MARKA 1:1-22
MARKA 1:1-22 MALCLBSI
ഇതു ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷം. യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ‘നിനക്കുവേണ്ടി വഴി ഒരുക്കുന്നതിന് എന്റെ ദൂതനെ നിനക്കു മുമ്പായി ഞാൻ അയയ്‍ക്കും. കർത്താവിന്റെ വഴി ഒരുക്കുക; അവിടുത്തെ പാത നേരേയാക്കുക.’ എന്നു മരുഭൂമിയിൽ ഒരു അരുളപ്പാടുണ്ടായി. അങ്ങനെ യോഹന്നാൻ മരുഭൂമിയിൽ പ്രത്യക്ഷപ്പെട്ട് സ്നാപനം നടത്തുകയും പ്രസംഗിക്കുകയും ചെയ്തു. “നിങ്ങളുടെ പാപത്തിൽനിന്നു പിന്തിരിഞ്ഞ് സ്നാപനം സ്വീകരിക്കുക; അപ്പോൾ ദൈവം നിങ്ങളുടെ പാപങ്ങൾക്കു മോചനം നല്‌കും” എന്ന് അദ്ദേഹം ജനത്തോടു പറഞ്ഞു. യെഹൂദ്യയിലും യെരൂശലേമിലുമുള്ള സർവജനങ്ങളും അദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുവാൻ വന്നുകൂടി. അവർ തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞു; അദ്ദേഹം യോർദ്ദാൻ നദിയിൽ അവരെ സ്നാപനം ചെയ്തു. ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും തുകൽ ബെൽറ്റും യോഹന്നാൻ ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. യോഹന്നാൻ ഇപ്രകാരം പ്രഖ്യാപനം ചെയ്തു: “എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ബലമേറിയവനാണ്. കുനിഞ്ഞ് അവിടുത്തെ ചെരുപ്പ് അഴിക്കുവാൻപോലുമുള്ള യോഗ്യത എനിക്കില്ല. ഞാൻ ജലംകൊണ്ടു നിങ്ങളെ സ്നാപനം ചെയ്തിരിക്കുന്നു; അവിടുന്നാകട്ടെ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടു സ്നാപനം ചെയ്യും.” അക്കാലത്ത് യേശു ഗലീലപ്രദേശത്തെ നസറെത്തിൽനിന്നു വന്ന് യോർദ്ദാൻനദിയിൽ യോഹന്നാനിൽനിന്നു സ്നാപനം സ്വീകരിച്ചു. വെള്ളത്തിൽനിന്നു കയറിയ ഉടനെ സ്വർഗം തുറക്കുന്നതും ആത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേൽ ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു. “നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ സംപ്രീതനായിരിക്കുന്നു” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയുമുണ്ടായി. ഉടനെതന്നെ ആത്മാവ് അവിടുത്തെ വിജനസ്ഥലത്തേക്കു നയിച്ചു. അവിടുന്ന് അവിടെ സാത്താനാൽ പരീക്ഷിക്കപ്പെട്ടുകൊണ്ട് നാല്പതു ദിവസം വന്യമൃഗങ്ങളോടുകൂടി കഴിച്ചുകൂട്ടി. മാലാഖമാർ വന്ന് അവിടുത്തെ പരിചരിച്ചുകൊണ്ടിരുന്നു. യോഹന്നാൻ കാരാഗൃഹത്തിലടയ്‍ക്കപ്പെട്ടശേഷം യേശു ഗലീലയിൽ ചെന്ന് ദൈവത്തിന്റെ സുവിശേഷം ഉദ്ഘോഷിച്ചു. “സമയം പൂർത്തിയായി; ദൈവരാജ്യം ഇതാ അടുത്തെത്തിക്കഴിഞ്ഞു! പാപത്തിൽനിന്നു പിന്തിരിഞ്ഞ് സുവിശേഷത്തിൽ വിശ്വസിക്കുക” എന്ന് അവിടുന്നു പറഞ്ഞു. ഗലീലത്തടാകത്തിന്റെ തീരത്തുകൂടി യേശു നടന്നു പോകുകയായിരുന്നു. ശിമോനും തന്റെ സഹോദരൻ അന്ത്രയാസും തടാകത്തിൽ വല വീശുന്നത് അവിടുന്ന് കണ്ടു; അവർ മീൻപിടിത്തക്കാരായിരുന്നു. യേശു അവരോട്: “എന്റെ കൂടെ വരിക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു. ഉടനെതന്നെ അവർ വലയും മറ്റും ഉപേക്ഷിച്ച് അവിടുത്തെ അനുഗമിച്ചു. അവിടെനിന്നു കുറെദൂരം മുന്നോട്ടു ചെന്നപ്പോൾ യാക്കോബും അയാളുടെ സഹോദരൻ യോഹന്നാനും വഞ്ചിയിലിരുന്നു വല നന്നാക്കുന്നതു കണ്ടു. സെബദിയുടെ പുത്രന്മാരായിരുന്നു അവർ. യേശു അവരെയും വിളിച്ചു. അവരുടെ പിതാവായ സെബദിയെ കൂലിക്കാരോടുകൂടി വഞ്ചിയിൽ വിട്ടിട്ട് അവർ യേശുവിനെ അനുഗമിച്ചു. പിന്നീട് അവർ കഫർന്നഹൂമിൽ പ്രവേശിച്ചു. ശബത്തിൽ യേശു സുനഗോഗിൽ ചെന്നു പഠിപ്പിച്ചുകൊണ്ടിരുന്നു. യേശുവിന്റെ ധർമോപദേശം കേട്ടു ജനങ്ങൾ വിസ്മയിച്ചു. യെഹൂദമതപണ്ഡിതന്മാരെപ്പോലെയല്ല അധികാരത്തോടുകൂടിയത്രേ അവിടുന്ന് പ്രബോധിപ്പിച്ചത്.