MATHAIA 27
27
യേശു പീലാത്തോസിന്റെ മുമ്പിൽ
(മർക്കോ. 15:1; ലൂക്കോ. 23:1-2; യോഹ. 18:28-32)
1അതിരാവിലെ മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും യേശുവിനെ വധിക്കുവാൻ വട്ടംകൂട്ടി. 2അവർ അവിടുത്തെ ബന്ധനസ്ഥനാക്കി റോമാഗവർണറായ പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കി.
യൂദാസിന്റെ മരണം
(അപ്പോ. പ്ര. 1:18-19)
3-4യേശുവിനെ വധശിക്ഷയ്‍ക്കു വിധിച്ചു എന്നറിഞ്ഞപ്പോൾ അവിടുത്തെ ഒറ്റിക്കൊടുത്ത യൂദാസ് പശ്ചാത്താപ പരവശനായിത്തീർന്നു. അയാൾ വാങ്ങിയ മുപ്പതു വെള്ളിനാണയങ്ങളുമായി മുഖ്യപുരോഹിതന്മാരുടെയും യെഹൂദപ്രമാണിമാരുടെയും അടുക്കൽ തിരിച്ചുചെന്നു നീട്ടിക്കൊണ്ട്, “ആ നിരപരാധനെ വധിക്കുന്നതിനുവേണ്ടി ഒറ്റിക്കൊടുത്തതുമൂലം ഞാൻ പാപം ചെയ്തിരിക്കുന്നു” എന്ന് പറഞ്ഞു.
“അതിനു ഞങ്ങൾക്കെന്ത്? അതു നിന്റെ കാര്യം” എന്ന് അവർ മറുപടി പറഞ്ഞു.
5യൂദാസ് ആ പണം ദേവാലയത്തിലെ വിശുദ്ധസ്ഥലത്തേക്കു വലിച്ചെറിഞ്ഞശേഷം അവിടെനിന്നു പോയി തൂങ്ങി മരിച്ചു.
6പുരോഹിതമുഖ്യന്മാർ ആ നാണയങ്ങൾ പെറുക്കിയെടുത്തിട്ട്, “ഇതു രക്തത്തിന്റെ വിലയാണ്, ശ്രീഭണ്ഡാരത്തിൽ നിക്ഷേപിക്കുവാൻ പാടില്ല” എന്നു പറഞ്ഞു. 7അവർ തമ്മിൽ കൂടിയാലോചിച്ചശേഷം പരദേശികളുടെ ശ്മശാനത്തിനുവേണ്ടി ആ തുക കൊടുത്ത് കുശവന്റെ നിലം വാങ്ങി. 8അതുകൊണ്ട് ആ നിലം ഇന്നും ‘രക്തനിലം’ എന്ന് അറിയപ്പെടുന്നു.
9“ഒരുവനു വിലയായി കൊടുക്കാമെന്ന് ഇസ്രായേൽജനം സമ്മതിച്ചിട്ടുള്ള മുപ്പതു വെള്ളിനാണയം 10അവർ കൊടുത്ത് കർത്താവ് എന്നോടു കല്പിച്ച പ്രകാരം കുശവന്റെ നിലം വാങ്ങി” എന്ന് യിരെമ്യാപ്രവാചകൻ മുഖാന്തരം പ്രവചിച്ചിട്ടുള്ളത് ഇങ്ങനെ സംഭവിച്ചു.
യേശുവിനെ പീലാത്തോസ് വിസ്തരിക്കുന്നു
(മർക്കോ. 15:2-5; ലൂക്കോ. 23:3-5; യോഹ. 18:33-38)
11യേശുവിനെ പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കി. പീലാത്തോസ് യേശുവിനോട് “താങ്കൾ യെഹൂദന്മാരുടെ രാജാവാണോ?” എന്നു ചോദിച്ചു.
“താങ്കൾ അങ്ങനെ പറയുന്നുവല്ലോ” എന്ന് യേശു മറുപടി നല്‌കി.
