YouVersion Logo
Search Icon

MATHAIA 5:1-26

MATHAIA 5:1-26 MALCLBSI

യേശു ജനക്കൂട്ടത്തെ കണ്ടപ്പോൾ മലമുകളിലേക്കു കയറിപ്പോയി. അവിടുന്ന് അവിടെ ഇരുന്നു. അപ്പോൾ ശിഷ്യന്മാർ അടുത്തുചെന്നു. അവിടുന്ന് ധർമോപദേശരൂപേണ അവരോട് അരുൾചെയ്തു: “ആത്മീയ ദാരിദ്ര്യത്തെക്കുറിച്ചു ബോധമു ള്ളവർ അനുഗ്രഹിക്കപ്പെട്ടവർ; സ്വർഗരാജ്യം അവർക്കുള്ളതാണ്! വിലപിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; അവരെ ദൈവം ആശ്വസിപ്പിക്കും! സൗമ്യശീലർ അനുഗ്രഹിക്കപ്പെട്ടവർ; അവർ ഭൂമിയെ അവകാശമാക്കും! നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; ദൈവം അവരെ സംതൃപ്തരാക്കും! കരുണയുള്ളവർ അനുഗ്രഹിക്കപ്പെട്ടവർ; അവർക്കു കരുണ ലഭിക്കും! നിർമ്മലഹൃദയമുള്ളവർ അനുഗ്രഹിക്കപ്പെട്ടവർ; അവർ ദൈവത്തെ ദർശിക്കും! സമാധാനമുണ്ടാക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; ദൈവം അവരെ തന്റെ പുത്രന്മാരെന്നു വിളിക്കും! നീതിക്കുവേണ്ടി പീഡനം സഹിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; സ്വർഗരാജ്യം അവർക്കുള്ളതാകുന്നു!  എന്നെപ്രതി മറ്റുള്ളവർ നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും നിങ്ങൾക്കെതിരെ എല്ലാ തിന്മകളും സത്യവിരുദ്ധമായി ആരോപിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ; സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം വലുതായതുകൊണ്ട് നിങ്ങൾ ആനന്ദിച്ചുല്ലസിക്കുക; നിങ്ങൾക്കു മുമ്പുള്ള പ്രവാചകന്മാരെയും അവർ ഇങ്ങനെതന്നെ പീഡിപ്പിച്ചിട്ടുണ്ടല്ലോ. “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; എന്നാൽ ഉപ്പിന്റെ രസം നഷ്ടപ്പെട്ടുപോയാൽ വീണ്ടും അതിന് എങ്ങനെ ഉപ്പുരസം കൈവരുത്തും? അതു പുറത്തു കളഞ്ഞ് മനുഷ്യർക്കു ചവിട്ടുവാനല്ലാതെ ഒന്നിനും കൊള്ളുകയില്ല. “നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു. മലയുടെ മുകളിൽ നിലകൊള്ളുന്ന പട്ടണത്തിനു മറഞ്ഞിരിക്കുവാൻ സാധ്യമല്ല. വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വയ്‍ക്കുകയില്ല; പിന്നെയോ, വിളക്കുതണ്ടിന്മേലത്രേ വയ്‍ക്കുന്നത്. അപ്പോൾ അത് വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നല്‌കുന്നു. അതുപോലെ നിങ്ങളുടെ സൽപ്രവൃത്തികൾ കണ്ടു മറ്റുള്ളവർ നിങ്ങളുടെ സ്വർഗസ്ഥപിതാവിനെ പ്രകീർത്തിക്കേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. “ധർമശാസ്ത്രത്തെയോ പ്രവാചകശാസനങ്ങളെയോ നീക്കിക്കളയുവാനാണു ഞാൻ വന്നിരിക്കുന്നതെന്നു വിചാരിക്കരുത്; ഞാൻ വന്നിരിക്കുന്നത് അവയെ നീക്കുവാനല്ല, പൂർത്തിയാക്കുവാനാണ്. ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതുവരെ സകലവും പൂർത്തിയാകുവോളം ധർമശാസ്ത്രത്തിലെ ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരുകയില്ലെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. അതുകൊണ്ട് ഈ കല്പനകളിൽ ഏറ്റവും ലഘുവായതുപോലും ലംഘിക്കുകയും അപ്രകാരം ചെയ്യുന്നതിനു മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി ഗണിക്കപ്പെടും. എന്നാൽ അവ അനുസരിക്കുകയും അപ്രകാരം ചെയ്യുവാൻ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും. നിങ്ങളുടെ ധാർമികത മതപണ്ഡിതന്മാരുടെയും പരീശന്മാരുടെയും ധാർമികതയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. “കൊല ചെയ്യരുത്” എന്നും “ഏതൊരു കൊലപാതകിയും ന്യായവിധിക്കു വിധേയനാകുമെന്നും” പൂർവികരോടു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: തന്റെ സഹോദരനോടു കോപിക്കുന്ന ഏതൊരുവനും ന്യായവിധിക്കു വിധേയനാകും. തന്റെ സഹോദരനെ ‘മടയാ!’ എന്നു വിളിച്ച് അപമാനിക്കുന്നവൻ സന്നദ്രിംസംഘത്തോട് ഉത്തരം പറയേണ്ടിവരും. സഹോദരനെ ‘ഭോഷാ!’ എന്നു വിളിക്കുന്നവൻ നരകാഗ്നിക്ക് ഇരയാകും. അതുകൊണ്ട്, നീ ബലിപീഠത്തിൽ വഴിപാട് അർപ്പിക്കുമ്പോൾ നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓർമ വന്നാൽ നിന്റെ വഴിപാട് ബലിപീഠത്തിന്റെ മുമ്പിൽ വച്ചിട്ടു പോയി ഒന്നാമത് അയാളോടു രമ്യപ്പെടുക; അതിനുശേഷം വന്നു നിന്റെ വഴിപാട് അർപ്പിക്കുക. “കോടതിയിലേക്കു പോകുന്ന വഴിയിൽവച്ചുതന്നെ നിന്റെ പ്രതിയോഗിയോടു രാജിയാകുക. അല്ലെങ്കിൽ ഒരുവേള എതിർകക്ഷി നിന്നെ ന്യായാധിപനെയും ന്യായാധിപൻ നിന്നെ പോലീസിനെയും ഏല്പിക്കും; നീ ജയിലിലടയ്‍ക്കപ്പെടുകയും ചെയ്യും. അവസാനത്തെ പൈസവരെ കൊടുത്തുതീർക്കാതെ നിനക്കു നിശ്ചയമായും പുറത്തുവരാൻ സാധിക്കുകയില്ലെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.