MATHAIA 5:21-30
MATHAIA 5:21-30 MALCLBSI
“കൊല ചെയ്യരുത്” എന്നും “ഏതൊരു കൊലപാതകിയും ന്യായവിധിക്കു വിധേയനാകുമെന്നും” പൂർവികരോടു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: തന്റെ സഹോദരനോടു കോപിക്കുന്ന ഏതൊരുവനും ന്യായവിധിക്കു വിധേയനാകും. തന്റെ സഹോദരനെ ‘മടയാ!’ എന്നു വിളിച്ച് അപമാനിക്കുന്നവൻ സന്നദ്രിംസംഘത്തോട് ഉത്തരം പറയേണ്ടിവരും. സഹോദരനെ ‘ഭോഷാ!’ എന്നു വിളിക്കുന്നവൻ നരകാഗ്നിക്ക് ഇരയാകും. അതുകൊണ്ട്, നീ ബലിപീഠത്തിൽ വഴിപാട് അർപ്പിക്കുമ്പോൾ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ടു പോയി ഒന്നാമത് അയാളോടു രമ്യപ്പെടുക; അതിനുശേഷം വന്നു നിന്റെ വഴിപാട് അർപ്പിക്കുക. “കോടതിയിലേക്കു പോകുന്ന വഴിയിൽവച്ചുതന്നെ നിന്റെ പ്രതിയോഗിയോടു രാജിയാകുക. അല്ലെങ്കിൽ ഒരുവേള എതിർകക്ഷി നിന്നെ ന്യായാധിപനെയും ന്യായാധിപൻ നിന്നെ പോലീസിനെയും ഏല്പിക്കും; നീ ജയിലിലടയ്‍ക്കപ്പെടുകയും ചെയ്യും. അവസാനത്തെ പൈസവരെ കൊടുത്തുതീർക്കാതെ നിനക്കു നിശ്ചയമായും പുറത്തുവരാൻ സാധിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. ‘വ്യഭിചാരം ചെയ്യരുത്’ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു; ഭോഗേച്ഛയോടുകൂടി ഒരു സ്‍ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ ആ സ്‍ത്രീയുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു. പാപം ചെയ്യുന്നതിനു നിന്റെ വലത്തുകണ്ണു കാരണമായിത്തീരുന്നു എങ്കിൽ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവൻ നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്. നിന്റെ വലത്തു കൈ പാപം ചെയ്യാൻ കാരണമായിത്തീരുന്നുവെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക; നിന്റെ ശരീരം മുഴുവനായി നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ നിന്റെ അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണു നിനക്കു നല്ലത്.