12പുരോഹിതമുഖ്യന്മാരും യെഹൂദാപ്രമാണിമാരും ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും യേശു മറുപടി പറഞ്ഞില്ല.
13അപ്പോൾ പീലാത്തോസ് ചോദിച്ചു: “നിങ്ങൾക്കെതിരെ ഇവർ പറയുന്ന ആരോപണങ്ങളെല്ലാം കേൾക്കുന്നില്ലേ?”
14യേശുവാകട്ടെ, ഒരു വാക്കുപോലും മറുപടി പറഞ്ഞില്ല. അതിൽ ഗവർണർ അത്യന്തം ആശ്ചര്യപ്പെട്ടു.
യേശുവിനെ വധശിക്ഷയ്‍ക്കു വിധിക്കുന്നു
(മർക്കോ. 15:6-15; ലൂക്കോ. 23:13-25; യോഹ. 18:39—19:16)
15ജനം ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരു തടവുകാരനെ ഓരോ പെസഹാഉത്സവകാലത്തും വിട്ടയയ്‍ക്കുക പതിവായിരുന്നു. 16അക്കാലത്ത് ബറബ്ബാസ് എന്നു പേരുകേട്ട ഒരു തടവുകാരനുണ്ടായിരുന്നു. ജനം വന്നുകൂടിയപ്പോൾ പീലാത്തോസ് ചോദിച്ചു: 17‘ഞാൻ നിങ്ങൾക്ക് ആരെ വിട്ടുതരണം? ബറബ്ബാസിനെയോ ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെയോ?” 18അസൂയകൊണ്ടാണ് അവർ യേശുവിനെ തന്റെ അടുക്കൽ ഏല്പിച്ചതെന്നു പീലാത്തോസിന് അറിയാമായിരുന്നു.
19പീലാത്തോസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ സഹധർമിണി ഒരു സന്ദേശം കൊടുത്തയച്ചു. അതിൽ ഇപ്രകാരം ആവശ്യപ്പെട്ടിരുന്നു: “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്; അദ്ദേഹത്തെ സംബന്ധിച്ചു കഴിഞ്ഞ രാത്രി കണ്ട സ്വപ്നം നിമിത്തം ഞാൻ വല്ലാതെ അസ്വസ്ഥയായിരിക്കുകയാണ്.”
20ബറബ്ബാസിനെ മോചിപ്പിക്കുവാനും യേശുവിനെ വധിക്കുവാനും പീലാത്തോസിനോട് ആവശ്യപ്പെടാൻ മുഖ്യപുരോഹിതന്മാരും യെഹൂദപ്രമാണിമാരും ജനത്തെ പ്രേരിപ്പിച്ചു. 21“ഈ രണ്ടുപേരിൽ ആരെ വിട്ടയയ്‍ക്കണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ഗവർണർ ചോദിച്ചപ്പോൾ: “ബറബ്ബാസിനെ” എന്ന് അവർ പറഞ്ഞു.
22“അപ്പോൾ ക്രിസ്തു എന്നു പറയപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” എന്നു പീലാത്തോസ് അവരോടു ചോദിച്ചു. “അയാളെ ക്രൂശിക്കുക” എന്ന് അവർ എല്ലാവരും ചേർന്നു വിളിച്ചുപറഞ്ഞു.
23“അയാൾ ചെയ്ത കുറ്റകൃത്യം എന്താണ്?” എന്നു പീലാത്തോസ് ചോദിച്ചു.
24എന്തുപറഞ്ഞാലും ഒരു ലഹള ഉണ്ടാകും എന്ന ഘട്ടമായപ്പോൾ പീലാത്തോസ് ജനസഞ്ചയത്തിന്റെ മുമ്പിൽവച്ച് വെള്ളം എടുത്തു കൈ കഴുകിക്കൊണ്ട്: “ഈ മനുഷ്യന്റെ രക്തം ചൊരിയുന്നതിൽ ഞാൻ നിരപരാധനാണ്; നിങ്ങൾ തന്നെ അതിനുത്തരവാദികൾ” എന്നു പറഞ്ഞു.
