YouVersion Logo
Search Icon

NEHEMIA 8

8
ധർമശാസ്ത്രം വായിച്ചു കേൾപ്പിക്കുന്നു
1അങ്ങനെ ഇസ്രായേൽജനം അവരവരുടെ പട്ടണങ്ങളിൽ പാർത്തുവരുമ്പോൾ ഏഴാം മാസം അവർ ഏകമനസ്സോടെ ജലകവാടത്തിനു മുമ്പിലുള്ള തുറസ്സായ സ്ഥലത്തു സമ്മേളിച്ചു. സർവേശ്വരൻ ഇസ്രായേലിനു നല്‌കിയിരുന്ന മോശയുടെ ധർമശാസ്ത്രപുസ്‍തകം കൊണ്ടുവരാൻ അവർ വേദപണ്ഡിതനായ എസ്രായോടു പറഞ്ഞു. 2കേട്ടുഗ്രഹിക്കാൻ പ്രാപ്തിയുള്ള സകല സ്‍ത്രീപുരുഷന്മാരുമടങ്ങിയ സഭയുടെ മുമ്പാകെ ഏഴാം മാസം ഒന്നാം തീയതി എസ്രാപുരോഹിതൻ ധർമശാസ്ത്രപുസ്‍തകം കൊണ്ടുവന്നു. 3ജലകവാടത്തിനു മുമ്പിലുള്ള തുറസ്സായ സ്ഥലത്തുവച്ചു പ്രഭാതംമുതൽ മധ്യാഹ്നംവരെ ധർമശാസ്ത്രപുസ്‍തകം അദ്ദേഹം അവർ കേൾക്കെ ഉറക്കെ വായിച്ചു; ജനമെല്ലാം അതു ശ്രദ്ധാപൂർവം കേട്ടു. 4ഈ കാര്യത്തിനായി മരംകൊണ്ടു നിർമ്മിച്ച പ്രസംഗപീഠത്തിൽ എസ്രാ കയറി നിന്നു. അദ്ദേഹത്തിന്റെ വലത്തുഭാഗത്തു മത്ഥിത്ഥ്യാ, ശേമാ, അനായാ, ഊരീയാ, ഹില്‌കീയാ, മയസേയാ എന്നിവരും ഇടത്തുഭാഗത്ത് പെദായാ, മീശായേൽ, മല്‌കീയാ, ഹാശൂം, ഹശ്ബദ്ദാന, സെഖര്യാ, മെശുല്ലാം എന്നിവരും നിന്നു. 5ഉയർന്ന പീഠത്തിൽ നിന്നുകൊണ്ട് എല്ലാവരും കാൺകെ എസ്രാ പുസ്‍തകം തുറന്നു; അപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നു. 6എസ്രാ അത്യുന്നതദൈവമായ സർവേശ്വരനെ സ്തുതിച്ചു; ജനമെല്ലാം കൈ ഉയർത്തി ആമേൻ, ആമേൻ എന്നു പറഞ്ഞുകൊണ്ടു സാഷ്ടാംഗപ്രണാമം ചെയ്ത് അവിടുത്തെ ആരാധിച്ചു. 7എല്ലാവരും സ്വസ്ഥാനങ്ങളിൽ തന്നെ നില്‌ക്കുമ്പോൾ യേശുവാ, ബാനി, ശേരെബ്യാ, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാ, മയസേയാ, കെലീതാ, അസര്യാ, യോസാബാദ്, ഹനാൻ, പെലായാ എന്നിവരും ലേവ്യരും ജനത്തിനു നിയമം വിശദീകരിച്ചുകൊടുത്തു. 8അവർ ദൈവത്തിന്റെ ധർമശാസ്ത്രപുസ്‍തകം വ്യക്തമായി വായിച്ചു കേൾപ്പിക്കുകയും എല്ലാവർക്കും ഗ്രഹിക്കത്തക്കവിധം അതു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. 9ധർമശാസ്ത്രം വായിച്ചുകേട്ടപ്പോൾ ജനം കരഞ്ഞു. അപ്പോൾ ദേശാധിപതി നെഹെമ്യായും പുരോഹിതനും വേദപണ്ഡിതനുമായ എസ്രായും ജനത്തെ പഠിപ്പിച്ചുകൊണ്ടിരുന്ന ലേവ്യരും സമസ്തജനങ്ങളോടുമായി പറഞ്ഞു: “നിങ്ങളുടെ ദൈവമായ സർവേശ്വരന് ഈ ദിനം വിശുദ്ധമാകുന്നു; ഇന്ന് നിങ്ങൾ കരയുകയോ വിലപിക്കുകയോ അരുത്!” 