YouVersion Logo
Search Icon

MARKA 7:14-37

MARKA 7:14-37 MALCLBSI

യേശു ജനാവലിയെ വീണ്ടും അടുക്കൽ വിളിച്ച് അവരോടു പറഞ്ഞു: “നിങ്ങൾ എല്ലാവരും ഞാൻ പറയുന്നതു ശ്രദ്ധിച്ചു മനസ്സിലാക്കുക. പുറത്തുനിന്ന് ഒരുവന്റെ ഉള്ളിലേക്കു ചെല്ലുന്നതൊന്നും അവനെ അശുദ്ധനാക്കുകയില്ല. പ്രത്യുത, മനുഷ്യനിൽനിന്നു പുറത്തേക്കു വരുന്നതാണ് അവനെ മലിനപ്പെടുത്തുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.” ജനക്കൂട്ടത്തെവിട്ട് യേശു വീട്ടിലെത്തിയപ്പോൾ ശിഷ്യന്മാർ പ്രസ്തുത ദൃഷ്ടാന്തത്തെപ്പറ്റി അവിടുത്തോടു ചോദിച്ചു. അവിടുന്ന് അവരോട് അരുൾചെയ്തു: “നിങ്ങളും ഇത്ര ബുദ്ധിയില്ലാത്തവരാണോ? പുറത്തുനിന്നു മനുഷ്യന്റെ ഉള്ളിലെത്തുന്ന ഒന്നിനും അവനെ മലിനപ്പെടുത്തുവാൻ സാധ്യമല്ലെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? അതു ഹൃദയത്തിലല്ല, ഉദരത്തിലാണു ചെല്ലുന്നത്; പിന്നീടു വിസർജിക്കപ്പെടുകയും ചെയ്യുന്നു.” ഇങ്ങനെ പ്രസ്താവിച്ചുകൊണ്ട് എല്ലാ ഭക്ഷണസാധനങ്ങളും ശുദ്ധമാണെന്ന് യേശു സൂചിപ്പിച്ചു. അവിടുന്നു തുടർന്നു പറഞ്ഞു: “മനുഷ്യനിൽനിന്നു പുറപ്പെടുന്നതാണ് അവനെ അശുദ്ധനാക്കുന്നത്. എന്തെന്നാൽ ഉള്ളിൽനിന്ന്, അതായത് അവന്റെ ഹൃദയത്തിൽനിന്ന് ദുഷ്ടവിചാരം, അവിഹിതവേഴ്ച, മോഷണം, കൊലപാതകം, വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, ചതി, ഭോഗാസക്തി, അസൂയ, ദൈവദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറത്തേക്കു വരുന്നു. ഈ ദോഷങ്ങളെല്ലാം ഉള്ളിൽനിന്നു പുറപ്പെട്ട് മനുഷ്യനെ അശുദ്ധനാക്കുന്നു.” യേശു അവിടെനിന്ന് സോർ പ്രദേശത്തേക്കുപോയി. അവിടെയുള്ള ഒരു വീട്ടിൽ അദ്ദേഹം ചെന്നു. അത് ആരും അറിയരുതെന്ന് അവിടുന്ന് ആഗ്രഹിച്ചു. പക്ഷേ അവിടുത്തെ സാന്നിധ്യം മറച്ചുവയ്‍ക്കുക സാധ്യമല്ലായിരുന്നു. ദുഷ്ടാത്മാവു ബാധിച്ച ഒരു പെൺകുട്ടിയുടെ അമ്മ യേശുവിനെപ്പറ്റി കേട്ട് അവിടെയെത്തി അവിടുത്തെ പാദാന്തികത്തിൽ സാഷ്ടാംഗം വീണു വണങ്ങി. അവർ സിറിയയിലെ ഫൊയ്നിക്യയിൽ ജനിച്ച ഒരു ഗ്രീക്കു വനിതയായിരുന്നു. തന്റെ മകളിൽനിന്ന് ആ ദുഷ്ടാത്മാവിനെ പുറത്താക്കണമെന്ന് അവർ യേശുവിനോട് അപേക്ഷിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “ആദ്യം മക്കൾ തിന്നു തൃപ്തരാകട്ടെ: മക്കൾക്കുള്ള അപ്പം എടുത്തു നായ്‍ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ.” എന്നാൽ അതിനു മറുപടിയായി, “കർത്താവേ, മേശയുടെ കീഴിലിരിക്കുന്ന നായ്‍ക്കുട്ടികൾപോലും മക്കളുടെ കൈയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ” എന്ന് അവർ പറഞ്ഞു. ‘നീ പറഞ്ഞതു ശരി; പൊയ്‍ക്കൊള്ളുക; ദുഷ്ടാത്മാവ് നിന്റെ മകളെ വിട്ടുപോയിരിക്കുന്നു” എന്ന് യേശു പറഞ്ഞു. ആ സ്‍ത്രീ വീട്ടിൽ മടങ്ങിച്ചെന്നപ്പോൾ അവരുടെ മകൾ ഭൂതോപദ്രവത്തിൽനിന്നു വിമുക്തയായി കിടക്കയിൽ കിടക്കുന്നതു കണ്ടു. പിന്നീട് യേശു സോരിൽനിന്ന് സീദോൻവഴി ദക്കപ്പൊലി ദേശത്തുകൂടി ഗലീലത്തടാകതീരത്തേക്കു മടങ്ങിപ്പോയി. അപ്പോൾ ബധിരനും മൂകനുമായ ഒരു മനുഷ്യനെ ചിലർ അവിടുത്തെ അടുക്കൽ കൊണ്ടുവന്ന് അയാളുടെമേൽ കൈകൾ വയ്‍ക്കണമെന്ന് അപേക്ഷിച്ചു. യേശു ആ മനുഷ്യനെ ആൾക്കൂട്ടത്തിൽനിന്ന് രഹസ്യമായി മാറ്റി നിറുത്തി അയാളുടെ ചെവിയിൽ വിരലുകൾ ഇടുകയും തുപ്പൽകൊണ്ട് നാവിൽ സ്പർശിക്കുകയും ചെയ്തു; പിന്നീട് സ്വർഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടുകൊണ്ട് “എഫഥാ” എന്ന് അയാളോടു പറഞ്ഞു; അതിനു ‘തുറക്കപ്പെടട്ടെ’ എന്നർഥം. അപ്പോൾ ആ ബധിരന്റെ ചെവി തുറന്നു. അയാളുടെ നാവിന്റെ ബന്ധനം അഴിഞ്ഞു സ്പഷ്ടമായി സംസാരിക്കുകയും ചെയ്തു. ഇത് ആരോടും പറയരുതെന്ന് അവിടുന്ന് അവരോട് ആജ്ഞാപിച്ചു. എന്നാൽ എത്ര നിഷ്കർഷാപൂർവം അവിടുന്ന് ആജ്ഞാപിച്ചുവോ അത്രയധികം അവർ ഈ സംഭവം വിളംബരം ചെയ്തു. ഇതു കേട്ടവരെല്ലാം അത്യന്തം ആശ്ചര്യഭരിതരായി. “എത്ര നന്നായിട്ടാണ് അവിടുന്ന് എല്ലാം ചെയ്യുന്നത്! ബധിരർക്കു ശ്രവണശക്തിയും മൂകർക്കു സംസാരശേഷിയും അവിടുന്നു പ്രദാനം ചെയ്യുന്നു” എന്നു പറഞ്ഞു.