MATHAIA 23:1-22
MATHAIA 23:1-22 MALCLBSI
അനന്തരം യേശു ജനസമൂഹത്തോടും തന്റെ ശിഷ്യന്മാരോടും ഇങ്ങനെ പറഞ്ഞു: പരീശന്മാരും മതപണ്ഡിതന്മാരും മോശയുടെ പിൻഗാമികളായി അദ്ദേഹത്തിന്റെ ധർമപീഠത്തിലിരുന്നു പഠിപ്പിക്കുന്നവരാണല്ലോ. അതുകൊണ്ട് നിങ്ങൾ അവർ പറയുന്നതെല്ലാം ശ്രദ്ധിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. എന്നാൽ അവരുടെ പ്രവൃത്തികളെ നിങ്ങൾ അനുകരിക്കരുത്. അവർ പറയുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നില്ലല്ലോ. അവർ ഭാരമേറിയതും ദുർവഹവുമായ ചുമടുകൾ മനുഷ്യരുടെ ചുമലിൽ കെട്ടിവയ്‍ക്കുന്നു. എന്നാൽ ഒരു ചെറുവിരൽകൊണ്ടുപോലും ഒന്നു താങ്ങിക്കൊടുക്കുവാൻ അവർക്കു മനസ്സില്ല. അവരുടെ പ്രവൃത്തികളെല്ലാം മറ്റുള്ളവരുടെ ശ്രദ്ധയെ ആകർഷിക്കുന്നതിനുവേണ്ടിയുള്ളതാണ്. നോക്കൂ, വേദമന്ത്രങ്ങൾ എഴുതിയ അവരുടെ നെറ്റിപ്പട്ടകൾക്കു വീതിയും പുറങ്കുപ്പായത്തിന്റെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നതു കണ്ടില്ലേ? അവർ സദ്യക്കിരിക്കുമ്പോൾ മാന്യസ്ഥാനവും സുനഗോഗുകളിൽ പ്രധാന ഇരിപ്പിടവും ചന്തസ്ഥലത്തുവച്ച് അഭിവാദനവും മറ്റുള്ളവരിൽനിന്ന് റബ്ബീ എന്ന അഭിസംബോധനയും ഇഷ്ടപ്പെടുന്നു. എന്നാൽ നിങ്ങൾ റബ്ബീ എന്നു വിളിക്കപ്പെടുവാൻ ആഗ്രഹിക്കരുത്; ഒരുവൻ മാത്രമാണല്ലോ നിങ്ങളുടെ ഗുരു; നിങ്ങളെല്ലാവരും സഹോദരന്മാരത്രേ. ഭൂമിയിൽ ആരെയും നിങ്ങൾ പിതാവെന്നു വിളിക്കരുത്; സ്വർഗസ്ഥനായ ഒരു പിതാവുമാത്രമേ നിങ്ങൾക്കുള്ളൂ. നേതാവ് എന്ന പേരും നിങ്ങൾ സ്വീകരിക്കരുത്. ഒരുവൻ മാത്രമാണ് നിങ്ങളുടെ നേതാവ് -’ക്രിസ്തു’ തന്നെ. നിങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ നിങ്ങളുടെ സേവകൻ ആയിരിക്കണം. തന്നെത്താൻ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും. “കപടഭക്തരായ മതപണ്ഡിതന്മാരേ, പരീശന്മാരേ, നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ സ്വർഗരാജ്യത്തിന്റെ വാതിൽ മനുഷ്യരുടെ നേരേ അടച്ചുകളയുന്നു. നിങ്ങളാകട്ടെ, അതിൽ പ്രവേശിക്കുന്നുമില്ല, പ്രവേശിക്കുവാൻ വരുന്നവരെ ഒട്ടു കടത്തിവിടുകയുമില്ല. മതപണ്ഡിതന്മാരേ, പരീശന്മാരേ! കപടഭക്തരായ നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ നീണ്ട പ്രാർഥനകൾ ഉരുവിടുകയും വിധവകളെ ചൂഷണം ചെയ്ത് അവരുടെ വീടുകൾ അപഹരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു നിങ്ങൾക്കുള്ള ശിക്ഷാവിധി അതികഠിനമായിരിക്കും. “മതപണ്ഡിതന്മാരേ, പരീശന്മാരേ, കപടഭക്തരായ നിങ്ങൾക്കു ഹാ കഷ്ടം! ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കുവാൻ നിങ്ങൾ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. മതത്തിൽ ചേർന്നു കഴിഞ്ഞാൽ അയാളെ നിങ്ങളുടേതിന്റെ ഇരട്ടി നരകശിക്ഷയ്‍ക്കു പാത്രമാക്കുന്നു. അന്ധരായ വഴികാട്ടികളേ! നിങ്ങൾക്കു ഹാ കഷ്ടം! ഒരുവൻ ദേവാലയത്തെ ചൊല്ലി സത്യംചെയ്താൽ അതു സാരമില്ലെന്നും പ്രത്യുത, അതിലുള്ള സ്വർണത്തെച്ചൊല്ലി സത്യംചെയ്താൽ അതു നിറവേറ്റുവാൻ നിങ്ങൾ ബാധ്യസ്ഥരാണന്നുമല്ലേ നിങ്ങൾ പറയുന്നത്? അന്ധന്മാരേ! മൂഢന്മാരേ! ഏതാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്? സ്വർണമോ, സ്വർണത്തെ വിശുദ്ധീകരിക്കുന്ന ദേവാലയമോ? ഒരുവൻ യാഗപീഠത്തെച്ചൊല്ലി സത്യംചെയ്താൽ സാരമില്ലെന്നും യാഗപീഠത്തിൽ അർപ്പിക്കുന്ന വഴിപാടിനെച്ചൊല്ലി സത്യംചെയ്താൽ അതു നിറവേറ്റുവാൻ അവനു ബാധ്യതയുണ്ടെന്നും നിങ്ങൾ പഠിപ്പിക്കുന്നു. നിങ്ങൾ എത്രകണ്ട് അന്ധന്മാരാകുന്നു! ഏതാണു കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്? വഴിപാടോ, വഴിപാടിനെ വിശുദ്ധീകരിക്കുന്ന യാഗപീഠമോ? യാഗപീഠത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയുംചൊല്ലി സത്യംചെയ്യുന്നു. “ഒരുവൻ ദേവാലയത്തെച്ചൊല്ലി സത്യംചെയ്യുന്നെങ്കിൽ അതിനെയും അതിൽ വസിക്കുന്ന ദൈവത്തെയുംചൊല്ലി സത്യം ചെയ്യുന്നു. സ്വർഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഉപവിഷ്ടനായിരിക്കുന്ന ദൈവത്തെയും ചൊല്ലിയത്രേ സത്യംചെയ്യുന്നത്.