10പിന്നീട് അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ പോയി മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിക്കുക. ഭക്ഷണം ഒരുക്കിയിട്ടില്ലാത്തവർക്കു നിങ്ങളുടെ ആഹാരം പങ്കിടുക. ഈ ദിവസം നമ്മുടെ സർവേശ്വരനു വിശുദ്ധമാകുന്നു; നിങ്ങൾ ദുഃഖിക്കരുത്. സർവേശ്വരന്റെ സന്തോഷമാണു നിങ്ങളുടെ ബലം.” 11“മിണ്ടാതിരിക്കുക; ഈ ദിവസം സർവേശ്വരനു വിശുദ്ധമാണ്; നിങ്ങൾ ദുഃഖിക്കരുത്” എന്നു പറഞ്ഞ് ലേവ്യർ ജനത്തെ സമാധാനപ്പെടുത്തി. 12തങ്ങളോടു പറഞ്ഞ കാര്യങ്ങൾ ജനത്തിനു ബോധ്യമായി. അങ്ങനെ അവർ ഭക്ഷണപാനീയങ്ങൾ കഴിക്കാനും ഇല്ലാത്തവർക്കു ഭക്ഷണം പങ്കിടാനും അത്യന്തം ആഹ്ലാദിക്കാനുമായി പിരിഞ്ഞുപോയി.
കൂടാരപ്പെരുന്നാൾ
13അടുത്തദിവസം സർവജനത്തിന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതരും ലേവ്യരും ധർമശാസ്ത്രത്തിലെ വചനം പഠിക്കാൻവേണ്ടി വേദപണ്ഡിതനായ എസ്രായുടെ അടുക്കൽ വന്നു. 14“ജനം ഏഴാം മാസം ഉത്സവത്തിനു കൂടാരങ്ങളിൽ പാർക്കണം” എന്നും 15“കൂടാരങ്ങൾ ഉണ്ടാക്കാൻ മലയിൽ പോയി ഒലിവിന്റെയും കാട്ടൊലിവിന്റെയും കൊഴുന്തിന്റെയും തഴച്ച വൃക്ഷങ്ങളുടെയും കൊമ്പുകളും ഈന്തമടലുകളും കൊണ്ടുവന്ന് നിർദ്ദേശിച്ചിരിക്കുംപോലെ കൂടാരങ്ങൾ നിർമ്മിക്കണമെന്നും” തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും ഇതു വിളംബരം ചെയ്യണമെന്നും” എഴുതിയിരിക്കുന്ന ഭാഗം സർവേശ്വരൻ മോശയിലൂടെ നല്‌കിയിരുന്ന നിയമത്തിൽ അവർ കണ്ടു.
16അതനുസരിച്ചു ജനം അവ കൊണ്ടുവന്നു വീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും ദേവാലയത്തിന്റെ അങ്കണങ്ങളിലും ജലകവാടത്തിനും എഫ്രയീംകവാടത്തിനും സമീപത്തുള്ള തുറസ്സായ സ്ഥലങ്ങളിലും കൂടാരങ്ങളുണ്ടാക്കി. 17പ്രവാസത്തിൽനിന്നു മടങ്ങിവന്ന ജനമെല്ലാം കൂടാരങ്ങളുണ്ടാക്കി അവയിൽ പാർത്തു. നൂന്റെ പുത്രൻ യോശുവയുടെ കാലത്തിനുശേഷം അന്നുവരെ ഇസ്രായേൽജനം ഇപ്രകാരം ചെയ്തിരുന്നില്ല. അങ്ങനെ അവർ അത്യന്തം ആഹ്ലാദിച്ചു. 18ഉത്സവത്തിന്റെ ആദ്യദിവസംമുതൽ അവസാനദിവസംവരെ എന്നും എസ്രാ ദൈവത്തിന്റെ ധർമശാസ്ത്രപുസ്‍തകം വായിച്ചു കേൾപ്പിച്ചു. അങ്ങനെ അവർ ഏഴു ദിവസം ഉത്സവം ആചരിച്ച് എട്ടാം ദിവസം ധർമശാസ്ത്രമനുസരിച്ച് അവർ വിശുദ്ധസഭ കൂടി.

Currently Selected:

NEHEMIA 8: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in