YouVersion Logo
Search Icon

NEHEMIA 3

3
മതിൽ പുതുക്കിപ്പണിയുന്നു
1മുഖ്യപുരോഹിതനായ എല്യാശീബും സഹപുരോഹിതന്മാരും ചേർന്ന് അജകവാടം വീണ്ടും പണിയുകയും അതിന്റെ പ്രതിഷ്ഠാകർമം നിർവഹിക്കുകയും കതകുകൾ പിടിപ്പിക്കുകയും ചെയ്തു. ശതഗോപുരവും ഹനനയേൽഗോപുരവും വരെയുള്ള മതിലിന്റെ ഭാഗങ്ങൾ പണിതു പ്രതിഷ്ഠിച്ചു. 2അതിനോടു ചേർന്ന ഭാഗം യെരീഹോപട്ടണക്കാരും അതിനുമപ്പുറം ഇമ്രിയുടെ പുത്രൻ സക്കൂരും നിർമ്മിച്ചു. 3മത്സ്യകവാടം ഹസ്സെനായക്കാർ പണിതു. അവർ അതിന്റെ ഉത്തരവും കതകും ഓടാമ്പലും കുറ്റികളും പിടിപ്പിച്ചു. 4അതിനടുത്ത ഭാഗം ഹക്കോസിന്റെ പൗത്രനും ഊരിയായുടെ പുത്രനുമായ മെരേമോത്ത് കേടുപാടുകൾ തീർത്തു. അതിനപ്പുറം മെശേസ്സബെയേലിന്റെ പൗത്രനും ബേരെഖ്യായുടെ പുത്രനുമായ മെശുല്ലാം കേടുപാടുകൾ തീർത്തു. അടുത്ത ഭാഗം ബാനയുടെ പുത്രൻ സാദോക്ക് പുതുക്കിപ്പണിതു. 5തെക്കോവ്യർ അതിനടുത്ത ഭാഗത്തിന്റെ കേടുപാടുകൾ തീർത്തു. എന്നാൽ അവിടുത്തെ പ്രഭുക്കന്മാർ സർവേശ്വരന്റെ ഈ പ്രവർത്തനത്തിൽ സഹകരിച്ചില്ല.
6പസേഹയുടെ പുത്രൻ യോയാദയും ബെസോദ്യായുടെ പുത്രൻ മെശുല്ലാമും പ്രാചീനകവാടം വീണ്ടും പണിതു. അവർ അതിന് ഉത്തരവും കതകും ഓടാമ്പലും കുറ്റികളും പിടിപ്പിച്ചു. 7തുടർന്നുള്ള ഭാഗം ഗിബെയോന്യനായ മെലത്യായും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും ചേർന്നു നദിക്ക് അക്കരെ ഗവർണരുടെ ആസ്ഥാനംവരെ കേടുപാടുകൾ തീർത്തു. 8അതിനപ്പുറം സ്വർണപ്പണിക്കാരനായ ഹർഹയ്യായുടെ പുത്രൻ ഉസ്സീയേൽ പുതുക്കിപ്പണിതു. സുഗന്ധദ്രവ്യം നിർമ്മിക്കുന്ന ഹനന്യാ തുടർന്നുള്ള വിശാലമതിൽവരെയുള്ള ഭാഗത്തിന്റെ കേടുപാടുകൾ തീർത്തു. 9അതിനടുത്തഭാഗം യെരൂശലേമിൽ അർധഭാഗത്തിന്റെ അധിപനായ ഹൂരിന്റെ പുത്രൻ രെഫായാ നന്നാക്കി. 10അടുത്ത ഭാഗം ഹരൂമഫിന്റെ പുത്രൻ യെദായാ തന്റെ വീടിനു നേരെയുള്ള ഭാഗംവരെ കേടുപാടുകൾ തീർത്തു. 11തുടർന്നുള്ള ഭാഗം ഹശ്ബനെയായുടെ പുത്രനായ ഹത്തൂശ് പുതുക്കിപ്പണിതു. തുടർന്നുള്ള ഭാഗവും ചൂളഗോപുരവും ഹാരീമിന്റെ പുത്രൻ മല്‌ക്കീയായും പഹത്ത്-മോവാബിന്റെ പുത്രൻ ഹശ്ശൂബും ചേർന്നു കേടുപാടുകൾ തീർത്തു. 12അതിനപ്പുറം യെരൂശലേമിൽ മറ്റേ പകുതി ഭാഗത്തിന്റെ അധിപനായ ഹല്ലോഹേശിന്റെ പുത്രൻ ശല്ലൂമും അയാളുടെ പുത്രിമാരും ചേർന്ന് അറ്റകുറ്റപ്പണികൾ തീർത്തു. 13താഴ്‌വരവാതിൽ ഹനൂനും സാനോഹ് നിവാസികളും കൂടി കേടുപാടുകൾ തീർത്തു. അതിന് കതകുകളും കുറ്റികളും ഓടാമ്പലും പിടിപ്പിച്ചു. 14ചവറ്റുവാതിൽവരെ ആയിരം മുഴം നീളത്തിൽ മതിലിന്റെ കേടുപാടുകൾ തീർത്തു. ചവറ്റുവാതിൽ പുതുക്കി പണിതത് ബേത്ത്-ഹഖേരെം പ്രദേശത്തിന്റെ അധിപനും രേഖാബിന്റെ പുത്രനുമായ മല്‌കീയാ ആയിരുന്നു; അതിന് കതകും കുറ്റികളും ഓടാമ്പലും ഉറപ്പിച്ചു.
