MATHAIA 18:21-35
MATHAIA 18:21-35 MALCLBSI
അനന്തരം പത്രോസ് യേശുവിനോട്, “കർത്താവേ, എന്റെ സഹോദരൻ എന്നോടു തെറ്റു ചെയ്താൽ എത്ര പ്രാവശ്യം ഞാൻ മാപ്പു കൊടുക്കണം? ഏഴുപ്രാവശ്യം മതിയോ എന്നു ചോദിച്ചു. യേശു ഉത്തരമരുളി: “ഏഴല്ല ഏഴ് എഴുപതു വട്ടമെന്നാണു” ഞാൻ പറയുന്നത്. “തന്റെ ഭൃത്യന്മാരുമായി കണക്കു തീർക്കാൻ നിശ്ചയിച്ച രാജാവിനോടു സ്വർഗരാജ്യത്തെ ഉപമിക്കാം. രാജാവു കണക്കുതീർത്തു തുടങ്ങിയപ്പോൾ പതിനായിരം താലന്തു കൊടുക്കുവാനുള്ള ഒരുവനെ അദ്ദേഹത്തിന്റെ മുമ്പിൽ ഹാജരാക്കി. അയാൾക്കു കടം വീട്ടാനുള്ള വകയില്ലായിരുന്നു. അതുകൊണ്ട് അയാളെയും ഭാര്യയെയും മക്കളെയും എന്നല്ല അയാൾക്കുള്ള സർവസ്വവും വിറ്റു കടം ഈടാക്കാൻ രാജാവ് ഉത്തരവിട്ടു. ആ ഭൃത്യൻ അദ്ദേഹത്തിന്റെ സന്നിധിയിൽ താണുവീണ് ‘എനിക്ക് അല്പം സാവകാശം തരണമേ! അങ്ങേക്കു തരാനുള്ള സകലവും ഞാൻ തന്നു തീർത്തുകൊള്ളാം’ എന്നു പറഞ്ഞു. രാജാവു മനസ്സലിഞ്ഞ് അയാളെ വിട്ടയയ്‍ക്കുകയും അയാളുടെ കടം ഇളച്ചുകൊടുക്കുകയും ചെയ്തു. “എന്നാൽ ആ ഭൃത്യൻ പുറത്തേക്കു പോയപ്പോൾ നൂറു ദിനാറിനു തന്നോടു കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. ഉടൻ തന്നെ തന്റെ ഇടപാടു തീർക്കണമെന്നു പറഞ്ഞ് ആ ഭൃത്യൻ അയാളുടെ കഴുത്തിനു കുത്തിപ്പിടിച്ചു ഞെരിച്ചു. ‘എനിക്ക് അല്പം സാവകാശം തരണേ! ഞാൻ തന്നുതീർത്തുകൊള്ളാം’ എന്ന് അയാൾ കേണപേക്ഷിച്ചു. എങ്കിലും, അയാളതു സമ്മതിക്കാതെ കടം വീട്ടുന്നതുവരെ ആ സഹഭൃത്യനെ കാരാഗൃഹത്തിലടപ്പിച്ചു. ഇതു കണ്ട് മറ്റു ഭൃത്യന്മാർ അതീവ ദുഃഖിതരായി സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു. രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു പറഞ്ഞു: ദുഷ്ട ഭൃത്യാ! നീ കെഞ്ചിയപേക്ഷിച്ചതുകൊണ്ട് നിന്റെ കടമെല്ലാം ഞാൻ ഇളച്ചുതന്നു; നിന്നോട് എനിക്കു കനിവു തോന്നിയതുപോലെ നിന്റെ സഹഭൃത്യനോടും നിനക്കു കനിവുണ്ടാകേണ്ടതല്ലേ?’ രോഷാകുലനായ രാജാവ് കടം മുഴുവൻ വീട്ടുന്നതുവരെ ആ ഭൃത്യനെ കാരാഗൃഹത്തിലടയ്‍ക്കുവാൻ ജയിലധികാരികളെ ഏല്പിച്ചു. “നിങ്ങളുടെ സഹോദരനോടു നിങ്ങളോരോരുത്തരും ഹൃദയപൂർവം ക്ഷമിക്കാതിരുന്നാൽ സ്വർഗസ്ഥനായ എന്റെ പിതാവു നിങ്ങളോടും ക്ഷമിക്കുകയില്ല.”