MATHAIA 8:18-34
MATHAIA 8:18-34 MALCLBSI
തന്റെ ചുറ്റും ഒരു ജനക്കൂട്ടത്തെ കണ്ടപ്പോൾ ഗലീലത്തടാകത്തിന്റെ മറുകരയ്‍ക്കു പോകുവാൻ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു. അപ്പോൾ ഒരു മതപണ്ഡിതൻ വന്ന് “ഗുരോ, അങ്ങ് എവിടെപോയാലും ഞാൻ അവിടുത്തെ അനുഗമിച്ചുകൊള്ളാം” എന്നു പറഞ്ഞു. അതിനു മറുപടിയായി, “കുറുനരികൾക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്; എന്നാൽ മനുഷ്യപുത്രനു തലചായ്‍ക്കാൻ ഇടമില്ല” എന്ന് യേശു പറഞ്ഞു. മറ്റൊരു ശിഷ്യൻ യേശുവിനോട്, “കർത്താവേ ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്തട്ടെ” എന്നു പറഞ്ഞു. എന്നാൽ യേശു അയാളോട്: “നീ എന്നെ അനുഗമിക്കുക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ;” എന്നു പ്രതിവചിച്ചു. പിന്നീട് യേശു വഞ്ചിയിൽ കയറി. ശിഷ്യന്മാരും അവിടുത്തെ പിന്നാലെ കയറി. പെട്ടെന്ന് തടാകത്തിൽ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകൾ വഞ്ചിക്കുമീതെ അടിച്ചുയർന്നു. യേശുവാകട്ടെ അപ്പോൾ ഉറങ്ങുകയായിരുന്നു. അവർ ചെന്ന് അവിടുത്തെ ഉണർത്തി: “നാഥാ, ഞങ്ങളിതാ നശിക്കുവാൻ പോകുന്നു!; ഞങ്ങളെ രക്ഷിക്കണമേ!” എന്ന് അപേക്ഷിച്ചു. യേശു അവരോട്: “അല്പവിശ്വാസികളേ, നിങ്ങൾ എന്തിനു ഭയപ്പെടുന്നു?” എന്നു ചോദിച്ചു. അനന്തരം അവിടുന്ന് എഴുന്നേറ്റു കാറ്റിനെയും തിരമാലകളെയും ശാസിച്ചു. ഉടനെ തടാകം തികച്ചും പ്രശാന്തമായി. അപ്പോൾ അവർ ആശ്ചര്യപ്പെട്ടു. “ഇദ്ദേഹം ആരാണ്? കാറ്റും തിരമാലകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നുവല്ലോ” എന്ന് അവർപറഞ്ഞു. തടാകത്തിന്റെ അക്കരെ ഗദരേനരുടെ ദേശത്ത് യേശു എത്തിയപ്പോൾ ഭൂതാവിഷ്ടരായ രണ്ടുപേർ കല്ലറകളിൽനിന്നു പുറപ്പെട്ട് അവിടുത്തെ നേരെ വന്നു. ആർക്കും അതുവഴി കടന്നുപോകാൻ കഴിയാത്തവിധം അവർ അത്യുഗ്രന്മാരായിരുന്നു. ‘ദൈവപുത്രാ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? സമയത്തിനു മുമ്പ് ഞങ്ങളെ ദണ്ഡിപ്പിക്കുവാനാണോ അങ്ങു വന്നിരിക്കുന്നത്?” എന്ന് അവർ അത്യുച്ചത്തിൽ ചോദിച്ചു. കുറെ അകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. “അങ്ങു ഞങ്ങളെ പുറത്താക്കുകയാണെങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയച്ചാലും” എന്ന് ഭൂതങ്ങൾ അപേക്ഷിച്ചു. “പൊയ്‍ക്കൊള്ളുക” എന്ന് അവിടുന്ന് പറഞ്ഞു. ഭൂതങ്ങൾ അവരെ വിട്ട് ആ പന്നികളിൽ കടന്നുകൂടി. പെട്ടെന്ന് ആ പന്നികൾ കടുംതൂക്കായ ചരിവിലൂടെ വിരണ്ടോടി തടാകത്തിൽ വീണു മുങ്ങിച്ചത്തു. അവയെ മേയിച്ചിരുന്നവർ പട്ടണത്തിലേക്ക് ഓടിപ്പോയി, സംഭവിച്ച കാര്യങ്ങൾ സമസ്തവും ഭൂതാവിഷ്ടരുടെ കഥയും എല്ലാവരോടും പറഞ്ഞു. അപ്പോൾ പട്ടണവാസികൾ ആസകലം യേശുവിനെ കാണുവാൻ ചെന്നു. അവിടുത്തെ കണ്ടപ്പോൾ തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അവർ അപേക്ഷിച്ചു.