YouVersion Logo
Search Icon

NUMBERS 14

14
ജനം ആവലാതിപ്പെടുന്നു
1ഇസ്രായേൽജനം രാത്രി മുഴുവൻ ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു. 2അവർ മോശയ്‍ക്കും അഹരോനും എതിരായി പിറുപിറുത്തു. ഈജിപ്തിലോ ഈ മരുഭൂമിയിലോ വച്ചു ഞങ്ങൾ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. 3വാളിനിരയാകാനായി ഞങ്ങളെ ആ ദേശത്തേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും അവർക്ക് ഇരയായിത്തീരുമല്ലോ. ഈജിപ്തിലേക്കു മടങ്ങിപ്പോകുന്നതല്ലേ നല്ലത്?” 4അവർ അന്യോന്യം പറഞ്ഞു: “നമുക്ക് മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.” 5അപ്പോൾ മോശയും അഹരോനും അവിടെ കൂടിയിരുന്ന സകല ഇസ്രായേൽജനത്തിന്റെയും മുമ്പിൽ സാഷ്ടാംഗം വീണു. 6ദേശം ഒറ്റുനോക്കാൻ പോയവരിൽ നൂനിന്റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും അവരുടെ വസ്ത്രം കീറി, 7സർവ ഇസ്രായേൽജനത്തോടുമായി അവർ പറഞ്ഞു: “ഞങ്ങൾ രഹസ്യമായി നിരീക്ഷിച്ച ദേശം വളരെ വിശിഷ്ടമാണ്. 8സർവേശ്വരൻ നമ്മിൽ പ്രസാദിച്ചാൽ അവിടുന്നു നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നയിക്കുകയും അതു നമുക്കു നല്‌കുകയും ചെയ്യും. നിങ്ങൾ അവിടുത്തോടു മത്സരിക്കരുത്. 9ആ ദേശനിവാസികളെ ഭയപ്പെടേണ്ടാ. അവർ നമുക്ക് ഇരയാകും. അവർക്ക് ഇനി രക്ഷയില്ല; സർവേശ്വരൻ നമ്മുടെ കൂടെയുള്ളതുകൊണ്ടു നാം അവരെ ഭയപ്പെടേണ്ടതില്ല.” 10എന്നാൽ ജനം യോശുവയെയും കാലേബിനെയും കല്ലെറിഞ്ഞു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പെട്ടെന്നു തിരുസാന്നിധ്യകൂടാരത്തിന്റെ മുകളിൽ സർവേശ്വരന്റെ തേജസ്സ് സകല ജനത്തിനും കാണത്തക്കവിധം വെളിപ്പെട്ടു.
മോശ ജനത്തിനുവേണ്ടി പ്രാർഥിക്കുന്നു
11സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “എത്രകാലം ഈ ജനം എന്നെ നിന്ദിക്കും? അവരുടെ മധ്യേ ഞാൻ പ്രവർത്തിച്ച അടയാളങ്ങൾ കണ്ടിട്ടും അവർ എത്രകാലം എന്നെ അവിശ്വസിക്കും? 12ഞാൻ ഒരു മഹാമാരി അയച്ച് അവരെ നശിപ്പിക്കും; എന്നാൽ ഞാൻ നിന്നെ അവരെക്കാൾ വലുതും ശക്തവുമായ ഒരു ജനതയുടെ പിതാവാക്കും.” 13എന്നാൽ മോശ സർവേശ്വരനോട് ഇങ്ങനെ പറഞ്ഞു: “ഈജിപ്തുകാർ ഇതേക്കുറിച്ചു കേൾക്കും; അവിടുത്തെ ശക്തികൊണ്ടാണല്ലോ ഈ ജനത്തെ അവരുടെ നടുവിൽനിന്നു കൂട്ടിക്കൊണ്ടു വന്നത്? 