25“ഇയാളുടെ രക്തം ചൊരിയുന്നതിനുള്ള ശിക്ഷ ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും വന്നുകൊള്ളട്ടെ” എന്നു ജനക്കൂട്ടം ഒന്നടങ്കം മറുപടി പറഞ്ഞു.
26അനന്തരം പീലാത്തോസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു; യേശുവിനെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ക്രൂശിക്കുന്നതിനായി അവരെ ഏല്പിച്ചു.
യേശുവിനെ പരിഹസിക്കുന്നു
(മർക്കോ. 15:16-20; യോഹ. 19:2-3)
27പിന്നീടു പടയാളികൾ യേശുവിനെ പീലാത്തോസിന്റെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. പട്ടാളം മുഴുവനും അവിടുത്തെ ചുറ്റും കൂടിയിരുന്നു. 28അവർ അവിടുത്തെ മേലങ്കി ഊരി ഒരു കടുംചുമപ്പു വസ്ത്രം ധരിപ്പിച്ചു. 29മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവിടുത്തെ ശിരസ്സിൽ വച്ചു, വലത്തു കൈയിൽ ഒരു വടിയും കൊടുത്തു; അനന്തരം അവർ അവിടുത്തെ മുമ്പിൽ മുട്ടുകുത്തി. 30“യെഹൂദന്മാരുടെ രാജാവ് നീണാൾ വാഴട്ടെ!” എന്നു പറഞ്ഞു പരിഹസിച്ചു. അവർ അവിടുത്തെമേൽ തുപ്പുകയും ആ വടികൊണ്ട് തലയ്‍ക്കടിക്കുകയും ചെയ്തു. 31ഇങ്ങനെ അവിടുത്തെ പരിഹസിച്ചശേഷം അവർ ധരിപ്പിച്ച വസ്ത്രം ഊരി സ്വന്തം മേലങ്കി ധരിപ്പിച്ചുകൊണ്ട് ക്രൂശിക്കുവാൻ കൊണ്ടുപോയി.
ക്രൂശിക്കുന്നു
(മർക്കോ. 15:21-32; ലൂക്കോ. 23:26-43; യോഹ. 19:17-27)
32അവർ പുറപ്പെട്ടപ്പോൾ കുറേന സ്വദേശിയായ ശിമോൻ എന്നയാളിനെ കണ്ടു. യേശുവിന്റെ കുരിശു ചുമക്കുവാൻ അവർ ശിമോനെ നിർബന്ധിച്ചു. 33തലയോടിന്റെ സ്ഥലം എന്നർഥമുള്ള ഗോൽഗോഥായിൽ അവർ എത്തി. 34അവിടെ ചെന്നപ്പോൾ കയ്പു കലർത്തിയ വീഞ്ഞ് യേശുവിനു കുടിക്കുവാൻ കൊടുത്തു. എന്നാൽ രുചിനോക്കിയിട്ട് അതു കുടിക്കുവാൻ യേശു വിസമ്മതിച്ചു.
35അവിടുത്തെ ക്രൂശിച്ചശേഷം അവർ അവിടുത്തെ വസ്ത്രങ്ങൾ കുറിയിട്ടു പങ്കുവച്ചു. 36പിന്നീട് അവർ അദ്ദേഹത്തിനു കാവലിരുന്നു. 37‘ഇവൻ യെഹൂദന്മാരുടെ രാജാവായ യേശു’ എന്ന കുറ്റാരോപണം അദ്ദേഹത്തിന്റെ തലയ്‍ക്കു മുകളിൽ എഴുതിവച്ചു. 38യേശുവിന്റെ കൂടെ രണ്ടു കൊള്ളക്കാരെ, ഒരുവനെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു.
