MARKA 9:2-10
MARKA 9:2-10 MALCLBSI
ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ കൂട്ടിക്കൊണ്ട് യേശു ഒരുയർന്ന മലയിലേക്കുപോയി. അവിടെ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ കൺമുമ്പിൽവച്ച് അവിടുന്നു രൂപാന്തരപ്പെട്ടു. ഭൂമിയിലുള്ള ഒരാൾക്കും വെളുപ്പിക്കുവാൻ കഴിയാത്തവിധം അവിടുത്തെ വസ്ത്രം വെൺമയുള്ളതായി മിന്നിത്തിളങ്ങി. ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നത് അവർ കണ്ടു. പത്രോസ് യേശുവിനോട്, “ഗുരോ, ഞങ്ങൾ ഇവിടെ ഉള്ളത് എത്ര നന്നായി; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെയോ? ഒന്ന് അങ്ങേക്കും, ഒന്നു മോശയ്ക്കും ഒന്ന് ഏലിയായ്ക്കും” എന്നു ചോദിച്ചു. താൻ എന്താണു പറയേണ്ടതെന്നു പത്രോസിന് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹവും മറ്റു ശിഷ്യന്മാരും അത്രമാത്രം ഭയപരവശരായിത്തീർന്നിരുന്നു. പിന്നീട് ഒരു മേഘം വന്ന് അവരെ മൂടി. “ഇവൻ എന്റെ പ്രിയപുത്രൻ, ഇവൻ പറയുന്നതു ശ്രദ്ധിക്കുക” എന്ന് മേഘത്തിൽനിന്ന് ഒരു അശരീരിയുണ്ടായി. പെട്ടെന്ന് അവർ ചുറ്റും നോക്കി. അപ്പോൾ തങ്ങളോടുകൂടി യേശുവിനെയല്ലാതെ ആരെയും അവർ കണ്ടില്ല. മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുന്നതുവരെ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുതെന്ന് മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോടു കർശനമായി ആജ്ഞാപിച്ചു. അതുകൊണ്ട് ഈ സംഭവം അവർ രഹസ്യമായി സൂക്ഷിച്ചു. എന്നാൽ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്ക്കും എന്ന് അവിടുന്നു പറഞ്ഞതിന്റെ അർഥം എന്തായിരിക്കുമെന്ന് അവർ അന്യോന്യം ചോദിച്ചുകൊണ്ടിരുന്നു.