YouVersion Logo
Search Icon

MARKA 15:26-47

MARKA 15:26-47 MALCLBSI

അവിടുത്തെ പേരിലുള്ള കുറ്റമായി ‘യെഹൂദന്മാരുടെ രാജാവ്’ എന്ന് മീതെ എഴുതിവച്ചു. യേശുവിന്റെ കൂടെ രണ്ടു കൊള്ളക്കാരെ ഒരാളെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു. ’അവൻ അധർമികളുടെകൂടെ എണ്ണപ്പെട്ടു’ എന്ന വേദലിഖിതം ഇങ്ങനെ സത്യമായി. അതുവഴി കടന്നുപോയവർ യേശുവിനെ ദുഷിച്ചു; “ആഹാ! ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവനല്ലേ നീ! കുരിശിൽനിന്ന് ഇറങ്ങിവന്നു നീ നിന്നെത്തന്നെ രക്ഷിക്കുക!” എന്നു തലയാട്ടിക്കൊണ്ട് അവർ പറഞ്ഞു. അതുപോലെതന്നെ മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ പരിഹസിച്ചു; അവർ അന്യോന്യം പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ തന്നെത്തന്നെ രക്ഷിക്കുവാൻ കഴിവില്ല. ഇസ്രായേലിന്റെ രാജാവായ മശിഹാ ഇപ്പോൾ കുരിശിൽനിന്ന് ഇറങ്ങിവരട്ടെ; നമുക്കു കണ്ടു വിശ്വസിക്കാമല്ലോ” യേശുവിനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവിടുത്തെ നിന്ദിച്ചു. മധ്യാഹ്നം മുതൽ മൂന്നുമണിവരെ ദേശമാസകലം അന്ധകാരാവൃതമായി; മൂന്നുമണിക്ക് യേശു, “ഏലോയീ, ഏലോയീ, ലമ്മാ ശബ്ബക്താനി?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ അങ്ങ് എന്നെ കൈവിട്ടത് എന്ത്? എന്നാണ് ഇതിനർഥം. അടുത്തുനിന്നവരിൽ ചിലർ ഇതു കേട്ടപ്പോൾ, “അതാ അയാൾ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു. ഒരാൾ ഓടിപ്പോയി പുളിച്ച വീഞ്ഞിൽ സ്പഞ്ചു മുക്കി ഞാങ്ങണത്തണ്ടിൽ വച്ച് അവിടുത്തേക്ക് കുടിക്കുവാൻ കൊടുത്തു. “ആകട്ടെ ഏലിയാ ഇയാളെ താഴെ ഇറക്കാൻ വരുമോ എന്ന് നമുക്കു കാണാം” എന്ന് അവർ പറഞ്ഞു. യേശു ഉച്ചത്തിൽ നിലവിളിച്ചു പ്രാണൻ വെടിഞ്ഞു. അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല മുകളിൽനിന്നു താഴെവരെ രണ്ടായി കീറിപ്പോയി. യേശു ഇങ്ങനെ പ്രാണൻ വെടിഞ്ഞത് കണ്ടപ്പോൾ അവിടുത്തേക്ക് അഭിമുഖമായി നോക്കി നിന്നിരുന്ന ശതാധിപൻ, “തീർച്ചയായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” എന്നു പറഞ്ഞു. ഏതാനും സ്‍ത്രീകളും അല്പം അകലെ നിന്നുകൊണ്ട് ഇവയെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലേന മറിയവും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയവും ശലോമിയും ഉണ്ടായിരുന്നു. യേശു ഗലീലയിലായിരുന്നപ്പോൾ അവിടുത്തെ അനുഗമിക്കുകയും പരിചരിക്കുകയും ചെയ്തവരായിരുന്നു ഈ സ്‍ത്രീകൾ. അവിടുത്തോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു പല സ്‍ത്രീകളും അവിടെയുണ്ടായിരുന്നു. അന്നു ശബത്തിന്റെ തലേദിവസമായ ഒരുക്കനാളായിരുന്നു. അതുകൊണ്ട് സന്ധ്യ ആയപ്പോൾ, അരിമത്യസ്വദേശിയായ യോസേഫ് ധൈര്യസമേതം പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ ശരീരം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അയാൾ സന്നദ്രിം സംഘത്തിലെ സമാദരണീയനായ ഒരു അംഗവും ദൈവരാജ്യത്തെ പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. യേശു ഇത്രവേഗം മരിച്ചു എന്നു കേട്ടതിനാൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു. അദ്ദേഹം ശതാധിപനെ വിളിച്ച്, യേശു മരിച്ചുകഴിഞ്ഞോ എന്നു ചോദിച്ചു. ശതാധിപനിൽ നിന്ന് യേശു മരിച്ച വിവരം ഗ്രഹിച്ചശേഷം ശരീരം യോസേഫിനു വിട്ടുകൊടുത്തു. അദ്ദേഹം യേശുവിന്റെ ശരീരം ഇറക്കി മൃതദേഹം പൊതിയുന്ന തുണി വാങ്ങിക്കൊണ്ടുവന്ന് അതിൽ പൊതിഞ്ഞു പാറയിൽ വെട്ടിയുണ്ടാക്കിയ കല്ലറയിൽ സംസ്കരിച്ചു; കല്ലറയുടെ വാതില്‌ക്കൽ ഒരു കല്ലുരുട്ടി വയ്‍ക്കുകയും ചെയ്തു. മഗ്ദലേന മറിയവും യോസെയുടെ അമ്മ മറിയവും യേശുവിന്റെ ശരീരം സംസ്കരിച്ച സ്ഥലം കണ്ടിരുന്നു.