MARKA 7:1-13
MARKA 7:1-13 MALCLBSI
യെരൂശലേമിൽനിന്നു പരീശന്മാരും ചില മതപണ്ഡിതന്മാരും യേശുവിന്റെ അടുക്കൽ വന്നുകൂടി. അവിടുത്തെ ശിഷ്യന്മാരിൽ ചിലർ അവരുടെ ആചാരപ്രകാരം ശുദ്ധമാക്കാത്ത കൈകൊണ്ട് അതായത് കഴുകാത്ത കൈകൊണ്ട്, ഭക്ഷണം കഴിക്കുന്നത് അവർ കണ്ടു. പൂർവികരുടെ പരമ്പരാഗതമായ ആചാരമനുസരിച്ച് പരീശന്മാരും യെഹൂദന്മാരും കൈകഴുകാതെ ഭക്ഷണം കഴിക്കുമായിരുന്നില്ല. ചന്തയിൽനിന്നു വരുമ്പോഴും കുളിക്കാതെ അവർ ഭക്ഷണം കഴിക്കുകയില്ല, പാനപാത്രങ്ങളും കുടങ്ങളും ഓട്ടുപാത്രങ്ങളും കഴുകുക തുടങ്ങി പല ആചാരങ്ങളും അവർ അനുഷ്ഠിച്ചുപോന്നിരുന്നു. അതിനാൽ പരീശന്മാരും മതപണ്ഡിതന്മാരും യേശുവിനോടു ചോദിച്ചു: “താങ്കളുടെ ശിഷ്യന്മാർ നമ്മുടെ പൂർവികന്മാരുടെ ആചാരങ്ങൾ അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത്? യേശു പ്രതിവചിച്ചു: “കപടഭക്തരായ നിങ്ങളെക്കുറിച്ച് യെശയ്യാ പ്രവചിച്ചത് എത്ര ശരിയാണ്: ഈ ജനം അധരംകൊണ്ട് എന്നെ ആദരിക്കുന്നു, അവരുടെ ഹൃദയമാകട്ടെ, എന്നിൽനിന്ന് അകന്നിരിക്കുന്നു; മനുഷ്യർ നടപ്പാക്കിയ അനുശാസനങ്ങളെ ദൈവത്തിന്റെ പ്രമാണങ്ങളെന്നവിധം പഠിപ്പിക്കുന്നതുകൊണ്ട് എന്നെ അവർ ആരാധിക്കുന്നത് വ്യർഥമാണ്. നിങ്ങൾ ദൈവത്തിന്റെ ധർമശാസനം ഉപേക്ഷിച്ചിട്ട് മനുഷ്യന്റെ അനുശാസനങ്ങൾ മുറുകെപ്പിടിക്കുന്നു. പിന്നീട് അവിടുന്നു പറഞ്ഞു: “നിങ്ങളുടെ പാരമ്പര്യം പാലിക്കുന്നതിനുവേണ്ടി, ദൈവത്തിന്റെ ധർമശാസനങ്ങളെ കൗശലപൂർവം നിങ്ങൾ നിരാകരിക്കുന്നു! നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം എന്നും പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവൻ നിശ്ചയമായും മരിക്കണം എന്നും മോശ അനുശാസിച്ചിട്ടുണ്ട്. എന്നാൽ ഒരുവൻ തന്റെ മാതാവിനോടോ പിതാവിനോടോ ‘നിങ്ങളെ സംരക്ഷിക്കുവാൻ എന്റെ കൈവശമുള്ളത് കൊർബാൻ, അഥവാ ദൈവത്തിനു സമർപ്പിതം ആകുന്നു’ എന്നു പറഞ്ഞാൽ പിന്നെ തന്റെ മാതാവിനോ പിതാവിനോ എന്തെങ്കിലും ചെയ്യുവാൻ അയാളെ നിങ്ങൾ അനുവദിക്കുന്നില്ല. ഇങ്ങനെ നിങ്ങളുടെ മാമൂൽകൊണ്ട് ഈശ്വരകല്പനകളെ നിങ്ങൾ നിരർഥകമാക്കുന്നു; ഇങ്ങനെയുള്ള പല കാര്യങ്ങളും നിങ്ങൾ ചെയ്യുന്നുണ്ട്.”