MATHAIA 23:23-39
MATHAIA 23:23-39 MALCLBSI
“മതപണ്ഡിതന്മാരേ! പരീശന്മാരേ! കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ കർപ്പൂരം, തുളസി, ചതകുപ്പ, ജീരകം മുതലായവയുടെപോലും പത്തിലൊന്നു ദൈവത്തിന് അർപ്പിക്കുന്നു. എന്നാൽ യഥാർഥത്തിൽ ധർമശാസ്ത്രോപദേശങ്ങളിൽ പ്രാധാന്യമർഹിക്കുന്ന നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിക്കുന്നു. മറ്റുള്ളവ ത്യജിക്കാതെ ഇവയും നിങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. അന്ധരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നു. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ പാത്രങ്ങളുടെ പുറം തേച്ചുവെടിപ്പാക്കുന്നു. അതേസമയം അകം അക്രമവും സ്വാർഥതയുംകൊണ്ട് ആർജിച്ച വസ്തുക്കൾ നിറഞ്ഞിരിക്കുന്നു. അന്ധനായ പരീശാ, ആദ്യം പാത്രത്തിന്റെ അകം വെടിപ്പാക്കുക. അപ്പോൾ പുറവും വെടിപ്പായിക്കൊള്ളും. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! വെള്ള പൂശിയ ശവക്കല്ലറയ്ക്കു തുല്യരാണു നിങ്ങൾ. പുറമേ ഭംഗിയുള്ളതായി ആ കല്ലറകൾ കാണപ്പെടുന്നു. എന്നാൽ അകം മരിച്ചവരുടെ അസ്ഥികളും ജീർണിക്കുന്ന വസ്തുക്കളും നിറഞ്ഞിരിക്കുന്നു. അതുപോലെ നിങ്ങളും പുറമേ മറ്റുള്ളവരുടെ ദൃഷ്ടിയിൽ നീതിമാന്മാരായി കാണപ്പെടുന്നു; എന്നാൽ അകത്ത് കാപട്യവും അധർമങ്ങളും നിറഞ്ഞിരിക്കുന്നു. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ പ്രവാചകന്മാരുടെ ശവകുടീരങ്ങൾ നിർമിക്കുന്നു; സജ്ജനങ്ങളുടെ സ്മാരകങ്ങൾ അലങ്കരിക്കുന്നു. ‘പൂർവികരുടെ കാലത്ത് ഞങ്ങൾ ജീവിച്ചിരുന്നെങ്കിൽ അവർ ചെയ്തതുപോലെ ചെയ്യുകയോ പ്രവാചകന്മാരെ വധിക്കുന്നതിൽ പങ്കാളികളാകുകയോ ചെയ്യുകയില്ലായിരുന്നു’ എന്നു നിങ്ങൾ പറയുന്നു. അതുകൊണ്ട് പ്രവാചകന്മാരെ വധിച്ചവരുടെ സന്താനങ്ങൾ ആണ് നിങ്ങൾ എന്ന് യഥാർഥത്തിൽ സമ്മതിക്കുകയാണു ചെയ്യുന്നത്. നിങ്ങളുടെ പൂർവികർ തുടങ്ങിവച്ചതു പൂർത്തിയാക്കിക്കൊള്ളുക. സർപ്പങ്ങളേ! സർപ്പസന്തതികളേ! നരകശിക്ഷയിൽനിന്ന് നിങ്ങൾ എങ്ങനെ ഓടി രക്ഷപെടും? അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: പ്രവാചകന്മാരെയും ജ്ഞാനികളെയും മതഗുരുക്കന്മാരെയും നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കും; ചിലരെ നിങ്ങൾ വധിക്കുകയും ക്രൂശിക്കുകയും ചെയ്യും; മറ്റുചിലരെ സുനഗോഗുകളിൽവച്ചു ചാട്ടവാറുകൊണ്ട് അടിക്കുകയും പട്ടണംതോറും വേട്ടയാടുകയും ചെയ്യും. അതുകൊണ്ടു നീതിമാനായ ഹാബേൽതൊട്ട് സഖറിയാവരെയുള്ള എല്ലാ നിരപരാധികളുടെയും ശിക്ഷാവിധി നിങ്ങളുടെമേൽ നിപതിക്കും. ബെരഖ്യായുടെ പുത്രനായ ഈ സഖറിയായെ ആണല്ലോ വിശുദ്ധസ്ഥലത്തിനും യാഗപീഠത്തിനും മധ്യേവച്ചു നിങ്ങൾ വധിച്ചത്. ഞാൻ നിങ്ങളോടു പറയുന്നു: ഈ മഹാപാതകങ്ങളുടെയെല്ലാം ശിക്ഷ ഇന്നത്തെ തലമുറയുടെമേൽ നിശ്ചയമായും വരും. “യെരൂശലേമേ, യെരൂശലേമേ! പ്രവാചകന്മാരെ നീ വധിക്കുകയും നിന്റെ അടുക്കലേക്ക് അയയ്ക്കപ്പെട്ട സന്ദേശവാഹകരെ നീ കല്ലെറിയുകയും ചെയ്തു. കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുന്നതുപോലെ നിന്റെ ജനത്തെ എന്റെ കരവലയത്തിൽ ചേർക്കുവാൻ ഞാൻ എത്ര തവണ ആഗ്രഹിച്ചു! നിങ്ങൾക്ക് അതിനു മനസ്സുവന്നില്ല. നിങ്ങളുടെ ആലയം ശൂന്യമായിത്തീരും! ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”