YouVersion Logo
Search Icon

MATHAIA 22:23-46

MATHAIA 22:23-46 MALCLBSI

അന്നുതന്നെ ഏതാനും സാദൂക്യർ വന്ന് - മരിച്ചവർക്ക് പുനരുത്ഥാനമില്ലെന്നു പറയുന്ന കൂട്ടരാണിവർ യേശുവിനോടു ചോദിച്ചു: “ഗുരോ, ഒരുവൻ സന്താനരഹിതനായി മരണമടഞ്ഞാൽ അയാളുടെ സഹോദരൻ മരിച്ചയാളിന്റെ ഭാര്യയെ വിവാഹം ചെയ്യണമെന്നും അങ്ങനെ അയാൾക്കുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കാമെന്നും മോശ വിധിച്ചിട്ടുണ്ടല്ലോ. ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ വിവാഹം ചെയ്തശേഷം മരിച്ചു. അയാൾക്കു സന്തതി ഇല്ലായ്കയാൽ അയാളുടെ സഹോദരൻ ആ വിധവയെ വിവാഹം ചെയ്തു. രണ്ടാമനും മൂന്നാമനും ഏഴാമൻ വരെയും അങ്ങനെ എല്ലാവർക്കും അപ്രകാരം സംഭവിച്ചു. അവസാനം ആ സ്‍ത്രീയും അന്തരിച്ചു. പുനരുത്ഥാനത്തിൽ അവൾ ഈ ഏഴുപേരിൽ ആരുടെ ഭാര്യ ആയിരിക്കും? അവൾ എല്ലാവരുടെയും ഭാര്യ ആയിരുന്നല്ലോ.” യേശു അതിന് ഇങ്ങനെ മറുപടി നല്‌കി: “വേദലിഖിതങ്ങളും ദൈവത്തിന്റെ ശക്തിയും നിങ്ങൾ മനസ്സിലാക്കാത്തതുകൊണ്ട് നിങ്ങൾക്കു തെറ്റുപറ്റിയിരിക്കുന്നു. പുനരുത്ഥാനത്തിൽ വിവാഹം കഴിക്കുകയോ വിവാഹം കഴിപ്പിക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെ ആയിരിക്കും. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? ദൈവം അരുളിച്ചെയ്തത് ഇങ്ങനെയാണ്: ‘ഞാൻ അബ്രഹാമിന്റെ ദൈവവും ഇസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു. ദൈവം മരിച്ചവരുടെ ദൈവമല്ല. ജീവിക്കുന്നവരുടെ ദൈവമാകുന്നു.’ ഇതു കേട്ടപ്പോൾ അവിടുത്തെ പ്രബോധനത്തിൽ ജനങ്ങൾ വിസ്മയിച്ചു. സാദൂക്യരെ യേശു മൊഴിമുട്ടിച്ച വിവരം കേട്ടപ്പോൾ പരീശന്മാർ ഒത്തുകൂടി വന്നു. അവരിൽ ഒരു മതപണ്ഡിതൻ ഒരു ചോദ്യത്തിലൂടെ അവിടുത്തെ കെണിയിൽ വീഴ്ത്തുവാൻ ശ്രമിച്ചു. അയാൾ ചോദിച്ചു: “ഗുരോ, ധർമശാസ്ത്രത്തിലെ ഏറ്റവും മുഖ്യമായ കല്പന ഏതാണ്?” യേശു പ്രതിവചിച്ചു: “നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണ ആത്മാവോടും പൂർണമനസ്സോടും കൂടി സ്നേഹിക്കുക; ഇതാണ് ഏറ്റവും ശ്രേഷ്ഠവും സുപ്രധാനവുമായ കല്പന. രണ്ടാമത്തേതും ഇതിനു സമമാണ്: നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക. സമസ്ത ധർമശാസ്ത്രവും പ്രവാചകന്മാരുടെ പ്രബോധനങ്ങളും ഈ രണ്ടു കല്പനകളിൽ അന്തർഭവിച്ചിരിക്കുന്നു.” പരീശന്മാർ ഒരുമിച്ചുകൂടിയപ്പോൾ യേശു അവരോടു ചോദിച്ചു: “ക്രിസ്തുവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്ത്? അവിടുന്ന് ആരുടെ പുത്രനാണ്?” “ദാവീദിന്റെ പുത്രനാണ്” എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ യേശു അവരോടു ചോദിച്ചു: “അങ്ങനെയാണെങ്കിൽ ക്രിസ്തുവിനെ കർത്താവ് എന്നു വിളിക്കുവാൻ ദാവീദിനെ ആത്മാവു പ്രേരിപ്പിച്ചുവോ? എന്തെന്നാൽ, ‘സർവേശ്വരൻ എന്റെ കർത്താവിനോട് അരുൾചെയ്തു: നിന്റെ ശത്രുക്കളെ നിന്റെ കാല്‌ക്കീഴിലാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്തിരിക്കുക’ എന്നു ദാവീദു പറഞ്ഞുവല്ലോ. ദാവീദ് അവിടുത്തെ കർത്താവ് എന്നു വിളിച്ചെങ്കിൽ ക്രിസ്തു എങ്ങനെയാണു ദാവീദിന്റെ പുത്രനാകുന്നത്?” ഒരു വാക്കുപോലും ഉത്തരം പറയുവാൻ ആർക്കും കഴിഞ്ഞില്ല. അന്നുമുതൽ കൂടുതലായി ഒന്നുംതന്നെ അവിടുത്തോടു ചോദിക്കുവാൻ ആരും തുനിഞ്ഞില്ല.