MATHAIA 25:31-46
MATHAIA 25:31-46 MALCLBSI
“മനുഷ്യപുത്രൻ എല്ലാ മാലാഖമാരോടുംകൂടി തേജസ്സോടെ ആഗതനായി രാജകീയസിംഹാസനത്തിൽ ഉപവിഷ്ഠനാകും. അപ്പോൾ സകല ജനതകളെയും മനുഷ്യപുത്രന്റെ മുമ്പിൽ സന്നിഹിതരാക്കും. ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും വേർതിരിക്കുന്നതുപോലെ മനുഷ്യപുത്രൻ അവരെ വേർതിരിക്കും; ചെമ്മരിയാടുകളെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും. പിന്നീടു രാജാവ് വലത്തുള്ളവരോട് അരുൾചെയ്യും: ‘എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരിക; പ്രപഞ്ചത്തിന് അടിസ്ഥാനമിടുന്നതിനു മുമ്പുതന്നെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്ളുക. എന്തുകൊണ്ടെന്നാൽ എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കുവാൻ തന്നു; ഞാൻ അന്യനും പരദേശിയും ആയിരുന്നു, നിങ്ങൾ എനിക്ക് അഭയംതന്നു; എനിക്കു വസ്ത്രമില്ലായിരുന്നു, നിങ്ങൾ എനിക്കു വസ്ത്രം തന്നു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ ശുശ്രൂഷിച്ചു; ഞാൻ കാരാഗൃഹത്തിലായിരുന്നു, നിങ്ങൾ എന്നെ വന്നു കണ്ടു.’ “അപ്പോൾ ധർമനിഷ്ഠരായി ജീവിച്ചവർ അദ്ദേഹത്തോടു ചോദിക്കും: ‘പ്രഭോ, ഞങ്ങൾ എപ്പോഴാണ് അങ്ങയെ വിശപ്പുള്ളവനായി കണ്ടിട്ട് ആഹാരം തന്നത്? അഥവാ എപ്പോഴാണു അങ്ങയെ ദാഹിക്കുന്നവനായി കണ്ടിട്ടു കുടിക്കുവാൻ തന്നത്? അല്ലെങ്കിൽ എപ്പോഴാണ് അങ്ങയെ അന്യനും പരദേശിയുമായി കണ്ടിട്ടു ഞങ്ങൾ അഭയം നല്‌കുകയും വസ്ത്രമില്ലാത്തവനായി കണ്ടിട്ട് വസ്ത്രം നല്‌കുകയും ചെയ്തത്? എപ്പോഴാണ് രോഗപീഡിതനോ കാരാഗൃഹവാസിയോ ആയിരുന്നപ്പോൾ ഞങ്ങൾ വന്ന് അങ്ങയെ സന്ദർശിച്ചത്? അപ്പോൾ രാജാവ് അവരോട് തീർച്ചയായും ഇങ്ങനെ പറയും: ‘എന്റെ ഈ ഏറ്റവും എളിയ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടിയത്രേ ചെയ്തത്.’ “അനന്തരം രാജാവ് ഇടത്തുവശത്തു നില്‌ക്കുന്നവരോട് ഇപ്രകാരം പറയും: ‘ശപിക്കപ്പെട്ടവരേ, എന്നെ വിട്ട് പിശാചിനും അവന്റെ ദൂതന്മാർക്കുമായി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകൂ. എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നില്ല; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്കു കുടിക്കുവാൻ തന്നില്ല; ഞാൻ അന്യനും പരദേശിയും ആയിരുന്നു, നിങ്ങൾ എനിക്ക് അഭയം നല്‌കിയില്ല; എനിക്കു വസ്ത്രമില്ലായിരുന്നു, നിങ്ങൾ എനിക്കു വസ്ത്രം നല്‌കിയില്ല; ഞാൻ രോഗിയും കാരാഗൃഹവാസിയുമായിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചില്ല.’ “അപ്പോൾ അവരും അദ്ദേഹത്തോടു ചോദിക്കും: ‘പ്രഭോ, ഞങ്ങൾ എപ്പോൾ അങ്ങയെ വിശക്കുന്നവനായോ ദാഹിക്കുന്നവനായോ, അന്യനും പരദേശിയുമായോ, വസ്ത്രരഹിതനായോ, രോഗിയായോ, ബന്ധനസ്ഥനായോ, അങ്ങയെ കണ്ടിട്ടു ശുശ്രൂഷിക്കാതിരുന്നു? ‘അപ്പോൾ രാജാവ് ഇങ്ങനെ മറുപടി പറയും: “ഈ ഏറ്റവും എളിയവരിൽ ഒരുവനു ചെയ്യാതിരുന്നതെല്ലാം എനിക്കാകുന്നു നിങ്ങൾ ചെയ്യാതിരുന്നത്.’ ഞാൻ ഉറപ്പിച്ചു പറയുന്നു: അവർ അനന്തമായ ശിക്ഷയിലേക്കു തള്ളപ്പെടും; നീതിമാന്മാർ അനശ്വരജീവനിലേക്കു കടക്കുകയും ചെയ്യും.”