39-40അതുവഴി കടന്നുപോയവർ തലയാട്ടിക്കൊണ്ട് ‘’നീയല്ലേ ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവൻ? നീ ദൈവപുത്രനെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക; കുരിശിൽനിന്ന് ഇറങ്ങി വരിക” എന്നു പറഞ്ഞ് അദ്ദേഹത്തെ പരിഹസിച്ചു.
41മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യെഹൂദപ്രമാണികളും അതുപോലെതന്നെ യേശുവിനു നേരെ പരിഹാസവാക്കുകൾ വർഷിച്ചു. 42അവർ പറഞ്ഞു: “അയാൾ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ സ്വയം രക്ഷിക്കുവാൻ കഴിയുന്നില്ല. ഇസ്രായേലിന്റെ രാജാവ് ഇപ്പോൾ കുരിശിൽനിന്ന് ഇറങ്ങി വരട്ടെ. 43എന്നാൽ നമുക്ക് അയാളിൽ വിശ്വസിക്കാം. അയാൾ ദൈവത്തിൽ ആശ്രയിച്ചിരുന്നുപോലും! വേണമെങ്കിൽ ദൈവം അയാളെ ഇപ്പോൾ രക്ഷിക്കട്ടെ; ‘ഞാൻ ദൈവപുത്രനാകുന്നു’ എന്നാണല്ലോ അയാൾ പറഞ്ഞത്!”
44യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അവിടുത്തെ പരിഹസിച്ചു.
യേശു പ്രാണൻ വെടിയുന്നു
(മർക്കോ. 15:33-41; ലൂക്കോ. 23:44-49; യോഹ. 19:28-30)
45-46മധ്യാഹ്നമായപ്പോൾ ദേശമാസകലം അന്ധകാരത്തിലാണ്ടു. മൂന്നുമണിവരെയും ആ ഇരുൾ നീണ്ടുനിന്നു. ഏകദേശം മൂന്നുമണി ആയപ്പോൾ യേശു “ഏലീ, ഏലീ, ലമ്മ, ശബക്താനി?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടത് എന്ത്?’ എന്നാണതിന് അർഥം.
47അവിടെ നിന്നിരുന്നവരിൽ ചിലർ ഇതു കേട്ടപ്പോൾ, “അയാൾ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു.
48ഒരാൾ ഓടിപ്പോയി ഒരു സ്പഞ്ച് എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി ഒരു വടിയിൽവച്ച് യേശുവിനു കുടിക്കുവാൻ നീട്ടിക്കൊടുത്തു. 49“ആകട്ടെ, ഏലിയാ അയാളെ രക്ഷിക്കുവാൻ വരുമോ എന്നു നമുക്കു കാണാമല്ലോ” എന്നു മറ്റുള്ളവർ പറഞ്ഞു.
50യേശു വീണ്ടും ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു പ്രാണൻ വെടിഞ്ഞു.
51തൽക്ഷണം ദേവാലയത്തിലെ തിരശ്ശീല മുകൾതൊട്ട് അടിവരെ രണ്ടായി ചീന്തിപ്പോയി. 52ഭൂതലം വിറച്ചു, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു. മരണമടഞ്ഞ വിശുദ്ധന്മാരിൽ പലരും ഉത്ഥാനം ചെയ്തു. അവർ ശവകുടീരങ്ങൾ വിട്ടുപോകുകയും ചെയ്തു. 53യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം അവർ വിശുദ്ധനഗരത്തിൽചെന്ന് അനേകമാളുകൾക്കു പ്രത്യക്ഷപ്പെട്ടു.
54പടത്തലവനും അയാളോടുകൂടി യേശുവിനെ കാവൽചെയ്തുകൊണ്ടിരുന്ന പട്ടാളക്കാരും, ഭൂകമ്പവും മറ്റുസംഭവങ്ങളും കണ്ടതോടെ ഭയാക്രാന്തരായി.
