YouVersion Logo
Search Icon

MARKA 9:1-29

MARKA 9:1-29 MALCLBSI

യേശു അവരോടു പറഞ്ഞു: “വാസ്തവം ഞാൻ പറയട്ടെ, ദൈവരാജ്യം പ്രഭാവത്തോടുകൂടി വരുന്നതു കാണുന്നതുവരെ ഇവിടെ നില്‌ക്കുന്നവരിൽ ചിലർ മരിക്കുകയില്ല.” ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ കൂട്ടിക്കൊണ്ട് യേശു ഒരുയർന്ന മലയിലേക്കുപോയി. അവിടെ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ കൺമുമ്പിൽവച്ച് അവിടുന്നു രൂപാന്തരപ്പെട്ടു. ഭൂമിയിലുള്ള ഒരാൾക്കും വെളുപ്പിക്കുവാൻ കഴിയാത്തവിധം അവിടുത്തെ വസ്ത്രം വെൺമയുള്ളതായി മിന്നിത്തിളങ്ങി. ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നത് അവർ കണ്ടു. പത്രോസ് യേശുവിനോട്, “ഗുരോ, ഞങ്ങൾ ഇവിടെ ഉള്ളത് എത്ര നന്നായി; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെയോ? ഒന്ന് അങ്ങേക്കും, ഒന്നു മോശയ്‍ക്കും ഒന്ന് ഏലിയായ്‍ക്കും” എന്നു ചോദിച്ചു. താൻ എന്താണു പറയേണ്ടതെന്നു പത്രോസിന് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹവും മറ്റു ശിഷ്യന്മാരും അത്രമാത്രം ഭയപരവശരായിത്തീർന്നിരുന്നു. പിന്നീട് ഒരു മേഘം വന്ന് അവരെ മൂടി. “ഇവൻ എന്റെ പ്രിയപുത്രൻ, ഇവൻ പറയുന്നതു ശ്രദ്ധിക്കുക” എന്ന് മേഘത്തിൽനിന്ന് ഒരു അശരീരിയുണ്ടായി. പെട്ടെന്ന് അവർ ചുറ്റും നോക്കി. അപ്പോൾ തങ്ങളോടുകൂടി യേശുവിനെയല്ലാതെ ആരെയും അവർ കണ്ടില്ല. മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കുന്നതുവരെ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുതെന്ന് മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോടു കർശനമായി ആജ്ഞാപിച്ചു. അതുകൊണ്ട് ഈ സംഭവം അവർ രഹസ്യമായി സൂക്ഷിച്ചു. എന്നാൽ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കും എന്ന് അവിടുന്നു പറഞ്ഞതിന്റെ അർഥം എന്തായിരിക്കുമെന്ന് അവർ അന്യോന്യം ചോദിച്ചുകൊണ്ടിരുന്നു. “ഏലിയാ ആദ്യം വരേണ്ടതാണ് എന്ന് മതപണ്ഡിതന്മാർ പറയുന്നത് എന്തുകൊണ്ട്?” എന്ന് അവർ യേശുവിനോടു ചോദിച്ചു. അതിനു യേശു അവരോടു പറഞ്ഞു: “എല്ലാം ഒരുക്കുന്നതിന് ആദ്യം ഏലിയാ വരുന്നു; എന്നാൽ മനുഷ്യപുത്രൻ വളരെയധികം കഷ്ടപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യേണ്ടതാണെന്നല്ലേ എഴുതിയിരിക്കുന്നത്? ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാ വന്നു കഴിഞ്ഞു. അദ്ദേഹത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതുപോലെ അവർ അദ്ദേഹത്തോടു യഥേഷ്ടം പ്രവർത്തിച്ചു.” അവർ ശിഷ്യന്മാരുടെ അടുക്കലെത്തിയപ്പോൾ ഒരു വലിയ ജനസഞ്ചയം അവരുടെ ചുറ്റും കൂടിനില്‌ക്കുന്നതും മതപണ്ഡിതന്മാർ അവരോടു തർക്കിക്കുന്നതും കണ്ടു. യേശുവിനെ പെട്ടെന്നു കണ്ടപ്പോൾ ജനങ്ങൾ ആശ്ചര്യഭരിതരായി ഓടിവന്ന് അവിടുത്തെ അഭിവാദനം ചെയ്തു. അവിടുന്ന് അവരോടു ചോദിച്ചു: “നിങ്ങളെന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?” ജനക്കൂട്ടത്തിലൊരാൾ പറഞ്ഞു: “ഗുരോ, എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നു; അവനിൽ ഒരു മൂകനായ ദുഷ്ടാത്മാവുള്ളതുകൊണ്ട് അവനു സംസാരിക്കുവാൻ കഴിവില്ല. ആവേശിക്കുന്നിടത്തുവച്ച് അത് അവനെ തള്ളിയിടുന്നു. അവന്റെ വായിൽനിന്നു നുരയും പതയും വരികയും അവൻ പല്ലുകടിക്കുകയും ചെയ്യും. അതോടെ അവന്റെ ദേഹം വിറങ്ങലിച്ചുപോകുകയും ചെയ്യുന്നു. ഈ ഭൂതത്തെ പുറത്താക്കണമെന്ന് അങ്ങയുടെ ശിഷ്യന്മാരോടു ഞാൻ അപേക്ഷിച്ചു. പക്ഷേ അവർക്കു കഴിഞ്ഞില്ല.” അപ്പോൾ യേശു അവരോടു പറഞ്ഞു: “അവിശ്വാസികളായ തലമുറക്കാരേ, എത്രകാലം ഞാൻ നിങ്ങളോടുകൂടിയിരിക്കണം? എത്രകാലം ഞാൻ നിങ്ങളെ വഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.” അവർ ആ ബാലനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശുവിനെ കണ്ടയുടൻ ആ ഭൂതം അവനെ വിറപ്പിച്ച് ശരീരം കോട്ടി തള്ളിയിട്ടു. അവൻ വായിൽനിന്നു നുര പുറപ്പെടുവിച്ചുകൊണ്ട് നിലത്തുകിടന്നുരുണ്ടു. യേശു അവന്റെ പിതാവിനോട്, “ഇതു തുടങ്ങിയിട്ട് എത്രകാലമായി?” എന്നു ചോദിച്ചു. “കുട്ടിക്കാലം മുതൽത്തന്നെ തുടങ്ങിയതാണ്; ഇവനെ നശിപ്പിക്കുന്നതിനുവേണ്ടി പലപ്പോഴും തീയിലും വെള്ളത്തിലും അത് ഇവനെ തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിയുമെങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിച്ചാലും” എന്ന് അയാൾ പറഞ്ഞു. “കഴിയുമെങ്കിൽ എന്നോ!” യേശു പറഞ്ഞു; “വിശ്വസിക്കുന്നവനു സകലവും സാധ്യമാണ്.” ഉടനെ ആ കുട്ടിയുടെ പിതാവ് “നാഥാ! ഞാൻ വിശ്വസിക്കുന്നു; എന്റെ വിശ്വാസത്തിന്റെ പോരായ്മ നികത്താൻ സഹായിച്ചാലും” എന്ന് ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു. ജനം തിങ്ങിക്കൂടുന്നതു കണ്ടപ്പോൾ യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: “ബധിരനും മൂകനുമായ ആത്മാവേ, ഇവനിൽനിന്നു ഒഴിഞ്ഞുപോകൂ! ഇനി ഒരിക്കലും ഇവനിൽ പ്രവേശിക്കരുത് എന്നു ഞാൻ നിന്നോടാജ്ഞാപിക്കുന്നു.” അപ്പോൾ അത് അലറിക്കൊണ്ട് അവനെ ഞെരിച്ചിഴച്ച് അവനിൽനിന്ന് ഒഴിഞ്ഞുപോയി. ആ ബാലൻ മരിച്ചവനെപ്പോലെ ആയി. “അവൻ മരിച്ചുപോയി” എന്നു പലരും പറഞ്ഞു. യേശു അവന്റെ കൈക്കു പിടിച്ചു പൊക്കി; അവൻ എഴുന്നേറ്റു നിന്നു. യേശു വീട്ടിൽ വന്നപ്പോൾ ശിഷ്യന്മാർ അവിടുത്തോടു രഹസ്യമായി ചോദിച്ചു; ‘ഞങ്ങൾക്കതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” അവിടുന്ന് അരുൾചെയ്തു: “ഈ വകയെ ബഹിഷ്കരിക്കുവാൻ പ്രാർഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും സാധ്യമല്ല.”