14ഈ ദേശത്തു വസിക്കുന്നവരോടും അവർ ഇതു പറയും; സർവേശ്വരാ, അവിടുന്ന് ഈ ജനത്തിന്റെകൂടെ ഉണ്ടെന്നുള്ളത് ഈ ദേശനിവാസികൾ കേട്ടിട്ടുണ്ട്. ഈ ജനം അങ്ങയെയല്ലേ ദർശിക്കുന്നത്? അവിടുത്തെ മേഘം അവരുടെ മുകളിൽ നില്‌ക്കുന്നതും അവിടുന്നു പകൽ മേഘസ്തംഭത്തിലൂടെയും രാത്രിയിൽ അഗ്നിസ്തംഭത്തിലൂടെയും വഴി നടത്തുന്നതും അവർ കണ്ടിട്ടുണ്ട്. 15അവിടുന്ന് ഈ ജനത്തെയെല്ലാം കേവലം ഒറ്റ മനുഷ്യനെയെന്നപോലെ കൊന്നുകളഞ്ഞാൽ അവിടുത്തെ കീർത്തി കേട്ടിട്ടുള്ള ജനതകൾ, 16ഇസ്രായേൽജനത്തിന് അവിടുന്നു കൊടുക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള ദേശത്തേക്കു കൊണ്ടുപോകാൻ സർവേശ്വരനു കഴിവില്ലാത്തതുകൊണ്ടാണു മരുഭൂമിയിൽവച്ച് അവരെ കൊന്നുകളഞ്ഞത് എന്നു പറയും. 17-18സർവേശ്വരാ, അവിടുന്നു ക്ഷമാശീലനും അചഞ്ചലസ്നേഹമുള്ളവനും സകല അപരാധവും അതിക്രമവും പൊറുക്കുന്നവനുമാണല്ലോ. എന്നാൽ കുറ്റവാളികളെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കു മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അതിൻപ്രകാരം ഇപ്പോൾ അങ്ങയുടെ ശക്തി വെളിപ്പെടുത്തണമേ. 19അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്തവിധം, ഈജിപ്തിൽനിന്നു പുറപ്പെട്ടതുമുതൽ ഇവിടംവരെ ഈ ജനത്തോടു ക്ഷമിച്ചതുപോലെ ഇപ്പോഴും ഇവരുടെ അപരാധം ക്ഷമിക്കണമേ.” 20അപ്പോൾ സർവേശ്വരൻ അരുളിച്ചെയ്തു: നിന്റെ പ്രാർഥനപോലെ ഞാൻ അവരോടു ക്ഷമിച്ചിരിക്കുന്നു. 21എന്നാൽ എന്നെയും ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്ന എന്റെ തേജസ്സിനെയും സാക്ഷിയാക്കി ഞാൻ പറയുന്നു, 22എന്റെ മഹത്ത്വവും ഈജിപ്തിലും മരുഭൂമിയിലും ഞാൻ ചെയ്ത അദ്ഭുതപ്രവൃത്തികളും നേരിൽ കണ്ടിട്ടും ഇപ്പോൾത്തന്നെ നിരവധി പ്രാവശ്യം അവർ എന്നെ പരീക്ഷിക്കുകയും നിന്ദിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുകയാൽ 23ഞാൻ അവരുടെ പിതാക്കന്മാർക്കു വാഗ്ദാനം ചെയ്ത ഭൂമി കാണുകയോ അവകാശമാക്കുകയോ ചെയ്യുകയില്ല. 24എന്നാൽ എന്റെ ദാസനായ കാലേബിനു വ്യത്യസ്ത മനോഭാവമുള്ളതുകൊണ്ടും അവൻ എന്നെ പൂർണമായി അനുസരിച്ചതുകൊണ്ടും അവൻ നിരീക്ഷിക്കാൻ പോയ സ്ഥലത്തു ഞാൻ അവനെ കൊണ്ടുപോകും; അവന്റെ ഭാവിതലമുറക്കാർ അതു കൈവശമാക്കുകയും ചെയ്യും. 25അമാലേക്യരും കനാന്യരും താഴ്‌വരയിൽ പാർക്കുന്നതുകൊണ്ടു നിങ്ങൾ ചെങ്കടലിലേക്കുള്ള വഴിയേ തിരിഞ്ഞ് നാളെ മരുഭൂമിയിലേക്കു പുറപ്പെടുക.”
