MARKA 14:3-9
MARKA 14:3-9 MALCLBSI
യേശു ബേഥാന്യയിൽ, കുഷ്ഠരോഗിയായ ശിമോന്റെ ഭവനത്തിൽ ഭക്ഷണം കഴിക്കുവാനിരിക്കുമ്പോൾ, ഒരു വെൺകല്പാത്രത്തിൽ വളരെ വിലയേറിയ, ശുദ്ധമായ നർദീൻ തൈലവുമായി ഒരു സ്‍ത്രീ വന്ന്, പൊട്ടിച്ച് തൈലം അവിടുത്തെ തലയിൽ പകർന്നു. എന്നാൽ അവിടെ സന്നിഹിതരായിരുന്ന ചിലർ നീരസപ്പെട്ടു സ്വയം പറഞ്ഞു: “ഈ തൈലം ഇങ്ങനെ പാഴാക്കുന്നത് എന്തിന്? ഇതു മുന്നൂറിനുമേൽ ദിനാറിനു വിറ്റു പാവങ്ങൾക്കു കൊടുക്കാമായിരുന്നില്ലേ?” അവർ ആ സ്‍ത്രീയോട് പരുഷമായി സംസാരിച്ചു. എന്നാൽ യേശു അവരോടു പറഞ്ഞു: “ആ സ്‍ത്രീ സ്വൈരമായിരിക്കാൻ അനുവദിക്കൂ; എന്തിനവളെ അസഹ്യപ്പെടുത്തുന്നു? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്? ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടി ഉണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ അവർക്കു നന്മ ചെയ്യാമല്ലോ. എന്നാൽ ഞാൻ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല. തനിക്കു കഴിയുന്നത് ആ സ്‍ത്രീ ചെയ്തു. എന്റെ ശരീരം മുൻകൂട്ടി തൈലംപൂശി ശവസംസ്കാരത്തിനുവേണ്ടി ഒരുക്കുകയാണ് അവൾ ചെയ്തത്. ലോകത്തിലെങ്ങും സുവിശേഷം പ്രഘോഷിക്കുന്നിടത്തെല്ലാം അവൾ ചെയ്ത ഇക്കാര്യം അവളുടെ സ്മരണയ്‍ക്കായി പ്രസ്താവിക്കപ്പെടും എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.”