MATHAIA 25:1-13
MATHAIA 25:1-13 MALCLBSI
“സ്വർഗരാജ്യം മണവാളനെ എതിരേല്‌ക്കാൻ വിളക്കുമായി പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം. അവരിൽ അഞ്ചുപേർ ബുദ്ധികെട്ടവരും അഞ്ചുപേർ ബുദ്ധിമതികളുമായിരുന്നു. ബുദ്ധികെട്ടവർ വിളക്കെടുത്തപ്പോൾ എണ്ണ എടുത്തില്ല. ബുദ്ധിമതികളാകട്ടെ, വിളക്കുകളോടൊപ്പം പാത്രത്തിൽ എണ്ണയുമെടുത്തു. മണവാളൻ വരാൻ വൈകിയതിനാൽ എല്ലാവരും നിദ്രാധീനരായി. “അർധരാത്രിയിൽ ‘അതാ, മണവാളൻ വരുന്നു; അദ്ദേഹത്തെ എതിരേല്‌ക്കുവാൻ പുറപ്പെടുക’ എന്നു പറഞ്ഞുകൊണ്ടുള്ള ആർപ്പുവിളി ഉണ്ടായി. അപ്പോൾ ആ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിച്ചു. ബുദ്ധികെട്ടവർ ബുദ്ധിമതികളോട് ‘ഞങ്ങളുടെ വിളക്കുകൾ അണയാൻ പോകുന്നു; നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരിക’ എന്നു പറഞ്ഞു. ‘ഞങ്ങൾക്കും നിങ്ങൾക്കും തികയാതെ വന്നേക്കും; അതുകൊണ്ടു നിങ്ങൾക്കു വേണ്ടതു കടയിൽപോയി വാങ്ങുകയാണു നല്ലത്’ എന്നു ബുദ്ധിമതികൾ മറുപടി നല്‌കി. അങ്ങനെ അവർ എണ്ണ വാങ്ങാൻ പോയപ്പോൾ മണവാളൻ വന്നു. ഒരുങ്ങിനിന്നവർ മണവാളനോടുകൂടി വിരുന്നുശാലയിൽ പ്രവേശിച്ചു. വിരുന്നുശാലയുടെ വാതിൽ അടയ്‍ക്കുകയും ചെയ്തു. “അനന്തരം മറ്റേ കന്യകമാർ വന്നു ചേർന്നു. ‘പ്രഭോ, പ്രഭോ, ഞങ്ങൾക്കു വാതിൽ തുറന്നു തരണേ!’ എന്ന് അവർ അപേക്ഷിച്ചു. ‘സത്യമായി നിങ്ങളെ എനിക്ക് അറിഞ്ഞുകൂടാ’ എന്നു മണവാളൻ മറുപടി നല്‌കി. “അതുകൊണ്ട് ആ നാളും നാഴികയും നിങ്ങൾക്ക് അജ്ഞാതമായിരിക്കുകയാൽ ജാഗരൂകരായിരിക്കുക.