MARKA 15:33-41
MARKA 15:33-41 MALCLBSI
മധ്യാഹ്നം മുതൽ മൂന്നുമണിവരെ ദേശമാസകലം അന്ധകാരാവൃതമായി; മൂന്നുമണിക്ക് യേശു, “ഏലോയീ, ഏലോയീ, ലമ്മാ ശബ്ബക്താനി?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ അങ്ങ് എന്നെ കൈവിട്ടത് എന്ത്? എന്നാണ് ഇതിനർഥം. അടുത്തുനിന്നവരിൽ ചിലർ ഇതു കേട്ടപ്പോൾ, “അതാ അയാൾ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു. ഒരാൾ ഓടിപ്പോയി പുളിച്ച വീഞ്ഞിൽ സ്പഞ്ചു മുക്കി ഞാങ്ങണത്തണ്ടിൽ വച്ച് അവിടുത്തേക്ക് കുടിക്കുവാൻ കൊടുത്തു. “ആകട്ടെ ഏലിയാ ഇയാളെ താഴെ ഇറക്കാൻ വരുമോ എന്ന് നമുക്കു കാണാം” എന്ന് അവർ പറഞ്ഞു. യേശു ഉച്ചത്തിൽ നിലവിളിച്ചു പ്രാണൻ വെടിഞ്ഞു. അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല മുകളിൽനിന്നു താഴെവരെ രണ്ടായി കീറിപ്പോയി. യേശു ഇങ്ങനെ പ്രാണൻ വെടിഞ്ഞത് കണ്ടപ്പോൾ അവിടുത്തേക്ക് അഭിമുഖമായി നോക്കി നിന്നിരുന്ന ശതാധിപൻ, “തീർച്ചയായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞു. ഏതാനും സ്‍ത്രീകളും അല്പം അകലെ നിന്നുകൊണ്ട് ഇവയെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലേന മറിയവും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയവും ശലോമിയും ഉണ്ടായിരുന്നു. യേശു ഗലീലയിലായിരുന്നപ്പോൾ അവിടുത്തെ അനുഗമിക്കുകയും പരിചരിക്കുകയും ചെയ്തവരായിരുന്നു ഈ സ്‍ത്രീകൾ. അവിടുത്തോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു പല സ്‍ത്രീകളും അവിടെയുണ്ടായിരുന്നു.