MATHAIA 2:1-12
MATHAIA 2:1-12 MALCLBSI
ഹേരോദാരാജാവിന്റെ കാലത്താണ് യേശു യെഹൂദ്യയിലെ ബേത്‍ലഹേമിൽ ജനിച്ചത്. യേശുവിന്റെ ജനനശേഷം പൗരസ്ത്യദേശത്തുനിന്നു ജ്യോതിശാസ്ത്രജ്ഞന്മാർ യെരൂശലേമിലെത്തി. “യെഹൂദന്മാരുടെ രാജാവു ജനിച്ചിരിക്കുന്നത് എവിടെ? അവിടുത്തെ നക്ഷത്രം ഞങ്ങൾ പൂർവദിക്കിൽ കണ്ടു; അവിടുത്തെ നമസ്കരിക്കുന്നതിനാണു ഞങ്ങൾ വന്നിരിക്കുന്നത്” എന്ന് അവർ പറഞ്ഞു. ഇതു കേട്ടപ്പോൾ ഹേരോദാരാജാവും സകല യെരൂശലേംനിവാസികളും പരിഭ്രമിച്ചു. രാജാവ് എല്ലാ പുരോഹിത മുഖ്യന്മാരെയും വിളിച്ചുകൂട്ടി, ക്രിസ്തു ജനിക്കുന്നത് എവിടെയാണെന്നു ചോദിച്ചു. അവർ ഇങ്ങനെ മറുപടി പറഞ്ഞു: “യെഹൂദ്യയിലെ ബേത്‍ലഹേമിൽത്തന്നെ. അല്ലയോ യെഹൂദ്യയിലെ ബേത്‍ലഹേമേ, നീ ഒരു വിധത്തിലും യെഹൂദ്യയിലെ പ്രമുഖ നഗരങ്ങളിൽ ഒട്ടും ചെറുതല്ല; എന്തെന്നാൽ എന്റെ ജനമായ ഇസ്രായേലിനെ മേയ്പാനുള്ളവൻ നിന്നിൽനിന്നു വരുന്നു എന്നാണല്ലോ പ്രവാചകന്മാർ മുഖാന്തരം എഴുതിയിരിക്കുന്നത്.” ഹേരോദാ ആ ജ്യോതിശാസ്ത്രജ്ഞന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം സൂക്ഷ്മമായി ചോദിച്ചു മനസ്സിലാക്കി. “നിങ്ങൾ പോയി ആ ശിശുവിനെക്കുറിച്ചു സുസൂക്ഷ്മം അന്വേഷിക്കുക; കണ്ടെത്തിയിട്ടു മടങ്ങിവന്ന് എന്നെ വിവരം അറിയിക്കണം; എനിക്കും പോയി ആ ശിശുവിനെ നമസ്കരിക്കണം” എന്നു പറഞ്ഞ് അദ്ദേഹം അവരെ ബേത്‍ലഹേമിലേക്ക് അയച്ചു. രാജാവു പറഞ്ഞതനുസരിച്ച് അവർ യാത്ര തുടർന്നു. അവർ പൂർവദിക്കിൽ കണ്ട നക്ഷത്രം അവർക്കു മുമ്പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശു കിടന്നിരുന്ന സ്ഥലത്തിനു മുകളിൽ എത്തി നിന്നു. നക്ഷത്രം കണ്ടപ്പോൾ അവർ അത്യന്തം ആനന്ദഭരിതരായി: “അവർ ആ വീട്ടിൽ പ്രവേശിച്ചപ്പോൾ അമ്മയായ മറിയമിനോടുകൂടി ശിശുവിനെ കണ്ടു. ഉടനെ അവർ സാഷ്ടാംഗം വീണു നമസ്കരിച്ചു. തങ്ങളുടെ നിക്ഷേപപാത്രങ്ങൾ തുറന്ന് പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവയ്‍ക്കുകയും ചെയ്തു. ഹേരോദായുടെ അടുക്കലേക്കു തിരിച്ചുപോകരുതെന്നു സ്വപ്നത്തിൽ അരുളപ്പാടു ലഭിച്ചതിനാൽ അവർ മറുവഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.