YouVersion Logo
Search Icon

MARKA 14:1-26

MARKA 14:1-26 MALCLBSI

പെസഹായുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവത്തിനു രണ്ടുദിവസം മുമ്പ് മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യേശുവിനെ എങ്ങനെയാണു പിടികൂടി വധിക്കേണ്ടതെന്നുള്ളതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനങ്ങളുടെ ഇടയിൽ പ്രക്ഷോഭമുണ്ടായേക്കുമെന്നു ശങ്കിച്ച് അത് ഉത്സവസമയത്താകരുതെന്ന് അവർ പറഞ്ഞു. യേശു ബേഥാന്യയിൽ, കുഷ്ഠരോഗിയായ ശിമോന്റെ ഭവനത്തിൽ ഭക്ഷണം കഴിക്കുവാനിരിക്കുമ്പോൾ, ഒരു വെൺകല്പാത്രത്തിൽ വളരെ വിലയേറിയ, ശുദ്ധമായ നർദീൻ തൈലവുമായി ഒരു സ്‍ത്രീ വന്ന്, പൊട്ടിച്ച് തൈലം അവിടുത്തെ തലയിൽ പകർന്നു. എന്നാൽ അവിടെ സന്നിഹിതരായിരുന്ന ചിലർ നീരസപ്പെട്ടു സ്വയം പറഞ്ഞു: “ഈ തൈലം ഇങ്ങനെ പാഴാക്കുന്നത് എന്തിന്? ഇതു മുന്നൂറിനുമേൽ ദിനാറിനു വിറ്റു പാവങ്ങൾക്കു കൊടുക്കാമായിരുന്നില്ലേ?” അവർ ആ സ്‍ത്രീയോട് പരുഷമായി സംസാരിച്ചു. എന്നാൽ യേശു അവരോടു പറഞ്ഞു: “ആ സ്‍ത്രീ സ്വൈരമായിരിക്കാൻ അനുവദിക്കൂ; എന്തിനവളെ അസഹ്യപ്പെടുത്തുന്നു? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്? ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടി ഉണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ അവർക്കു നന്മ ചെയ്യാമല്ലോ. എന്നാൽ ഞാൻ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല. തനിക്കു കഴിയുന്നത് ആ സ്‍ത്രീ ചെയ്തു. എന്റെ ശരീരം മുൻകൂട്ടി തൈലംപൂശി ശവസംസ്കാരത്തിനുവേണ്ടി ഒരുക്കുകയാണ് അവൾ ചെയ്തത്. ലോകത്തിലെങ്ങും സുവിശേഷം പ്രഘോഷിക്കുന്നിടത്തെല്ലാം അവൾ ചെയ്ത ഇക്കാര്യം അവളുടെ സ്മരണയ്‍ക്കായി പ്രസ്താവിക്കപ്പെടും എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു.” പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് ഈസ്കരിയോത്ത്, യേശുവിനെ ഒറ്റിക്കൊടുക്കുന്നതിനുവേണ്ടി മുഖ്യപുരോഹിതന്മാരുടെ അടുക്കൽ ചെന്നു. അവർ ഇതുകേട്ടപ്പോൾ സന്തോഷിച്ച് അയാൾക്ക് പണം നല്‌കാമെന്ന് വാഗ്ദാനം ചെയ്തു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുവാനുള്ള തക്കം നോക്കിക്കൊണ്ടിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാൾ പെസഹാബലി അർപ്പിക്കുന്ന ദിവസം ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ ചെന്ന്, “അങ്ങേക്കുവേണ്ടി ഞങ്ങൾ എവിടെയാണു പെസഹ ഒരുക്കേണ്ടത്?” എന്നു ചോദിച്ചു. അവിടുന്ന് ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇപ്രകാരം പറഞ്ഞയച്ചു: “നിങ്ങൾ നഗരത്തിലേക്കു ചെല്ലുക. അവിടെ ഒരു കുടം ചുമന്നുകൊണ്ടു വരുന്ന ഒരുവനെ നിങ്ങൾ കാണും. അയാളുടെ പിന്നാലെ ചെല്ലുക; അയാൾ എവിടെ പ്രവേശിക്കുന്നുവോ, ആ വീടിന്റെ ഉടമസ്ഥനോട് ‘എനിക്കു ശിഷ്യന്മാരോടുകൂടി ഇരുന്നു പെസഹ ഭക്ഷിക്കാനുള്ള ശാല എവിടെയാണ്?’ എന്നു ഗുരു ചോദിക്കുന്നു എന്നു പറയുക. അപ്പോൾ വിരിച്ചൊരുക്കിയ ഒരു വലിയ മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി പെസഹ ഒരുക്കുക.” ആ ശിഷ്യന്മാർ നഗരത്തിൽ ചെന്നു തങ്ങളോട് യേശു പറഞ്ഞതുപോലെ അവർ കണ്ടു. അവർ അവിടെ പെസഹ ഒരുക്കി. സന്ധ്യ ആയപ്പോൾ യേശു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി അവിടെയെത്തി. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും; എന്നോടുകൂടി ഭക്ഷണം കഴിക്കുന്നവൻ തന്നെ.” ഇതുകേട്ട് അവർ അത്യന്തം ദുഃഖിതരായി; “അതു ഞാനാണോ?” “ഞാനാണോ?” എന്ന് ഓരോരുത്തനും ചോദിച്ചുതുടങ്ങി. യേശു അവരോടു പറഞ്ഞു: “പന്ത്രണ്ടുപേരിൽ ഒരുവൻ--എന്നോടു കൂടി ഈ പാത്രത്തിൽനിന്നു ഭക്ഷിക്കുന്നവൻ തന്നെ. മനുഷ്യപുത്രന്റെ മരണത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതുപോലെ തന്നെ അതു സംഭവിക്കുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്ന ആ മനുഷ്യനു ഹാ കഷ്ടം! അവൻ ജനിക്കാതിരുന്നെങ്കിൽ അവനു നല്ലതായിരുന്നു.” അവർ ഭക്ഷണം കഴിക്കുന്നതിനിടയ്‍ക്ക് യേശു അപ്പമെടുത്തു വാഴ്ത്തിമുറിച്ച് അവർക്കു കൊടുത്തുകൊണ്ടു പറഞ്ഞു: “ഇതു സ്വീകരിക്കുക, ഇതെന്റെ ശരീരമാകുന്നു.” പിന്നീട് അവിടുന്നു പാനപാത്രമെടുത്തു സ്തോത്രം ചെയ്ത് അവർക്കു കൊടുത്തു. എല്ലാവരും അതിൽനിന്നു കുടിച്ചു. അവിടുന്ന് അവരോടു പറഞ്ഞു: “ഇത് എന്റെ രക്തം; അനേകമാളുകൾക്കുവേണ്ടി ചിന്തപ്പെടുന്ന ഉടമ്പടിയുടെ രക്തംതന്നെ. ദൈവരാജ്യത്തിലെ പുതിയവീഞ്ഞു പാനം ചെയ്യുന്ന ആ നാൾ വരെ ഞാൻ ഇനി വീഞ്ഞു കുടിക്കുകയില്ല എന്നു നിങ്ങളോടു ഉറപ്പിച്ചു പറയുന്നു.” അവർ സ്തോത്രകീർത്തനം പാടിയശേഷം ഒലിവുമലയിലേക്കു പോയി.