YouVersion Logo
Search Icon

MATHAIA 9:18-38

MATHAIA 9:18-38 MALCLBSI

യേശു ഇങ്ങനെ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു യെഹൂദപ്രമാണി വന്ന് അവിടുത്തെ നമസ്കരിച്ചുകൊണ്ടു പറഞ്ഞു: “എന്റെ മകൾ ഇതാ ഇപ്പോൾ മരിച്ചുപോയി. അങ്ങുവന്ന് അവളുടെമേൽ കൈകൾ വയ്‍ക്കുകയാണെങ്കിൽ അവൾ വീണ്ടും ജീവൻ പ്രാപിക്കും.” ഉടനെ യേശു എഴുന്നേറ്റ് അയാളുടെ കൂടെ പോയി. ശിഷ്യന്മാരും അദ്ദേഹത്തെ അനുഗമിച്ചു. പന്ത്രണ്ടു വർഷമായി രക്തസ്രാവരോഗം പിടിപെട്ടു കഷ്ടപ്പെട്ടിരുന്ന ഒരു സ്‍ത്രീ ആ സമയത്ത് യേശുവിന്റെ പിറകിൽചെന്ന് അവിടുത്തെ വസ്ത്രാഞ്ചലത്തിൽതൊട്ടു. അവിടുത്തെ വസ്ത്രത്തിൽ തൊടുകയെങ്കിലും ചെയ്താൽ തന്റെ രോഗം സുഖപ്പെടുമെന്ന് അവർ വിചാരിച്ചു. യേശു തിരിഞ്ഞ് ആ സ്‍ത്രീയെ നോക്കിക്കൊണ്ട്, “മകളേ, ധൈര്യപ്പെടുക! നിന്റെ വിശ്വാസം നിനക്കു പൂർണസുഖം വരുത്തിയിരിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ സ്‍ത്രീ സുഖം പ്രാപിക്കുകയും ചെയ്തു. യേശു ആ യെഹൂദപ്രമാണിയുടെ വീട്ടിലെത്തിയപ്പോൾ കുഴലൂതി വിലപിക്കുന്നവരെയും ബഹളംകൂട്ടുന്ന ജനത്തെയും കണ്ടു. അവിടുന്ന് അവരോട് “അവിടെനിന്നു മാറുക; ആ പെൺകുട്ടി മരിച്ചിട്ടില്ല അവൾ ഉറങ്ങുകയാണ്” എന്നു പറഞ്ഞു. അവരാകട്ടെ അവിടുത്തെ പരിഹസിച്ചു. യേശു അവരെയെല്ലാം പുറത്താക്കിയ ശേഷം അകത്തു കടന്ന് ആ പെൺകുട്ടിയുടെ കൈക്കു പിടിച്ചു. ഉടനെ അവൾ എഴുന്നേറ്റു. ഈ സംഭവത്തെക്കുറിച്ചുള്ള വാർത്ത ആ നാട്ടിലെല്ലാം പരന്നു. യേശു അവിടെനിന്നു പോകുമ്പോൾ അന്ധരായ രണ്ടുപേർ യേശുവിന്റെ പിന്നാലെ ചെന്ന്, “ദാവീദിന്റെ പുത്രാ! ഞങ്ങളിൽ കനിവുണ്ടാകണമേ!” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. യേശു വീട്ടിൽ പ്രവേശിച്ചപ്പോൾ ആ അന്ധന്മാർ അവിടുത്തെ അടുത്തുചെന്നു. യേശു അവരോട്, “നിങ്ങൾക്കു സൗഖ്യം നല്‌കുവാൻ എനിക്കു കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ?” എന്നു ചോദിച്ചു. “ഉവ്വ്, പ്രഭോ!” എന്ന് അവർ പറഞ്ഞു. യേശു അവരുടെ കണ്ണുകളിൽ തൊട്ടു; “നിങ്ങളുടെ വിശ്വാസംപോലെ ഭവിക്കട്ടെ” എന്ന് അവിടുന്ന് കല്പിച്ചു. അപ്പോൾ അവർ കാഴ്ച പ്രാപിച്ചു. യേശു അവരോട് “നോക്കൂ, ഇക്കാര്യം ആരും അറിയരുത്” എന്ന് നിഷ്കർഷാപൂർവം ആജ്ഞാപിച്ചു. അവരാകട്ടെ, ആ നാട്ടിലെല്ലാം യേശുവിന്റെ കീർത്തി പരത്തി. അവർ അവിടെനിന്നു പോകുമ്പോൾ പിശാചുബാധമൂലം ഊമനായിത്തീർന്ന ഒരു മനുഷ്യനെ ചിലർ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. ഭൂതത്തെ ഇറക്കിയപ്പോൾ ആ മൂകൻ സംസാരിച്ചു തുടങ്ങി. എല്ലാവരും ആശ്ചര്യപരതന്ത്രരായി. “ഇസ്രായേലിൽ ഇതുപോലെ ഒരിക്കലും കണ്ടിട്ടില്ലല്ലോ!” എന്നവർ പറഞ്ഞു. പരീശന്മാരാകട്ടെ, “ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് യേശു അവയെ പുറത്താക്കുന്നത്” എന്നു പറഞ്ഞു. യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ച് സുനഗോഗുകളിൽ ഉപദേശിക്കുകയും സ്വർഗരാജ്യത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുകയും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തുപോന്നു. ഇടയനില്ലാത്ത ആടുകളെപ്പോലെ ആകുലചിത്തരും ആലംബഹീനരുമായി ജനങ്ങളെ കണ്ടപ്പോൾ അവിടുത്തെ മനസ്സലിഞ്ഞു. അവിടുന്നു ശിഷ്യന്മാരോട്, “വിളവു സമൃദ്ധം; പക്ഷേ, വേലക്കാർ ചുരുക്കം; അതുകൊണ്ടു കൊയ്ത്തിന്റെ അധികാരിയോട് കൊയ്ത്തിന് ആളുകളെ അയയ്‍ക്കാൻ അപേക്ഷിക്കുക” എന്ന് കല്പിച്ചു.