15മിസ്പാപ്രദേശത്തിന്റെ പ്രഭുവായ കൊൽ- ഹൊസെയുടെ പുത്രൻ ശല്ലൂൻ ഉറവുവാതിൽ പുതുക്കി പണിയുകയും അതിനു മേൽക്കൂര പണിത് കതകും കുറ്റികളും ഓടാമ്പലും ഉറപ്പിക്കുകയും ചെയ്തു. അയാൾ രാജകീയോദ്യാനത്തിലെ ശേലാക്കുളത്തിന്റെ മതിൽ ദാവീദിന്റെ നഗരത്തിൽനിന്ന് ഇറങ്ങുന്ന കല്പടിവരെ പണിതു. 16അതിനപ്പുറം ബേത്ത്സൂർ അർധഭാഗത്തിന്റെ അധിപനും അസ്ബൂക്കിന്റെ പുത്രനുമായ നെഹെമ്യാ ദാവീദിന്റെ കല്ലറകളുടെ മുൻഭാഗംവരെയും വെട്ടിപ്പണിതുണ്ടാക്കിയ കുളംവരെയും വീരയോദ്ധാക്കൾ നിവസിക്കുന്ന സ്ഥലംവരെയും കേടുപാടുകൾ തീർത്തു. 17തുടർന്നുള്ള ഭാഗത്തിന്റെ അറ്റകുറ്റപ്പണി ലേവ്യനായ ബാനിയുടെ പുത്രൻ രഹൂം നിർവഹിച്ചു. അതിനപ്പുറം കെയീലായുടെ അർധഭാഗത്തിന്റെ അധിപൻ ഹശബ്യാ തന്റെ പ്രദേശത്തിനുവേണ്ടി പുനരുദ്ധരിച്ചു. 18അടുത്ത ഭാഗം കെയീലായുടെ മറ്റേ പകുതി ഭാഗത്തിന്റെ അധിപൻ ആയ ഹേനാദാദിന്റെ പുത്രൻ ബവ്വായിയും ചാർച്ചക്കാരും ചേർന്ന് കേടുപാടുകൾ തീർത്തു. 19മിസ്പാപ്രദേശത്തിന്റെ അധിപൻ ആയ യേശുവയുടെ പുത്രൻ ഏസെർ മതിൽ തിരിയുന്ന കോണിലെ ആയുധശാലയിലേക്കുള്ള കയറ്റത്തിന് എതിരെയുള്ള തുടർന്നുള്ള ഭാഗം പുനരുദ്ധരിച്ചു. 20അവിടംമുതൽ മുഖ്യപുരോഹിതനായ എല്യാശീബിന്റെ ഭവനകവാടംവരെയുള്ള ഭാഗം സബ്ബായിയുടെ പുത്രൻ ബാരൂക് പുതുക്കിപ്പണിതു. 21എല്യാശീബിന്റെ ഭവനത്തിന്റെ അതിർത്തിവരെയുള്ള ഭാഗം ഹക്കോസിന്റെ മകനായ ഊരിയായുടെ പുത്രൻ മെരേമോത്ത് അറ്റകുറ്റപ്പണി നടത്തി. 22അതിനപ്പുറം യെരൂശലേമിനു ചുറ്റും പാർത്തിരുന്ന പുരോഹിതന്മാർ നന്നാക്കി. 23തുടർന്നു തങ്ങളുടെ വീടിനു നേരെയുള്ള ഭാഗം ബെന്യാമീനും ഹശ്ശൂബും കേടുപാടുകൾ തീർത്തു. അനന്യായുടെ പൗത്രനും മയസേയായുടെ പുത്രനുമായ അസര്യാ തന്റെ വീടിന് അടുത്തുള്ള ഭാഗം പുനരുദ്ധരിച്ചു. 