MARKA 5:25-34
MARKA 5:25-34 MALCLBSI
പന്ത്രണ്ടു വർഷമായി രക്തസ്രാവരോഗം മൂലം കഷ്ടപ്പെട്ട ഒരു സ്‍ത്രീയും അക്കൂട്ടത്തിലുണ്ടായിരുന്നു. അനേകം വൈദ്യന്മാർ ചികിത്സിക്കുകയും ഉണ്ടായിരുന്ന പണമെല്ലാം ചെലവിടുകയും ചെയ്തിട്ടും ആ സ്‍ത്രീയുടെ രോഗം ഭേദമാകാതെ ഒന്നിനൊന്നു കൂടുകയാണു ചെയ്തത്. അവർ യേശുവിനെപ്പറ്റി കേട്ടിരുന്നു. അവിടുത്തെ വസ്ത്രത്തിലെങ്കിലും ഒന്നു തൊടാൻ കഴിഞ്ഞാൽ തനിക്കു സൗഖ്യം ലഭിക്കുമെന്ന് ആ രോഗിണി ആത്മഗതം ചെയ്തു. അങ്ങനെ ആൾത്തിരക്കിനിടയിൽ ആ സ്‍ത്രീ യേശുവിന്റെ പിറകിൽചെന്ന് അവിടുത്തെ വസ്ത്രത്തിൽ തൊട്ടു. തൽക്ഷണം അവരുടെ രക്തസ്രാവം നിലച്ചു; തന്റെ രോഗം വിട്ടുമാറിയതായി ശരീരത്തിൽ അവർക്ക് അനുഭവപ്പെടുകയും ചെയ്തു. തന്നിൽനിന്നു ശക്തി പുറപ്പെട്ടുവെന്നു മനസ്സിലാക്കിക്കൊണ്ട്, ആ ആൾത്തിരക്കിനിടയിൽ യേശു പെട്ടെന്നു തിരിഞ്ഞുനിന്ന് “ആരാണ് എന്റെ വസ്ത്രത്തിൽ തൊട്ടത്” എന്നു ചോദിച്ചു. അപ്പോൾ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “ജനങ്ങൾ അങ്ങയെ തിക്കിഞെരുക്കുന്നതു കാണുന്നില്ലേ? എന്നിട്ടും ‘എന്നെ തൊട്ടത് ആർ?’ എന്ന് അങ്ങു ചോദിക്കുകയാണോ?” എങ്കിലും തന്നെ ആരാണു തൊട്ടതെന്നറിയാൻ യേശു ചുറ്റും നോക്കി. എന്നാൽ തന്റെ ശരീരത്തിൽ സംഭവിച്ചതെന്തെന്നു മനസ്സിലാക്കിയ ആ സ്‍ത്രീ ഭയപ്പെട്ടു വിറച്ചുകൊണ്ട് അവിടുത്തെ മുമ്പിൽ സാഷ്ടാംഗം വീണ്, സത്യം മുഴുവൻ തുറന്നുപറഞ്ഞു. യേശു അവരോട്: “മകളേ, നിന്റെ വിശ്വാസം നിനക്കു സൗഖ്യം നല്‌കിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക; നീ ആരോഗ്യവതിയായി ജീവിക്കുക” എന്നു പറഞ്ഞു.





