YouVersion Logo
Search Icon

MATHAIA 9:1-17

MATHAIA 9:1-17 MALCLBSI

യേശു ഒരു വഞ്ചിയിൽ കയറി തടാകത്തിന്റെ മറുകരയെത്തി സ്വന്തം പട്ടണത്തിൽ ചെന്നു. അപ്പോൾ ശയ്യാവലംബിയായ ഒരു പക്ഷവാതരോഗിയെ ചിലർ അവിടുത്തെ അടുക്കൽ കൊണ്ടുവന്നു. യേശു അവരുടെ വിശ്വാസം കണ്ടിട്ട്, “മകനേ, ധൈര്യപ്പെടുക! നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു” എന്ന് ആ രോഗിയോടു പറഞ്ഞു. “ഈ മനുഷ്യൻ പറയുന്നതു ദൈവദൂഷണമാണ്” എന്നു ചില മതപണ്ഡിതന്മാർ അപ്പോൾ സ്വയം പറഞ്ഞു. അവരുടെ മനോഗതം മനസ്സിലാക്കിക്കൊണ്ട് യേശു ചോദിച്ചു: “നിങ്ങളുടെ ഹൃദയത്തിൽ ദുഷ്ടവിചാരം ഉണ്ടാകുന്നത് എന്തുകൊണ്ട്? നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം? എന്നാൽ മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ മോചിക്കുവാൻ അധികാരമുണ്ടെന്നു നിങ്ങൾ അറിയേണ്ടതാണ്.” പിന്നീട് അവിടുന്ന് പക്ഷവാതരോഗിയോട് “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോകുക” എന്നു പറഞ്ഞു. അയാൾ എഴുന്നേറ്റു വീട്ടിലേക്കു പോയി. ജനക്കൂട്ടം ഇതു കണ്ട് അമ്പരന്നു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നല്‌കിയിരിക്കുന്ന ദൈവത്തെ അവർ വാഴ്ത്തി. യേശു അവിടെനിന്നു യാത്ര തുടർന്നപ്പോൾ മത്തായി എന്ന ചുങ്കംപിരിവുകാരൻ തന്റെ ജോലിസ്ഥലത്ത് ഇരിക്കുന്നതു കണ്ടു; യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. അയാൾ എഴുന്നേറ്റ് അവിടുത്തെ പിന്നാലെ ചെന്നു. യേശു അയാളുടെ വീട്ടിൽ ചെന്നു ഭക്ഷണം കഴിക്കാനിരുന്നു. അനേകം ചുങ്കക്കാരും മതകാര്യങ്ങളിൽ നിഷ്ഠയില്ലാത്തവരും യേശുവിനോടും ശിഷ്യന്മാരോടുംകൂടി പന്തിയിലിരുന്നു. പരീശന്മാർ ഇതു കണ്ടിട്ടു ശിഷ്യന്മാരോട്: “നിങ്ങളുടെ ഗുരു ഇങ്ങനെയുള്ളവരോടു കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നത് എന്താണ്?” എന്നു ചോദിച്ചു. അതു കേട്ടപ്പോൾ യേശു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. ‘ബലിയല്ല, സ്നേഹമാണു ഞാൻ ആഗ്രഹിക്കുന്നത്’ എന്നു പറയുന്നതിന്റെ അർഥം എന്താണെന്നു നിങ്ങൾ പോയി പഠിക്കുക; പുണ്യവാന്മാരെ വിളിക്കുവാനല്ല, പാപികളെ വിളിക്കുവാനാണു ഞാൻ വന്നിരിക്കുന്നത്.” അപ്പോൾ യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനെ സമീപിച്ചു ചോദിച്ചു: “ഞങ്ങളും പരീശന്മാരും ഉപവസിക്കുന്നുണ്ടല്ലോ. എന്നാൽ അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ട്?” യേശു ഇങ്ങനെ മറുപടി പറഞ്ഞു: “മണവാളൻ കൂടെയുള്ളപ്പോൾ തോഴന്മാർക്ക് ഉപവസിക്കുവാൻ സാധിക്കുമോ? എന്നാൽ മണവാളൻ അവരിൽനിന്നു മാറ്റപ്പെടുന്ന സമയംവരും. അപ്പോൾ അവർ ഉപവസിക്കും. “പഴയ വസ്ത്രത്തിൽ കോടിത്തുണിക്കഷണം ചേർത്ത് ആരും തുന്നുക പതിവില്ല. അങ്ങനെ ചെയ്താൽ പുതിയ തുണിക്കഷണം പഴയ വസ്ത്രത്തിൽനിന്നു വലിഞ്ഞു, കീറൽ വലുതാകുകയേ ഉള്ളൂ. പുതിയ വീഞ്ഞു പഴയ തുകൽക്കുടത്തിൽ ആരെങ്കിലും പകർന്നു വയ്‍ക്കുമോ? അങ്ങനെ ചെയ്താൽ തുകൽക്കുടം പൊട്ടി വീഞ്ഞ് ഒഴുകിപ്പോകും; തുകൽക്കുടം നഷ്ടപ്പെടുകയും ചെയ്യും. പുതുവീഞ്ഞു പുതിയ തുകൽക്കുടത്തിലാണു പകർന്നു വയ്‍ക്കുന്നത്; അപ്പോൾ രണ്ടും ഭദ്രമായിരിക്കും.”