MARKA 6:30-56
MARKA 6:30-56 MALCLBSI
അപ്പോസ്തോലന്മാർ തിരിച്ചുവന്ന് തങ്ങൾ ചെയ്തതും പഠിപ്പിച്ചതും എല്ലാം യേശുവിനോടു പറഞ്ഞു. നിരവധിയാളുകൾ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നതിനാൽ യേശുവിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കുവാൻപോലും സമയം കിട്ടിയിരുന്നില്ല. അതുകൊണ്ട് യേശു അപ്പോസ്തോലന്മാരോട്: “നിങ്ങൾ വരിക, നമുക്ക് ഒരു വിജനസ്ഥലത്തുപോയി അല്പസമയം വിശ്രമിക്കാം” എന്നു പറഞ്ഞു. അവർ വഞ്ചിയിൽകയറി തനിച്ച് ഒരു ഏകാന്തസ്ഥലത്തേക്കു പോയി. അവർ പോകുന്നതു പലരും കാണുകയും അറിയുകയും ചെയ്തു. അങ്ങനെ എല്ലാ പട്ടണങ്ങളിൽനിന്നും ആളുകൾ കരമാർഗം ഓടി യേശുവും ശിഷ്യന്മാരും എത്തുന്നതിനുമുമ്പ് അവിടെ എത്തി. യേശു കരയ്‍ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനസഞ്ചയത്തെ കണ്ടു. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരുന്നതുകൊണ്ട് അവിടുത്തേക്ക് അവരോട് അനുകമ്പയുണ്ടായി. അവിടുന്നു പലകാര്യങ്ങൾ അവരെ പഠിപ്പിക്കുവാൻ തുടങ്ങി. നേരം വൈകിയപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു: “ഇതൊരു വിജനസ്ഥലമാണല്ലോ; നേരവും നന്നേ വൈകിയിരിക്കുന്നു. കുടിപാർപ്പുള്ള സമീപസ്ഥലങ്ങളിലോ ഗ്രാമങ്ങളിലോ ചെന്ന് എന്തെങ്കിലും വാങ്ങി ഭക്ഷിക്കുവാൻ ജനങ്ങളെ പറഞ്ഞയച്ചാലും.” യേശു അവരോട്: “നിങ്ങൾത്തന്നെ അവർക്കു ഭക്ഷിക്കുവാൻ കൊടുക്കുക” എന്നു പറഞ്ഞു. അപ്പോൾ അവർ: “ഞങ്ങൾ പോയി ഇരുനൂറു ദിനാറിന് അപ്പം വാങ്ങി ഇവർക്കു കൊടുക്കണമെന്നാണോ അങ്ങു പറയുന്നത്?” എന്ന് ചോദിച്ചു. “നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? പോയി നോക്കൂ” എന്ന് യേശു അവരോടു പറഞ്ഞു. അവർ നോക്കിയശേഷം “അഞ്ചപ്പവും രണ്ടു മീനും ഉണ്ട്” എന്നറിയിച്ചു. ജനങ്ങളെ പച്ചപ്പുൽത്തറയിൽ പന്തിയായി ഇരുത്തുവാൻ യേശു അവരോടാജ്ഞാപിച്ചു. അവർ നൂറും അമ്പതുംപേർ വീതമുള്ള പന്തികളായി ഇരുന്നു. യേശു ആ അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി അപ്പം മുറിച്ചു ജനങ്ങൾക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. ആ രണ്ടുമീനും അവർക്കു പങ്കിട്ടു കൊടുത്തു. എല്ലാവരും ഭക്ഷിച്ചു സംതൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങളും മീൻ നുറുക്കുകളും അവർ പന്ത്രണ്ടു കുട്ട നിറച്ചെടുത്തു. അപ്പം തിന്നവരിൽ പുരുഷന്മാർതന്നെ അയ്യായിരം പേരുണ്ടായിരുന്നു. യേശു ജനത്തെ പിരിച്ചുവിടുന്നതിനിടയ്‍ക്ക്, ശിഷ്യന്മാർ മുൻകൂട്ടി വഞ്ചിയിൽ കയറി തടാകത്തിനക്കരെയുള്ള ബെത്‍സെയ്ദയിലേക്കു പോകുവാൻ ആജ്ഞാപിച്ചു. അവരെ പറഞ്ഞയച്ചശേഷം പ്രാർഥിക്കുന്നതിനായി അവിടുന്നു മലയിലേക്കു പോയി. സന്ധ്യ ആയപ്പോൾ വഞ്ചി തടാകത്തിന്റെ നടുവിലും യേശു ഏകനായി കരയിലുമായിരുന്നു. കാറ്റ് അവർക്കു പ്രതികൂലമായിരുന്നതുകൊണ്ട് അവർ തുഴഞ്ഞു കുഴയുന്നത് അവിടുന്നു കണ്ടു. രാത്രിയുടെ നാലാംയാമത്തിൽ അവിടുന്ന് ജലപ്പരപ്പിലൂടെ നടന്ന് അവരുടെ അടുക്കലെത്തി. അവിടുന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു. യേശു വെള്ളത്തിന്മീതെ നടക്കുന്നതുകണ്ട് ഒരു ഭൂതമായിരിക്കുമെന്നു വിചാരിച്ച് അവർ നിലവിളിച്ചു. അവിടുത്തെ ആ നിലയിൽ കണ്ട് അവർ എല്ലാവരും വല്ലാതെ ഭയപ്പെട്ടു. ഉടനെ അവിടുന്ന് അരുൾചെയ്തു: “ധൈര്യപ്പെടുക; ഇതു ഞാൻ തന്നെയാണ്; ഭയപ്പെടേണ്ടാ.” പിന്നീട് അവിടുന്ന് അവരോടു കൂടി വഞ്ചിയിൽ കയറി. കാറ്റ് ഉടനെ ശമിച്ചു. അവർ അദ്ഭുതംകൊണ്ടു സ്തംഭിച്ചുപോയി. എന്തെന്നാൽ അയ്യായിരം പേർക്ക് അപ്പം കൊടുത്തു സംതൃപ്തരാക്കിയതിന്റെ മർമം അവർ ഗ്രഹിച്ചിരുന്നില്ല; അവരുടെ മനസ്സിന് അത് ഉൾക്കൊള്ളാനുള്ള കഴിവും ഉണ്ടായിരുന്നില്ല. അവർ അക്കരെ ഗന്നേസരെത്ത് എന്ന സ്ഥലത്തു കരയ്‍ക്കിറങ്ങി. അവർ വഞ്ചിയിൽ നിന്നിറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു. അവർ സമീപപ്രദേശങ്ങളിലെല്ലാം ഓടിനടന്ന് രോഗികളെ കിടക്കയോടുകൂടി എടുത്തുകൊണ്ട് യേശു വന്നിട്ടുണ്ടെന്നു കേട്ട സ്ഥലങ്ങളിൽ ചെന്നുതുടങ്ങി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും എന്നല്ല, അവിടുന്നു ചെല്ലുന്നിടത്തെല്ലാം ജനങ്ങൾ രോഗികളെ വീഥികളിൽ കിടത്തുമായിരുന്നു. “അവിടുത്തെ വസ്ത്രത്തിന്റെ അഗ്രത്തിലെങ്കിലും സ്പർശിക്കുവാൻ അനുവദിക്കണേ” എന്ന് അവർ കേണപേക്ഷിച്ചു. അവിടുത്തെ സ്പർശിച്ചവരെല്ലാം സുഖംപ്രാപിക്കുകയും ചെയ്തു.