YouVersion Logo
Search Icon

MATHAIA 6:25-34

MATHAIA 6:25-34 MALCLBSI

“ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ ആകുലചിത്തരാകരുത്; എന്തു തിന്നും, എന്തു കുടിക്കും എന്നോർത്തു ജീവനെക്കുറിച്ചും എന്തു ധരിക്കുമെന്നോർത്തു ശരീരത്തെക്കുറിച്ചും വിഷമിക്കരുത്. ജീവൻ ഭക്ഷണത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും വിലപ്പെട്ടവയല്ലേ? ആകാശത്തു പറന്നുനടക്കുന്ന പക്ഷികളെ നോക്കുക. അവ വിതയ്‍ക്കുന്നില്ല, കൊയ്യുന്നില്ല, അറപ്പുരയിലൊട്ടു കൂട്ടിവയ്‍ക്കുന്നതുമില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയെ പോറ്റിപ്പുലർത്തുന്നു. അവയെക്കാൾ നിങ്ങൾ വിലയുള്ളവരല്ലേ? “ആകുലപ്പെടുന്നതുകൊണ്ട് തങ്ങളുടെ ആയുർദൈർഘ്യം അല്പമെങ്കിലും കൂട്ടുവാൻ നിങ്ങളിലാർക്കെങ്കിലും കഴിയുമോ? “വസ്ത്രത്തെ സംബന്ധിച്ചും നിങ്ങൾ ആകുലചിത്തരാകുന്നതെന്തിന്? കാട്ടുപൂക്കളെ നോക്കുക; അവ എങ്ങനെ വളരുന്നു! അവ അധ്വാനിക്കുകയോ നൂല് നൂല്‌ക്കുകയോ ചെയ്യുന്നില്ല. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ശലോമോൻ രാജാവ് തന്റെ മഹാപ്രതാപത്തിൽപോലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിട്ടില്ല. ഇന്നു കാണുന്നതും നാളെ അടുപ്പിൽ ഇടുന്നതുമായ കാട്ടുപുല്ലുകളെ ദൈവം ഇങ്ങനെ അണിയിക്കുന്നെങ്കിൽ അല്പവിശ്വാസികളേ നിങ്ങളെ എത്രയധികം അണിയിക്കും! അതുകൊണ്ട് എന്തു തിന്നും, എന്ത് ഉടുക്കും എന്നു വിചാരിച്ചു ആകുലപ്പെടരുത്. വിജാതീയരത്രേ ഇവയെല്ലാം അന്വേഷിക്കുന്നത്. ഇവയെല്ലാം നിങ്ങൾക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗസ്ഥപിതാവിനറിയാം. ആദ്യം ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുക; അതോടുകൂടി ഇവയെല്ലാം നിങ്ങൾക്കു ലഭിക്കും. അതുകൊണ്ട് നാളയെക്കുറിച്ച് ആകുലപ്പെടരുത്. നാളത്തെ ദിവസം അതിനുവേണ്ടി കരുതിക്കൊള്ളുമല്ലോ. ഓരോ ദിവസത്തിനും അതതു ദിവസത്തേക്കുള്ള ക്ലേശങ്ങൾ മതി.