55വാസ്തവത്തിൽ ഇദ്ദേഹം ദൈവപുത്രനായിരുന്നു എന്ന് അവർ പറഞ്ഞു. യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയിൽനിന്ന് അവിടുത്തെ അനുഗമിച്ചിരുന്ന പല സ്‍ത്രീകളും അല്പം അകലെനിന്ന് ഇവയെല്ലാം നോക്കിക്കൊണ്ടിരുന്നു. 56അവരുടെ കൂട്ടത്തിൽ മഗ്ദലേന മറിയവും യാക്കോബിന്റെയും യോസേഫിന്റെയും അമ്മ മറിയവും സെബദിപുത്രന്മാരുടെ മാതാവും ഉൾപ്പെട്ടിരുന്നു.
മൃതദേഹം സംസ്കരിക്കുന്നു
(മർക്കോ. 15:42-47; ലൂക്കോ. 23:50-56; യോഹ. 19:38-42)
57നേരം വൈകിയപ്പോൾ അരിമഥ്യയിലെ ഒരു ധനികനായ യോസേഫ് എന്നയാൾ അവിടെയെത്തി. 58അയാളും യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ചവരിൽ ഒരാളായിരുന്നു. അയാൾ പീലാത്തോസിനെ സമീപിച്ച് യേശുവിന്റെ ശരീരം വിട്ടുകൊടുക്കണമെന്നപേക്ഷിച്ചു. പീലാത്തോസ് അനുവാദം നല്‌കി. 59യോസേഫ് ശരീരം ഏറ്റുവാങ്ങി ഒരു ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ് പുതുതായി പാറയിൽ വെട്ടിച്ച തന്റെ കല്ലറയിൽ സംസ്കരിച്ചു. 60ഒരു വലിയ കല്ലുരുട്ടി കല്ലറയുടെ വാതിൽക്കൽ വച്ചശേഷം അയാൾ പോയി. 61ഈ സമയത്ത് കല്ലറയ്‍ക്കഭിമുഖമായി മഗ്ദലേനമറിയവും മറ്റേ മറിയവും ഇരിക്കുന്നുണ്ടായിരുന്നു.
കല്ലറയ്‍ക്കു കാവൽ
62പിറ്റേ ദിവസം, അതായത് ഒരുക്കനാൾ കഴിഞ്ഞിട്ട്, മുഖ്യപുരോഹിതന്മാരും പരീശന്മാരും ചെന്ന് പീലാത്തോസിനോട് പറഞ്ഞു: 63“പ്രഭോ, ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ ഞാൻ മൂന്നു ദിവസം കഴിഞ്ഞു ഉയിർത്തെഴുന്നേല്‌ക്കും’ എന്നു പറഞ്ഞിരുന്നതായി ഓർക്കുന്നു. 64അയാളുടെ ശിഷ്യന്മാർ വന്ന് അയാളെ മോഷ്‍ടിച്ചുകൊണ്ടുപോയിട്ട് അയാൾ മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു എന്നു ജനത്തെ പറഞ്ഞു ധരിപ്പിക്കും. അങ്ങനെ ഒടുവിലത്തെ ഈ വഞ്ചന ആദ്യത്തേതിനെക്കാൾ വഷളായിത്തീരും. അതു സംഭവിക്കാതിരിക്കുവാൻ മൂന്നാം ദിവസംവരെ കല്ലറ ഭദ്രമായി സൂക്ഷിക്കുവാൻ കല്പിച്ചാലും.”
65“കാവല്ഭടന്മാരെ കൊണ്ടുപോയി നിങ്ങൾക്ക് ആവുംവിധം കല്ലറ ഭദ്രമാക്കിക്കൊള്ളുക” എന്നു പീലാത്തോസ് അവരോടു പറഞ്ഞു.
66അങ്ങനെ അവർ പോയി അടപ്പുകല്ലിനു മുദ്രവച്ച് കല്ലറ ഭദ്രമാക്കി; ഭടന്മാരെ കാവൽനിറുത്തുകയും ചെയ്തു.
Currently Selected:
MATHAIA 27: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.