YouVersion Logo
Search Icon

MARKA 14:54-72

MARKA 14:54-72 MALCLBSI

പത്രോസ് കുറേ ദൂരെ മാറി യേശുവിന്റെ പിന്നാലെ ചെന്ന്, മഹാപുരോഹിതന്റെ അരമനയുടെ അങ്കണംവരെ എത്തി, അവിടത്തെ കാവൽഭടന്മാരോടുകൂടി തീ കാഞ്ഞുകൊണ്ടിരുന്നു. മുഖ്യപുരോഹിതന്മാരും സന്നദ്രിംസംഘം മുഴുവനും യേശുവിനു വധശിക്ഷ നല്‌കുന്നതിനു അവിടുത്തേക്കെതിരെയുള്ള സാക്ഷ്യങ്ങൾ അന്വേഷിക്കുകയായിരുന്നു; പക്ഷേ ഒന്നും കണ്ടെത്തിയില്ല. യേശുവിനെതിരെ പലരും സത്യവിരുദ്ധമായ മൊഴി നല്‌കിക്കൊണ്ടിരുന്നു. എന്നാൽ അവരുടെ മൊഴികൾ പരസ്പരം പൊരുത്തപ്പെട്ടില്ല. ‘മനുഷ്യനിർമിതമായ ഈ വിശുദ്ധമന്ദിരം പൊളിച്ച് മനുഷ്യനിർമിതമല്ലാത്ത മറ്റൊന്ന് മൂന്നു ദിവസത്തിനകം ഞാൻ പണിയും’ എന്ന് ഇയാൾ പറയുന്നതു ഞങ്ങൾ കേട്ടു എന്നു ചിലർ യേശുവിനെതിരെ സാക്ഷ്യം പറഞ്ഞു. ഇതിലും അവരുടെ മൊഴികൾ തമ്മിൽ പൊരുത്തമില്ലായിരുന്നു. മഹാപുരോഹിതൻ അവരുടെ മധ്യത്തിൽ എഴുന്നേറ്റുനിന്നുകൊണ്ട് യേശുവിനോട്, “നിങ്ങൾക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്? ഇവയ്‍ക്കൊന്നും നിങ്ങൾ മറുപടി പറയുന്നില്ലേ?” എന്നു ചോദിച്ചു. എന്നാൽ യേശു ഒന്നും പറയാതെ മൗനം അവലംബിച്ചതേയുള്ളൂ. വീണ്ടും മഹാപുരോഹിതൻ ചോദിച്ചു: “നിങ്ങൾ വാഴ്ത്തപ്പെട്ട ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആണോ?” യേശു പ്രതിവചിച്ചു: അതേ, ഞാനാകുന്നു; മനുഷ്യപുത്രൻ സർവശക്തന്റെ വലത്തുഭാഗത്തിരിക്കുന്നതും വിൺമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും.” അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി. “ഇനി സാക്ഷികളുടെ ആവശ്യം എന്ത്? ഇയാൾ പറഞ്ഞ ദൈവദൂഷണം നിങ്ങൾ കേട്ടു കഴിഞ്ഞല്ലോ; നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്ന് അദ്ദേഹം ചോദിച്ചു. “ഇയാൾ വധശിക്ഷയ്‍ക്കു അർഹൻ” എന്ന് എല്ലാവരും വിധിച്ചു. ചിലർ യേശുവിന്റെമേൽ തുപ്പുകയും മുഖം മൂടിക്കെട്ടിയശേഷം “പ്രവചിച്ചാലും!” എന്നു പറഞ്ഞുകൊണ്ട് മുഷ്‍ടിചുരുട്ടി ഇടിക്കുകയും ചെയ്തു. അരമനയിലെ കാവൽഭടന്മാർ യേശുവിനെ അടിച്ചുകൊണ്ട് ഏറ്റുവാങ്ങി. പത്രോസ് താഴെ നടുമുറ്റത്തിരിക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതന്റെ ഒരു പരിചാരിക വന്നു തീ കാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “നിങ്ങളും നസറായനായ യേശുവിന്റെകൂടെ ഉണ്ടായിരുന്നുവല്ലോ” എന്നു പറഞ്ഞു. അപ്പോൾ പത്രോസ്, “നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞുകൂടാ; എനിക്കു മനസ്സിലാകുന്നുമില്ല” എന്നു തള്ളിപ്പറഞ്ഞു. അനന്തരം പത്രോസ് പുറത്തുള്ള പടിപ്പുരയിലേക്കുപോയി. അപ്പോൾ കോഴി കൂകി. ആ പരിചാരിക അദ്ദേഹത്തെ നോക്കിയിട്ട് ഈ മനുഷ്യൻ അവരിലൊരാൾ തന്നെയാണെന്ന് അടുത്തു നിന്നവരോടു വീണ്ടും പറഞ്ഞു. എന്നാൽ പത്രോസ് വീണ്ടും നിഷേധിച്ചു. കുറെക്കഴിഞ്ഞ് അടുത്തുനിന്നവർ “തീർച്ചയായും നിങ്ങൾ അവരുടെ കൂട്ടത്തിലൊരാളാണ്; നിങ്ങൾ ഒരു ഗലീലക്കാരനാണല്ലോ” എന്നു പത്രോസിനോടു പറഞ്ഞു. അപ്പോൾ അദ്ദേഹം “നിങ്ങൾ പറയുന്ന ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു സത്യം ചെയ്യുകയും ശപിക്കുകയും ചെയ്തു. തൽക്ഷണം കോഴി രണ്ടാമതും കൂകി. “കോഴി രണ്ടുവട്ടം കൂകുന്നതിനുമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്ന്” യേശു തന്നോടു പറഞ്ഞ വാക്ക് ഓർത്ത് പത്രോസ് ഉള്ളുരുകി പൊട്ടിക്കരഞ്ഞു.