MARKA 5:35-43
MARKA 5:35-43 MALCLBSI
യേശു ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സുനഗോഗ് അധികാരിയുടെ വീട്ടിൽനിന്ന് ഏതാനും ആളുകൾ വന്ന് “അങ്ങയുടെ മകൾ മരിച്ചുപോയി; ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നതെന്തിന്?” എന്നു യായിറോസിനോടു പറഞ്ഞു. യേശു അതു ഗൗനിക്കാതെ അയാളോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക” എന്നു പറഞ്ഞു. പത്രോസ്, യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ എന്നിവരൊഴികെ മറ്റാരെയും തന്റെകൂടെ ചെല്ലാൻ യേശു അനുവദിച്ചില്ല. അവർ യായിറോസിന്റെ ഭവനത്തിലെത്തിയപ്പോൾ അവിടെ വലിയ ബഹളവും ഉച്ചത്തിലുള്ള കരച്ചിലും മുറവിളിയും ആയിരുന്നു. യേശു അകത്തു കടന്ന്, “ഈ ബഹളവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ അവർ യേശുവിനെ പരിഹസിച്ചു. എന്നാൽ അവിടുന്ന് അവരെയെല്ലാം പുറത്താക്കിയശേഷം കുട്ടിയുടെ മാതാപിതാക്കളെയും കൂടെയുണ്ടായിരുന്ന ശിഷ്യന്മാരെയും കൂട്ടിക്കൊണ്ട് അവൾ കിടന്നിരുന്ന സ്ഥലത്തു ചെന്ന് അവളുടെ കൈക്കു പിടിച്ചുകൊണ്ട് “തലീഥാ കും” എന്ന് അവളോടു പറഞ്ഞു. ‘കുട്ടീ, എഴുന്നേല്‌ക്കുക എന്നു ഞാൻ നിന്നോടു പറയുന്നു’ എന്നാണതിനർഥം. തൽക്ഷണം അവൾ എഴുന്നേറ്റു നടന്നു. അവൾക്കു പന്ത്രണ്ടുവയസ്സുണ്ടായിരുന്നു. അവർ ആശ്ചര്യപരതന്ത്രരായി. ഈ സംഭവം ആരും അറിയരുതെന്ന് യേശു കർശനമായി അവരോട് ആജ്ഞാപിച്ചു. പിന്നീട് ‘അവൾക്ക് എന്തെങ്കിലും ആഹാരം കൊടുക്കുക’ എന്നും പറഞ്ഞു.