YouVersion Logo
Search Icon

MARKA 5:1-10

MARKA 5:1-10 MALCLBSI

അവർ ഗലീലത്തടാകത്തിന്റെ മറുകരയുള്ള ഗരസീന്യരുടെ ദേശത്തെത്തി. വഞ്ചിയിൽനിന്നു കരയ്‍ക്കിറങ്ങിയ ഉടനെ, ശവകുടീരങ്ങളിൽ പാർത്തുവന്നിരുന്ന ഒരു മനുഷ്യനെ കണ്ടു. ഒരു അശുദ്ധാത്മാവ് അയാളെ ബാധിച്ചിരുന്നു. ചങ്ങലകൊണ്ടു പോലും ആർക്കും അയാളെ ബന്ധിച്ചു കീഴ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല. പലപ്പോഴും വിലങ്ങുകൊണ്ടും ചങ്ങലകൊണ്ടും അയാളുടെ കൈകാലുകൾ ബന്ധിച്ചിരുന്നെങ്കിലും അയാൾ വിലങ്ങുകൾ തകർക്കുകയും ചങ്ങലകൾ പൊട്ടിക്കുകയും ചെയ്തുവന്നു. ആർക്കും അയാളെ നിയന്ത്രിക്കുവാൻ കഴിഞ്ഞിരുന്നില്ല. അയാൾ അത്യുച്ചത്തിൽ അലറുകയും കല്ലുകൊണ്ട് സ്വയം പരുക്കേല്പിക്കുകയും ചെയ്തുവന്നു; രാവും പകലും ശവകുടീരങ്ങളിലും മലകളിലും കഴിച്ചുകൂട്ടി. കുറെ അകലെവച്ചുതന്നെ യേശുവിനെ കണ്ടിട്ട് അയാൾ ഓടിവന്ന് അവിടുത്തെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. അയാൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട്, “യേശുവേ, അത്യുന്നതനായ ദൈവത്തിന്റെ പുത്രാ, എന്റെ കാര്യത്തിൽ അങ്ങ് എന്തിനിടപെടുന്നു? ദൈവത്തെ ഓർത്ത് എന്നെ ദണ്ഡിപ്പിക്കരുതേ” എന്ന് അപേക്ഷിച്ചു. “ദുഷ്ടാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറത്തുപോകുക” എന്നു യേശു പറഞ്ഞതുകൊണ്ടാണ് ഇങ്ങനെ അപേക്ഷിച്ചത്. യേശു അയാളോട് “നിന്റെ പേരെന്ത്?” എന്നു ചോദിച്ചു. “എന്റെ പേരു ലെഗ്യോൻ എന്നാണ്; ഞങ്ങൾ ഒട്ടുവളരെപ്പേർ ഉണ്ട്” എന്ന് അയാൾ പ്രതിവചിച്ചു. “ഞങ്ങളെ ഈ നാട്ടിൽനിന്ന് തുരത്തിക്കളയരുതേ” എന്ന് അയാൾ കെഞ്ചി.