MATHAIA 4:12-25
MATHAIA 4:12-25 MALCLBSI
യോഹന്നാൻ ബന്ധനസ്ഥനായി എന്നു കേട്ടിട്ട് യേശു ഗലീലയിലേക്കു മടങ്ങിപ്പോയി. അവിടുന്ന് നസറെത്തു വിട്ട് സെബുലൂന്റെയും നഫ്താലിയുടെയും അതിർത്തിയിൽ തടാകതീരത്തുള്ള കഫർന്നഹൂമിൽ പോയി പാർത്തു. സെബുലൂൻദേശവും നഫ്താലിദേശവും തടാകതീരത്തും യോർദ്ദാനക്കരെയുമുള്ള നാടും, വിജാതീയരുടെ ഗലീലയും, ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം ഒരു വലിയ പ്രകാശം കണ്ടു; മരണത്തിന്റെ നിഴൽ വീശിയ ദേശത്തു പാർത്തിരുന്നവർക്കു പ്രകാശം ഉദിച്ചു എന്ന് യെശയ്യാപ്രവാചകൻ മുഖാന്തരം പറഞ്ഞിട്ടുള്ളത് ഇങ്ങനെ പ്രാപ്തമായി. “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു; അതുകൊണ്ട് അനുതപിച്ചു ദൈവത്തിലേക്കു തിരിയുക” എന്ന് അന്നുമുതൽ യേശു ആഹ്വാനം ചെയ്തുതുടങ്ങി. യേശു ഗലീലത്തടാകത്തിന്റെ തീരത്തുകൂടി നടന്നുപോകുമ്പോൾ പത്രോസ് എന്നറിയപ്പെടുന്ന ശിമോനും, അയാളുടെ സഹോദരൻ അന്ത്രയാസും തടാകത്തിൽ വലവീശുന്നതു കണ്ടു. അവർ മീൻപിടിത്തക്കാരായിരുന്നു. യേശു അവരോട്, “നിങ്ങൾ എന്റെ കൂടെ വരിക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു. അവർ ഉടനെ വല ഉപേക്ഷിച്ചിട്ട് അവിടുത്തെ അനുഗമിച്ചു. അവിടെനിന്നു മുമ്പോട്ടു ചെന്നപ്പോൾ മറ്റു രണ്ടു സഹോദരന്മാരെ കണ്ടു. അവർ സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനുമായിരുന്നു. അവർ തങ്ങളുടെ പിതാവിനോടുകൂടി വഞ്ചിയിൽ ഇരുന്നു വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു. അവരും തൽക്ഷണം വഞ്ചിയെയും പിതാവിനെയും വിട്ടിട്ട് അവിടുത്തെ അനുഗമിച്ചു. യേശു സുനഗോഗുകളിൽ പഠിപ്പിക്കുകയും രാജ്യത്തിന്റെ സദ്‍വാർത്ത പ്രസംഗിക്കുകയും ജനങ്ങളുടെ സകല രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഗലീലയിലെങ്ങും ചുറ്റി സഞ്ചരിച്ചു. അവിടുത്തെ കീർത്തി സിറിയയിലെങ്ങും പരന്നു. പലതരത്തിലുള്ള രോഗപീഡിതരും വേദനപ്പെടുന്നവരും ഭൂതാവിഷ്ടരും അപസ്മാരരോഗികളും തളർവാതം പിടിപെട്ടവരുമായ എല്ലാ രോഗികളെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അവിടുന്ന് അവരെ സുഖപ്പെടുത്തുകയും ചെയ്തു. ഗലീല, ദക്കപ്പൊലി, യെരൂശലേം, യെഹൂദ്യ എന്നീ സ്ഥലങ്ങളിൽനിന്നും യോർദ്ദാന്റെ കിഴക്കേ കരയിൽനിന്നും വന്ന ഒരു വലിയ ജനാവലി അവിടുത്തെ അനുഗമിച്ചു.