MATHAIA 19:16-26
MATHAIA 19:16-26 MALCLBSI
ഒരിക്കൽ ഒരാൾ യേശുവിന്റെ അടുത്തുവന്ന്, “ഗുരോ, അനശ്വരജീവൻ പ്രാപിക്കേണ്ടതിന് എന്തു സൽക്കർമം ഞാൻ ചെയ്യണം?” എന്നു ചോദിച്ചു. യേശു അയാളോടു പറഞ്ഞു: “സൽക്കർമത്തെക്കുറിച്ച് എന്തിനാണ് എന്നോട് ചോദിക്കുന്നത്? സുകൃതിയായി ഒരാൾ മാത്രമേയുള്ളൂ. നിനക്കു ജീവനിൽ പ്രവേശിക്കണമെങ്കിൽ കല്പനകൾ അനുസരിക്കുക.” “ഏതു കല്പനകൾ?” എന്ന് അയാൾ ചോദിച്ചതിന്, “കൊലപാതകം ചെയ്യരുത്, വ്യഭിചരിക്കരുത്, മോഷ്‍ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, മാതാപിതാക്കളെ ബഹുമാനിക്ക, അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക” എന്നു യേശു ഉത്തരം പറഞ്ഞു. “ഇവയെല്ലാം ഞാൻ പാലിച്ചുപോരുന്നു; ഇനി എനിക്കുള്ള കുറവ് എന്താണ്?” എന്ന് ആ യുവാവ് വീണ്ടും ചോദിച്ചു. യേശു അയാളോട്, “നീ സദ്ഗുണപൂർണനാകുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുക്കുക; അപ്പോൾ നിനക്കു സ്വർഗത്തിൽ നിക്ഷേപമുണ്ടാകും. പിന്നീടു വന്ന് എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ഇതു കേട്ടപ്പോൾ ആ യുവാവു ദുഃഖിതനായി അവിടെനിന്നു പോയി. എന്തുകൊണ്ടെന്നാൽ അയാൾ ഒരു വലിയ ധനികനായിരുന്നു. അനന്തരം യേശു ശിഷ്യന്മാരോടു പറഞ്ഞു: “ധനവാൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത് എളുപ്പമല്ല എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു; ധനികൻ സ്വർഗരാജ്യത്തു പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എന്നു ഞാൻ വീണ്ടും നിങ്ങളോടു പറയുന്നു.” ഇതു കേട്ടപ്പോൾ ശിഷ്യന്മാർ വിസ്മയഭരിതരായി. “അങ്ങനെയെങ്കിൽ രക്ഷപെടുവാൻ ആർക്കു കഴിയും?” എന്ന് അവർ ചോദിച്ചു. യേശു അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടു പ്രതിവചിച്ചു: “മനുഷ്യർക്ക് അത് അസാധ്യം; എന്നാൽ ദൈവത്തിനു സകലവും സാധ്യമാണ്.”