YouVersion Logo
Search Icon

MARKA 10:17-31

MARKA 10:17-31 MALCLBSI

അവിടെനിന്ന് യേശു യാത്ര തുടർന്നപ്പോൾ ഒരാൾ ഓടിവന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തി, “നല്ലവനായ ഗുരോ, അനശ്വരജീവൻ അവകാശമാക്കുവാൻ ഞാൻ എന്തു ചെയ്യണം?” എന്നു ചോദിച്ചു. യേശു അയാളോട്, “എന്നെ നല്ലവൻ എന്നു വിളിക്കുന്നതെന്ത്? നല്ലവനായി ദൈവം മാത്രമേയുള്ളൂ; മറ്റാരുമില്ലതന്നെ. കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്‍ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, വഞ്ചിക്കരുത്, മാതാപിതാക്കളെ ബഹുമാനിക്കണം എന്നിങ്ങനെയുള്ള ധർമശാസനങ്ങൾ താങ്കൾക്ക് അറിയാമല്ലോ” എന്നു പറഞ്ഞു. “ഗുരോ, ഇവയെല്ലാം ചെറുപ്പം മുതല്‌ക്കേ ഞാൻ പാലിക്കുന്നുണ്ട്” എന്ന് അയാൾ പറഞ്ഞു. യേശു സ്നേഹപൂർവം അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “താങ്കൾക്കു ഒരു കുറവുണ്ട്; പോയി താങ്കൾക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; അപ്പോൾ താങ്കൾക്കു സ്വർഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നീടു വന്ന് എന്നെ അനുഗമിക്കുക.” ഇതുകേട്ട് ദുഃഖിതനായിത്തീർന്ന അയാൾ, മ്ലാനമുഖനായി അവിടെനിന്നു പോയി; എന്തെന്നാൽ അയാൾ വലിയ ധനികനായിരുന്നു. യേശു ചുറ്റും നോക്കിയിട്ട്: “ധനവാന്മാർ ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്ര ദുഷ്കരം” എന്ന് ശിഷ്യന്മാരോട് അരുൾ ചെയ്തു. അവിടുത്തെ ഈ വാക്കുകൾ കേട്ട് അവർ വിസ്മയഭരിതരായി. യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തിൽ പ്രവേശിക്കുക എത്രയോ പ്രയാസം! ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്.” അവർ അത്യധികം ആശ്ചര്യപ്പെട്ട് യേശുവിനോടു ചോദിച്ചു: “അങ്ങനെയെങ്കിൽ രക്ഷപെടുവാൻ ആർക്കു കഴിയും?” യേശു അവരെ നോക്കിക്കൊണ്ട്: “മനുഷ്യർക്ക് അത് അസാധ്യം; എന്നാൽ ദൈവത്തിന് അസാധ്യമല്ല” എന്ന് ഉത്തരമരുളി. പത്രോസ് യേശുവിനോട്, “ഇതാ ഞങ്ങൾ സകലവും ഉപേക്ഷിച്ച് അങ്ങയെ അനുഗമിക്കുകയാണല്ലോ” എന്നു പറഞ്ഞു. യേശു അരുൾചെയ്തു: “വാസ്തവം ഞാൻ നിങ്ങളോടു പറയട്ടെ; എനിക്കുവേണ്ടിയോ, സുവിശേഷത്തിനുവേണ്ടിയോ; ഭവനത്തെയും സഹോദരന്മാരെയും സഹോദരിമാരെയും മാതാവിനെയും പിതാവിനെയും മക്കളെയും നിലംപുരയിടങ്ങളെയും ഉപേക്ഷിക്കുന്ന ഏതൊരുവനും ഇപ്പോൾത്തന്നെ നൂറുമടങ്ങു ഭവനങ്ങളെയും സഹോദരന്മാരെയും സഹോദരിമാരെയും അമ്മമാരെയും മക്കളെയും വസ്തുവകകളെയും പീഡനങ്ങളോടൊപ്പം ലഭിക്കും; ഭാവിയുഗത്തിൽ അനശ്വര ജീവനും കിട്ടും. എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ പലരും മുമ്പന്മാരുമായിത്തീരും.