പിറുപിറുപ്പിനുള്ള ശിക്ഷ
26സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 27“ഈ ദുഷ്ടജനം എത്രകാലം എനിക്കെതിരായി പിറുപിറുത്തുകൊണ്ടിരിക്കും. 28എനിക്കെതിരായി ഇസ്രായേൽജനം പിറുപിറുക്കുന്നതു ഞാൻ കേട്ടിരിക്കുന്നു. അവരോടു പറയുക: ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുതന്നെ ഞാൻ നിങ്ങളോടു നിശ്ചയമായും ചെയ്യും. 29-30നിങ്ങളുടെ ശവങ്ങൾ ഈ മരുഭൂമിയിൽ വീഴും; എന്നോടു പിറുപിറുത്ത ഇരുപതും അതിനു മേലും പ്രായമുള്ള ഒരാൾപോലും ഞാൻ വാഗ്ദാനം ചെയ്ത സ്ഥലത്ത് എത്തുകയില്ല. യെഫുന്നെയുടെ പുത്രനായ കാലേബും, നൂനിന്റെ പുത്രനായ യോശുവയും മാത്രം അവിടെ പ്രവേശിക്കും. 31എന്നാൽ ശത്രുക്കൾക്ക് ഇരയാകും എന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ കുഞ്ഞുങ്ങളെ ഞാൻ അവിടേക്കു കൊണ്ടുപോകും. നിങ്ങൾ നിന്ദയോടെ തിരസ്കരിച്ച ദേശം അവർ അനുഭവിക്കും. 32നിങ്ങൾ ഈ മരുഭൂമിയിൽ മരിച്ചുവീഴും. 33അവസാനത്തെ ആൾപോലും മരിക്കുന്നതുവരെ അവിശ്വസ്തതയുടെ പ്രായശ്ചിത്തമായി നിങ്ങളുടെ മക്കൾ നാല്പതു വർഷക്കാലം ഈ മരുഭൂമിയിൽ അലഞ്ഞുനടക്കും. 34ഒറ്റുനോക്കാൻ പോയ ഒരു ദിവസത്തിന് ഒരു വർഷം എന്ന കണക്കിനു നാല്പതു വർഷം നിങ്ങളുടെ അകൃത്യത്തിന്റെ ഫലം നിങ്ങൾ അനുഭവിക്കും; അങ്ങനെ നിങ്ങളോടുള്ള എന്റെ അതൃപ്തി നിങ്ങൾ അറിയും. സർവേശ്വരനായ ഞാൻ പറയുന്നു: 35എനിക്കെതിരായി ഒത്തുചേർന്ന ഈ ദുഷ്ടജനത്തോടു ഞാൻ തീർച്ചയായും ഇങ്ങനെ ചെയ്യും. ഈ മരുഭൂമിയിൽവച്ച് അവർ നിർമ്മൂലമാക്കപ്പെടും; എല്ലാവരും അവിടെവച്ചു മരിക്കും.” 36രഹസ്യനിരീക്ഷണം ചെയ്യാൻ മോശ അയച്ച ആളുകൾ തെറ്റായ വിവരങ്ങൾ നല്‌കിയതുകൊണ്ടായിരുന്നു ജനം സർവേശ്വരനെതിരായി പിറുപിറുക്കാനിടയായത്. 37അതിനാൽ തെറ്റായ വിവരങ്ങൾ നല്‌കിയവരെല്ലാം സർവേശ്വരസന്നിധിയിൽവച്ച് ഒരു ബാധമൂലം മരിച്ചുവീണു. 38നിരീക്ഷണം നടത്തിയവരിൽ യോശുവയും കാലേബും മാത്രം അവശേഷിച്ചു.
ദേശം കൈവശമാക്കാനുള്ള പരിശ്രമം
39മോശ ഈ വാർത്ത അറിയിച്ചപ്പോൾ ജനം അത്യന്തം ദുഃഖിച്ചു. 40അവർ അതിരാവിലെ എഴുന്നേറ്റു മലമുകളിലേക്കു പോകാൻ തയ്യാറായി. അവർ പറഞ്ഞു: “ഞങ്ങൾ പാപം ചെയ്തുപോയി; സർവേശ്വരൻ വാഗ്ദാനം ചെയ്ത ദേശത്തേക്കു പോകാൻ ഞങ്ങൾ സന്നദ്ധരാണ്.”
41എന്നാൽ മോശ പറഞ്ഞു: “നിങ്ങൾ സർവേശ്വരന്റെ കല്പന എന്തിനു ലംഘിക്കുന്നു? നിങ്ങൾ വിജയിക്കുകയില്ല. 42നിങ്ങൾ മലമുകളിലേക്കു പോകരുത്, ശത്രുക്കളുടെ മുമ്പിൽ നിങ്ങൾ പരാജിതരാകും. അവിടുന്നു നിങ്ങളുടെകൂടെ ഇല്ലല്ലോ. 43അവിടെ അമാലേക്യരും കനാന്യരും നിങ്ങളെ എതിരിടും; നിങ്ങൾ വാളിനിരയാകും. നിങ്ങൾ സർവേശ്വരനിൽനിന്നു പിന്തിരിഞ്ഞിരിക്കുകയാണല്ലോ. അവിടുന്നു നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.” 44ഉടമ്പടിപ്പെട്ടകമോ മോശയോ പാളയത്തിൽനിന്നു മുന്നോട്ടു നീങ്ങാതിരുന്നിട്ടും അവർ മലമുകളിലേക്കു പോകാൻ ഒരുമ്പെട്ടു. 45മലയിൽ പാർത്തിരുന്ന അമാലേക്യരും കനാന്യരും പിന്തുടർന്നു ഹോർമ്മാവരെ അവരെ തോല്പിച്ചോടിച്ചു.

Currently Selected:

NUMBERS 14: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in