MATHAIA 26:26-50
MATHAIA 26:26-50 MALCLBSI
“അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി മുറിച്ചു ശിഷ്യന്മാർക്കു കൊടുത്തു. അവിടുന്ന് അരുൾചെയ്തു: “വാങ്ങി ഭക്ഷിക്കുക; ഇത് എന്റെ ശരീരം.” അവിടുന്നു പാനപാത്രവും എടുത്തു സ്തോത്രം ചെയ്ത് അവർക്കു കൊടുത്തു. അവരോട് അവിടുന്ന് അരുൾചെയ്തു: “നിങ്ങൾ എല്ലാവരും ഇതിൽനിന്നു കുടിക്കുക; ഇതു ദൈവത്തിന്റെ ഉടമ്പടിയെ സ്ഥിരീകരിക്കുന്ന രക്തമാണ്; അസംഖ്യം ആളുകളുടെ പാപമോചനത്തിനായി ചൊരിയുന്ന എന്റെ രക്തംതന്നെ; ഞാൻ നിങ്ങളോടു പറയുന്നു: എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടി പുതുതായി പാനം ചെയ്യുന്ന നാൾവരെ മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് ഞാൻ ഇനി കുടിക്കുകയില്ല.” ഒരു സ്തോത്രഗാനം പാടിയശേഷം അവർ ഒലിവുമലയിലേക്കു പുറപ്പെട്ടു. യേശു അവരോടു പറഞ്ഞു: ” ഈ രാത്രിയിൽ നിങ്ങളെല്ലാവരും എന്നെവിട്ട് ഓടിപ്പോകും; ‘ഞാൻ ഇടയനെ വധിക്കും; പറ്റത്തിൽനിന്ന് ആടുകൾ ചിതറിപ്പോകുകയും ചെയ്യും’ എന്നു വിശുദ്ധഗ്രന്ഥത്തിൽ പറയുന്നുണ്ടല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റ ശേഷം നിങ്ങൾക്കു മുമ്പായി ഗലീലയിലേക്കു പോകും.” പത്രോസ് യേശുവിനോടു പറഞ്ഞു: “മറ്റുള്ളവരെല്ലാം അങ്ങയെ ഉപേക്ഷിച്ചുപോയാലും ഞാൻ ഒരിക്കലും അങ്ങയെ വിട്ടുപിരിയുകയില്ല.” അതിന് യേശു: “പത്രോസേ, ഞാൻ നിന്നോട് ഉറപ്പിച്ചു പറയുന്നു: എന്നെ അറിയുകയില്ല എന്ന് നീ ഈ രാത്രിയിൽ കോഴി കൂകുന്നതിനുമുമ്പ് മൂന്നുവട്ടം തള്ളിപ്പറയും” എന്നു മറുപടി പറഞ്ഞു. പത്രോസ് യേശുവിനോട്, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ഞാൻ ഒരിക്കലും അങ്ങയെ തള്ളിപ്പറയുകയില്ല” എന്നു പറഞ്ഞു. അതുപോലെതന്നെ എല്ലാ ശിഷ്യന്മാരും പറഞ്ഞു. പിന്നീട് യേശു ശിഷ്യന്മാരോടുകൂടി ഗത്ശമേന എന്ന സ്ഥലത്തേക്കു പോയി. അവിടുന്ന് അവരോട്, “ഞാൻ അതാ അവിടെപ്പോയി പ്രാർഥിച്ചു കഴിയുന്നതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക” എന്നു പറഞ്ഞു. അനന്തരം പത്രോസിനെയും സെബദിയുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ട് യേശു പോയി. അവിടുന്ന് ശോകപരവശനും അസ്വസ്ഥചിത്തനും ആയിത്തീർന്നു. “എന്റെ മനോവേദന മരണവേദനപോലെ കഠിനമാണ്; നിങ്ങൾ ഇവിടെ എന്നോടുകൂടി ജാഗരൂകരായിരിക്കുക” എന്ന് അവിടുന്നു പറഞ്ഞു. അനന്തരം അവിടുന്നു അല്പം മുമ്പോട്ടുചെന്നു കമിഴ്ന്നുവീണു പ്രാർഥിച്ചു: “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്നു നീക്കണമേ. എങ്കിലും ഞാൻ ഇച്ഛിക്കുന്നതുപോലെയല്ല, അങ്ങ് ഇച്ഛിക്കുന്നതുപോലെ നടക്കട്ടെ.” അതിനുശേഷം അവിടുന്നു ശിഷ്യന്മാരുടെ അടുക്കൽ തിരിച്ചുചെന്നപ്പോൾ അവർ ഉറങ്ങുന്നതായി കണ്ടു. യേശു പത്രോസിനോടു പറഞ്ഞു: “നിങ്ങൾക്കു മൂന്നു പേർക്കുപോലും ഒരു മണിക്കൂർ എന്നോടുകൂടി ഉണർന്നിരിക്കുവാൻ കഴിഞ്ഞില്ലല്ലോ; പരീക്ഷണത്തിൽ അകപ്പെടാതിരിക്കുവാൻ ജാഗ്രതയോടെ പ്രാർഥിക്കുക; ആത്മാവു നിശ്ചയമായും സന്നദ്ധമാണ്; ശരീരമോ ദുർബലം.” യേശു വീണ്ടും പോയി പ്രാർഥിച്ചു: “എന്റെ പിതാവേ, ഞാൻ കുടിക്കാതെ ഈ പാനപാത്രം നീങ്ങിപ്പോകുവാൻ സാധ്യമല്ലെങ്കിൽ അവിടുത്തെ ഇഷ്ടം നിറവേറട്ടെ.” വീണ്ടും അവിടുന്നു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു. നിദ്രാഭാരംമൂലം അവർ പിന്നെയും ഉറങ്ങുന്നതായിട്ടാണു കണ്ടത്. അവരെ വിട്ടിട്ട് അവിടുന്നു മൂന്നാമതും പോയി, അതേ പ്രാർഥനതന്നെ ആവർത്തിച്ചു; അതിനുശേഷം ശിഷ്യന്മാരുടെ അടുക്കൽ ചെന്നു ചോദിച്ചു: “നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? ഇതാ, മനുഷ്യപുത്രനെ പാപിഷ്ഠരുടെ കൈയിൽ ഏല്പിച്ചുകൊടുക്കുവാനുള്ള സമയം ആസന്നമായിരിക്കുന്നു. എഴുന്നേല്‌ക്കുക, നമുക്കുപോകാം; എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ എത്തിക്കഴിഞ്ഞു.” ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് എത്തിച്ചേർന്നു. മുഖ്യപുരോഹിതന്മാരും യെഹൂദാപ്രമാണിമാരും അയച്ച ഒരു വലിയ ജനാവലി വാളും കുറുവടിയുമായി അയാളുടെ കൂടെയുണ്ടായിരുന്നു. “ഞാൻ ആരെ ചുംബിക്കുന്നുവോ അയാളെയാണു നിങ്ങൾക്കു വേണ്ടത്. അയാളെ പിടിച്ചുകൊള്ളുക” എന്ന് ഒറ്റുകാരൻ അവർക്ക് സൂചന നല്‌കിയിരുന്നു. യൂദാസ് നേരെ യേശുവിന്റെ അടുക്കലേക്കു ചെന്ന്, “ഗുരോ വന്ദനം” എന്നു പറഞ്ഞുകൊണ്ട് അവിടുത്തെ ചുംബിച്ചു. “സ്നേഹിതാ! നീ വന്നതെന്തിനാണ്?” എന്നു യേശു ചോദിച്ചു. അപ്പോൾ അവർ മുമ്പോട്ടുവന്ന് യേശുവിനെ പിടിച്ചു ബന്ധിച്ചു.