YouVersion Logo
Search Icon

MATHAIA 26:1-25

MATHAIA 26:1-25 MALCLBSI

ഈ പ്രബോധനങ്ങളെല്ലാം പൂർത്തീകരിച്ചശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: ‘രണ്ടു ദിവസം കഴിഞ്ഞ് പെസഹാപെരുന്നാൾ ആണെന്നു നിങ്ങൾക്ക് അറിയാമല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിക്കുന്നതിനായി ഏല്പിച്ചുകൊടുക്കും.” പുരോഹിതമുഖ്യന്മാരും ജനനേതാക്കളും മഹാപുരോഹിതനായ കയ്യഫാസിന്റെ അരമനയിൽ കൂടി, യേശുവിനെ തന്ത്രപൂർവം പിടികൂടി വധിക്കുന്നതിനെപ്പറ്റി ആലോചിച്ചു. എന്നാൽ ഉത്സവദിവസം ആയാൽ ജനക്ഷോഭമുണ്ടാകും; അതുകൊണ്ട് അന്നു പാടില്ല’ എന്ന് അവർ പറഞ്ഞു. യേശു ബേഥാന്യയിലെ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. അവിടുന്നു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു സ്‍ത്രീ ഒരു വെൺകല്പാത്രം നിറയെ വിലയേറിയ സുഗന്ധതൈലവുമായി അവിടുത്തെ സമീപിച്ച് അത് അവിടുത്തെ ശിരസ്സിൽ പകർന്നു. ഇതു കണ്ടപ്പോൾ ശിഷ്യന്മാർക്ക് അമർഷമുണ്ടായി. ഈ പാഴ്ചെലവ് എന്തിന്? ഈ തൈലം നല്ല വിലയ്‍ക്കു വിറ്റു ദരിദ്രന്മാർക്കു കൊടുക്കാമായിരുന്നല്ലോ” എന്ന് അവർ പറഞ്ഞു. അവർ ഇങ്ങനെ പറയുന്നു എന്ന് യേശു മനസ്സിലാക്കിക്കൊണ്ട് അവരോടു പറഞ്ഞു: “ഈ സ്‍ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്തിന്? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു. ദരിദ്രന്മാർ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടല്ലോ; എന്നാൽ ഞാൻ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല. ഈ തൈലം പൂശി ശവസംസ്കാരത്തിനുവേണ്ടി എന്റെ ശരീരം ഒരുക്കുകയാണ് അവൾ ചെയ്തത്. ഞാൻ നിങ്ങളോടു പറയുന്നു: ലോകത്തെവിടെയെല്ലാം ഈ സുവിശേഷം പ്രഘോഷിക്കപ്പെടുന്നുവോ, അവിടെയെല്ലാം അവളുടെ സ്മരണയ്‍ക്കായി ഇക്കാര്യം പ്രസ്താവിക്കപ്പെടും.” പിന്നീടു പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് ഈസ്കരിയോത്ത് മുഖ്യപുരോഹിതന്മാരുടെ അടുക്കൽ ചെന്ന് “യേശുവിനെ കാണിച്ചുതന്നാൽ നിങ്ങൾ എനിക്ക് എന്തു തരും?” എന്നു ചോദിച്ചു. മുപ്പതു വെള്ളിനാണയം അവർ യൂദാസിനു കൊടുത്തു. അപ്പോൾമുതൽ അയാൾ യേശുവിനെ ഒറ്റിക്കൊടുക്കുവാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ഉത്സവദിവസം ശിഷ്യന്മാർ വന്ന് യേശുവിനോട് “അങ്ങേക്കുവേണ്ടി എവിടെയാണു ഞങ്ങൾ പെസഹാഭക്ഷണം ഒരുക്കേണ്ടത്” എന്നു ചോദിച്ചു. യേശു പറഞ്ഞു: “നിങ്ങൾ നേരേ നഗരത്തിൽ ചെന്ന് ‘എന്റെ സമയം അടുത്തിരിക്കുന്നു; നിങ്ങളുടെ വീട്ടിലാണു ഞാൻ ശിഷ്യന്മാരോടുകൂടി പെസഹ ആചരിക്കുന്നത്’ എന്നു ഗുരു പറയുന്നു എന്ന് ഇന്നയാളിനോട് പറയണം.” യേശു നിർദേശിച്ചതുപോലെ ശിഷ്യന്മാർ ചെയ്തു. അവർ പെസഹ ഒരുക്കി. സന്ധ്യ ആയപ്പോൾ അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ഭക്ഷണം കഴിക്കാനിരുന്നു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യേശു പറഞ്ഞു: “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കുമെന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.” അപ്പോൾ അവർ അത്യന്തം വ്യാകുലചിത്തരായി; “ഗുരോ, അതു ഞാനല്ലല്ലോ” എന്ന് ഓരോരുത്തനും പറഞ്ഞു. “എന്നോടുകൂടി താലത്തിൽ അപ്പം മുക്കുന്നവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും” എന്ന് യേശുനാഥൻ പറഞ്ഞു. “വിശുദ്ധഗ്രന്ഥത്തിൽ പറയുന്നതുപോലെ മനുഷ്യപുത്രൻ കടന്നുപോകുന്നു; എങ്കിലും മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന് ഹാ കഷ്ടം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനു നല്ലതായിരുന്നു” എന്നും അവിടുന്നു പറഞ്ഞു. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ്, “ഗുരോ, തീർച്ചയായും അതു ഞാനല്ലല്ലോ” എന്നു പറഞ്ഞു. “നീ അങ്ങനെ പറയുന്നു” എന്ന് യേശു മറുപടി നല്‌കി.