YouVersion Logo
Search Icon

MARKA 5:21-43

MARKA 5:21-43 MALCLBSI

യേശു വഞ്ചിയിൽ കയറി വീണ്ടും മറുകരയെത്തി. ഒരു വലിയ ജനാവലി അവിടെ വന്നുകൂടി. യേശു തടാകത്തിന്റെ തീരത്ത് ഇരിക്കുമ്പോൾ അവിടത്തെ സുനഗോഗിന്റെ അധികാരികളിലൊരുവനായ യായിറോസ് അവിടുത്തെ അടുക്കൽ വന്നു. അവിടുത്തെ കണ്ടയുടനെ അയാൾ അവിടുത്തെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചുകൊണ്ട് കേണപേക്ഷിച്ചു. “എന്റെ കുഞ്ഞുമകൾ ആസന്നമരണയായി കിടക്കുന്നു; അങ്ങു വന്ന് അവളുടെമേൽ കൈകൾ വയ്‍ക്കണമേ. അവിടുന്ന് അങ്ങനെ ചെയ്താൽ അവൾ രോഗവിമുക്തയായി ജീവിക്കും. യേശു ഉടനെ യായിറോസിന്റെ കൂടെ പുറപ്പെട്ടു. ഒരു വലിയ ജനസഞ്ചയം തിക്കിഞെരുക്കിക്കൊണ്ട് അവിടുത്തെ പിന്നാലെ ചെന്നു. പന്ത്രണ്ടു വർഷമായി രക്തസ്രാവരോഗം മൂലം കഷ്ടപ്പെട്ട ഒരു സ്‍ത്രീയും അക്കൂട്ടത്തിലുണ്ടായിരുന്നു. അനേകം വൈദ്യന്മാർ ചികിത്സിക്കുകയും ഉണ്ടായിരുന്ന പണമെല്ലാം ചെലവിടുകയും ചെയ്തിട്ടും ആ സ്‍ത്രീയുടെ രോഗം ഭേദമാകാതെ ഒന്നിനൊന്നു കൂടുകയാണു ചെയ്തത്. അവർ യേശുവിനെപ്പറ്റി കേട്ടിരുന്നു. അവിടുത്തെ വസ്ത്രത്തിലെങ്കിലും ഒന്നു തൊടാൻ കഴിഞ്ഞാൽ തനിക്കു സൗഖ്യം ലഭിക്കുമെന്ന് ആ രോഗിണി ആത്മഗതം ചെയ്തു. അങ്ങനെ ആൾത്തിരക്കിനിടയിൽ ആ സ്‍ത്രീ യേശുവിന്റെ പിറകിൽചെന്ന് അവിടുത്തെ വസ്ത്രത്തിൽ തൊട്ടു. തൽക്ഷണം അവരുടെ രക്തസ്രാവം നിലച്ചു; തന്റെ രോഗം വിട്ടുമാറിയതായി ശരീരത്തിൽ അവർക്ക് അനുഭവപ്പെടുകയും ചെയ്തു. തന്നിൽനിന്നു ശക്തി പുറപ്പെട്ടുവെന്നു മനസ്സിലാക്കിക്കൊണ്ട്, ആ ആൾത്തിരക്കിനിടയിൽ യേശു പെട്ടെന്നു തിരിഞ്ഞുനിന്ന് “ആരാണ് എന്റെ വസ്ത്രത്തിൽ തൊട്ടത്” എന്നു ചോദിച്ചു. അപ്പോൾ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “ജനങ്ങൾ അങ്ങയെ തിക്കിഞെരുക്കുന്നതു കാണുന്നില്ലേ? എന്നിട്ടും ‘എന്നെ തൊട്ടത് ആർ?’ എന്ന് അങ്ങു ചോദിക്കുകയാണോ?” എങ്കിലും തന്നെ ആരാണു തൊട്ടതെന്നറിയാൻ യേശു ചുറ്റും നോക്കി. എന്നാൽ തന്റെ ശരീരത്തിൽ സംഭവിച്ചതെന്തെന്നു മനസ്സിലാക്കിയ ആ സ്‍ത്രീ ഭയപ്പെട്ടു വിറച്ചുകൊണ്ട് അവിടുത്തെ മുമ്പിൽ സാഷ്ടാംഗം വീണ്, സത്യം മുഴുവൻ തുറന്നുപറഞ്ഞു. യേശു അവരോട്: “മകളേ, നിന്റെ വിശ്വാസം നിനക്കു സൗഖ്യം നല്‌കിയിരിക്കുന്നു; സമാധാനത്തോടുകൂടി പോകുക; നീ ആരോഗ്യവതിയായി ജീവിക്കുക” എന്നു പറഞ്ഞു. യേശു ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സുനഗോഗ് അധികാരിയുടെ വീട്ടിൽനിന്ന് ഏതാനും ആളുകൾ വന്ന് “അങ്ങയുടെ മകൾ മരിച്ചുപോയി; ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നതെന്തിന്?” എന്നു യായിറോസിനോടു പറഞ്ഞു. യേശു അതു ഗൗനിക്കാതെ അയാളോട്: “ഭയപ്പെടേണ്ടാ, വിശ്വസിക്കുക മാത്രം ചെയ്യുക” എന്നു പറഞ്ഞു. പത്രോസ്, യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ എന്നിവരൊഴികെ മറ്റാരെയും തന്റെകൂടെ ചെല്ലാൻ യേശു അനുവദിച്ചില്ല. അവർ യായിറോസിന്റെ ഭവനത്തിലെത്തിയപ്പോൾ അവിടെ വലിയ ബഹളവും ഉച്ചത്തിലുള്ള കരച്ചിലും മുറവിളിയും ആയിരുന്നു. യേശു അകത്തു കടന്ന്, “ഈ ബഹളവും കരച്ചിലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. ഇതുകേട്ടപ്പോൾ അവർ യേശുവിനെ പരിഹസിച്ചു. എന്നാൽ അവിടുന്ന് അവരെയെല്ലാം പുറത്താക്കിയശേഷം കുട്ടിയുടെ മാതാപിതാക്കളെയും കൂടെയുണ്ടായിരുന്ന ശിഷ്യന്മാരെയും കൂട്ടിക്കൊണ്ട് അവൾ കിടന്നിരുന്ന സ്ഥലത്തു ചെന്ന് അവളുടെ കൈക്കു പിടിച്ചുകൊണ്ട് “തലീഥാ കും” എന്ന് അവളോടു പറഞ്ഞു. ‘കുട്ടീ, എഴുന്നേല്‌ക്കുക എന്നു ഞാൻ നിന്നോടു പറയുന്നു’ എന്നാണതിനർഥം. തൽക്ഷണം അവൾ എഴുന്നേറ്റു നടന്നു. അവൾക്കു പന്ത്രണ്ടുവയസ്സുണ്ടായിരുന്നു. അവർ ആശ്ചര്യപരതന്ത്രരായി. ഈ സംഭവം ആരും അറിയരുതെന്ന് യേശു കർശനമായി അവരോട് ആജ്ഞാപിച്ചു. പിന്നീട് ‘അവൾക്ക് എന്തെങ്കിലും ആഹാരം കൊടുക്കുക’ എന്നും പറഞ്ഞു.