കൂടണം. അന്നു നിങ്ങൾ ഉപവസിക്കണം. ജോലിയൊന്നും ചെയ്യരുത്. 8സർവേശ്വരനു പ്രസാദകരമായ സൗരഭ്യവാസനയാകുന്ന ഹോമയാഗമായി ഒരു കാളക്കുട്ടിയെയും ഒരു ആണാടിനെയും ഏഴ് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം. 9അവയോടൊപ്പമുള്ള ധാന്യയാഗമായി ഒലിവെണ്ണ ചേർത്ത മാവ് അർപ്പിക്കേണ്ടതാണ്; കാളയ്‍ക്ക് മൂന്ന് ഇടങ്ങഴിയും ആണാടിനു രണ്ട് ഇടങ്ങഴിയും 10കുഞ്ഞാടിന് ഒരു ഇടങ്ങഴിയുംവീതം മാവ് ഒലിവെണ്ണ ചേർത്ത് അർപ്പിക്കണം. 11പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കണം; അതു പാപപരിഹാരദിനത്തിൽ ജനത്തിനുവേണ്ടി അർപ്പിക്കുന്ന പാപപരിഹാരയാഗമാകുന്നു. പ്രതിദിനഹോമയാഗങ്ങൾ, അവയോടൊന്നിച്ചുള്ള ധാന്യയാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവയ്‍ക്കു പുറമേയായിരിക്കും ഇത്.
കൂടാരപ്പെരുന്നാൾ
12ഏഴാം മാസം പതിനഞ്ചാം ദിവസം നിങ്ങൾ വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികൾ ഒന്നും ചെയ്യരുത്. നിങ്ങൾ സർവേശ്വരനു വേണ്ടി ഏഴു ദിവസം നീണ്ടുനില്‌ക്കുന്ന ഉത്സവം ആചരിക്കുക. 13സർവേശ്വരനു പ്രസാദകരമായ സുഗന്ധം പരത്തുന്ന ഹോമയാഗമായി പതിമൂന്നു കാളക്കുട്ടികളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം. 14കാള ഒന്നിനു മൂന്ന് ഇടങ്ങഴിയും ആണാട് ഒന്നിനു രണ്ട് ഇടങ്ങഴിയും 15ആട്ടിൻകുട്ടി ഒന്നിന് ഒരു ഇടങ്ങഴിയും വീതം മാവ് ഒലിവെണ്ണ ചേർത്തു ധാന്യയാഗമായി അർപ്പിക്കേണ്ടതാണ്. 16പ്രതിദിനഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കണം.
17രണ്ടാം ദിവസം കുറ്റമറ്റ പന്ത്രണ്ടു കാളക്കുട്ടികളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കുക. 18കാളകൾ, ആണാടുകൾ, ആട്ടിൻകുട്ടികൾ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമുള്ള ധാന്യയാഗത്തോടും പാനീയയാഗത്തോടും ഒപ്പം അവ അർപ്പിക്കണം. 19പ്രതിദിനഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്.
20മൂന്നാം ദിവസം കുറ്റമറ്റ പതിനൊന്നു കാളകളെയും, രണ്ട് ആണാടുകളെയും, ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം. 21കാളകൾ, ആണാടുകൾ, ആട്ടിൻകുട്ടികൾ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അവയോടൊപ്പം അർപ്പിക്കണം. 22പ്രതിദിനഹോമയാഗത്തിനും അതിനോടു ചേർന്നുള്ള ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്.
23നാലാം ദിവസം കുറ്റമറ്റ പത്തു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം. 24കാളകൾ, ആണാടുകൾ, കുഞ്ഞാടുകൾ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അർപ്പിക്കണം. 25പ്രതിദിന ഹോമയാഗത്തിനും അതോടൊപ്പമുള്ള ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്.
26അഞ്ചാം ദിവസം കുറ്റമറ്റ ഒൻപതു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സുപ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം. 27കാളകൾ, ആണാടുകൾ, കുഞ്ഞാടുകൾ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അർപ്പിക്കണം. 28പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്.
29ആറാം ദിവസം കുറ്റമറ്റ എട്ടു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കുക. 30കാളകൾ, ആണാടുകൾ, ആട്ടിൻകുട്ടികൾ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അർപ്പിക്കണം. 31പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്.
32ഏഴാം ദിവസം കുറ്റമറ്റ ഏഴു കാളകളെയും, രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആൺകുഞ്ഞാടുകളെയും അർപ്പിക്കണം. 33കാളകൾ, ആണാടുകൾ, ആട്ടിൻകുട്ടികൾ എന്നിവയുടെ എണ്ണമനുസരിച്ച് നിയമാനുസൃതമായ ധാന്യയാഗവും, പാനീയയാഗവും അർപ്പിക്കണം. 34പ്രതിദിനഹോമയാഗത്തിനും, ധാന്യയാഗത്തിനും, പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്.
35എട്ടാം ദിവസം വിശുദ്ധസഭ ചേരണം. അന്നു കഠിനജോലികൾ ഒന്നും പാടില്ല. 36സർവേശ്വരനു പ്രസാദകരമായ സുഗന്ധം പരത്തുന്ന ഹോമയാഗമായി കുറ്റമറ്റ ഒരു കാള, ഒരു ആണാട്, ഒരു വയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാടുകൾ എന്നിവയെ അർപ്പിക്കണം. 37കാള, ആണാട്, ആട്ടിൻകുട്ടികൾ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അർപ്പിക്കണം. 38പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആൺകോലാടിനെയും അർപ്പിക്കേണ്ടതാണ്.
39നിങ്ങളുടെ ഹോമയാഗങ്ങൾക്കും ധാന്യയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും സമാധാനയാഗങ്ങൾക്കും വേണ്ടിയുള്ള നേർച്ചകൾക്കും സ്വമേധാദാനങ്ങൾക്കും പുറമേ ഇവയെല്ലാം നിങ്ങളുടെ നിശ്ചിത ഉത്സവദിവസങ്ങളിൽ സർവേശ്വരനു സമർപ്പിക്കണം. 40സർവേശ്വരൻ മോശയോടു കല്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേൽജനത്തെ അറിയിച്ചു.

Currently Selected:

NUMBERS 29: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for NUMBERS 29