24അതിനപ്പുറം ഹേനാദാദിന്റെ പുത്രൻ ബിന്നൂയി അസര്യായുടെ വീടുമുതൽ മതിൽ തിരിയുന്നതുവരെയുള്ള മറ്റൊരു ഭാഗത്തിന്റെ കേടുപാടുകൾ തീർത്തു. 25ഊസായിയുടെ പുത്രൻ പാലാൽ, കോണിനും കാവൽഭടന്മാരുടെ അങ്കണത്തിലേക്ക് തള്ളിനില്‌ക്കുന്ന കൊട്ടാരഗോപുരത്തിനും എതിരെയുള്ള ഭാഗത്തിന്റെ കേടുപാടുകൾ തീർത്തു. 26അതിനപ്പുറം പരോശിന്റെ പുത്രൻ പെദായായും ഓഫേലിൽ പാർത്തിരുന്ന ദേവാലയശുശ്രൂഷകരും ചേർന്നു കിഴക്കേ ജലകവാടത്തിന് എതിരെയുള്ള ഭാഗംമുതൽ ഉന്തിനില്‌ക്കുന്ന ഗോപുരംവരെയുള്ള ഭാഗത്തിന്റെ അറ്റകുറ്റപ്പണികൾ നിർവഹിച്ചു. 27തെക്കോവ്യർ അതിനപ്പുറത്ത് ഉന്തിനില്‌ക്കുന്ന വലിയ ഗോപുരത്തിനു നേരേ ഓഫേലിന്റെ മതിൽവരെയുള്ള ഭാഗത്തിന്റെ കേടുപാടുകൾ തീർത്തു.
28അശ്വകവാടംമുതൽ പുരോഹിതന്മാർ ഓരോരുത്തരായി താന്താങ്ങളുടെ വീടിനു നേരെയുള്ള ഭാഗത്തിന്റെ കേടുപാടുകൾ തീർത്തു. 29അതിനപ്പുറം ഇമ്മേരിന്റെ പുത്രൻ സാദോക്ക് തന്റെ വീടിനു നേരെയുള്ള ഭാഗം പുനരുദ്ധരിച്ചു. തുടർന്നുള്ള ഭാഗം പൂർവകവാടത്തിന്റെ കാവല്‌ക്കാരനായ ശെഖന്യായുടെ പുത്രൻ ശെമയ്യാ കേടുപാടുകൾ തീർത്തു. 30തുടർന്നു ശേലെമ്യായുടെ പുത്രൻ ഹനന്യായും സാലാഫിന്റെ ആറാമത്തെ പുത്രൻ ഹാനൂനും മറ്റൊരു ഭാഗത്തിന്റെ കേടുപാടുകൾ തീർത്തു. അതിനപ്പുറം ബേരെഖ്യായുടെ പുത്രൻ മെശുല്ലാം തന്റെ വീടിന്റെ എതിരെയുള്ള ഭാഗത്തിന്റെ കേടുപാടുകൾ തീർത്തു. 31അതിനപ്പുറം സ്വർണപ്പണിക്കാരനായ മല്‌ക്കീയാ ഹമ്മീഫ്ഖാദ് കവാടത്തിനു നേരേ ദേവാലയ ശുശ്രൂഷകരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെ മതിൽ തിരിയുന്ന കോണിനടുത്തുള്ള മാളികമുറിക്കും അജകവാടത്തിനും ഇടയ്‍ക്കുള്ള ഭാഗം പുനരുദ്ധരിച്ചു. 32സ്വർണപ്പണിക്കാരും കച്ചവടക്കാരും ചേർന്ന് അവിടംമുതൽ അജകവാടംവരെയുള്ള ഭാഗം പുതുക്കിപ്പണിതു.

Currently Selected:

NEHEMIA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in