YouVersion Logo
Search Icon

MATHAIA 15:21-39

MATHAIA 15:21-39 MALCLBSI

യേശു അവിടെനിന്ന് സോർ, സീദോൻ പ്രദേശങ്ങളിലേക്കു പോയി. അവിടെയുള്ള ഒരു കനാന്യസ്‍ത്രീ നിലവിളിച്ചുകൊണ്ട്, “കർത്താവേ, ദാവീദിന്റെ പുത്രാ, എന്നോടു കനിവുണ്ടാകണമേ; എന്റെ മകളെ ഒരു ഭൂതം കഠിനമായി ബാധിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യേശു ഒരു മറുപടിയും പറഞ്ഞില്ല. ശിഷ്യന്മാർ അടുത്തുചെന്ന് “ആ സ്‍ത്രീ കരഞ്ഞുകൊണ്ടു നമ്മുടെ പിന്നാലേ വരുന്നല്ലോ; അവളെ പറഞ്ഞയച്ചാലും” എന്ന് അഭ്യർഥിച്ചു. അതിനു മറുപടിയായി അവിടുന്ന് പറഞ്ഞു: “ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്.” എന്നാൽ ആ സ്‍ത്രീ വന്ന് അവിടുത്തെ മുമ്പിൽ മുട്ടുകുത്തിക്കൊണ്ട്, “പ്രഭോ, എന്നെ സഹായിക്കണമേ” എന്ന് അപേക്ഷിച്ചു. “കുഞ്ഞുങ്ങൾക്കു കൊടുക്കാനുള്ള അപ്പമെടുത്തു നായ്‍ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്ന് യേശു പ്രതിവചിച്ചു. അപ്പോൾ ആ സ്‍ത്രീ പറഞ്ഞു: “അതേ, കർത്താവേ, നായ്‍ക്കുട്ടികളും യജമാനന്റെ മേശയിൽനിന്നു വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ.” യേശു ആ സ്‍ത്രീയോട് അരുൾചെയ്തു: “അല്ലയോ സ്‍ത്രീയേ, നിന്റെ വിശ്വാസം വലുതുതന്നെ; നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ.” ആ നിമിഷത്തിൽത്തന്നെ അവളുടെ മകൾ രോഗവിമുക്തയായി. യേശു അവിടെനിന്ന് ഗലീലത്തടാകത്തിന്റെ തീരത്തുകൂടി കടന്ന് ഒരു കുന്നിൻമുകളിൽ കയറിയിരുന്നു. ഒരു വലിയ ജനസമൂഹം അദ്ദേഹത്തിന്റെ അടുക്കൽവന്നു. മുടന്തന്മാർ, അന്ധന്മാർ, അംഗവൈകല്യമുള്ളവർ, ബധിരർ മുതലായ പലവിധ രോഗികളെയും അവർ കൂട്ടിക്കൊണ്ടുവന്ന് അവിടുത്തെ പാദസമക്ഷം ഇരുത്തി. അവിടുന്ന് അവരെ സുഖപ്പെടുത്തി. മൂകർ സംസാരിക്കുന്നതും വികലാംഗർ സൗഖ്യം പ്രാപിക്കുന്നതും മുടന്തർ നടക്കുന്നതും അന്ധന്മാർക്കു കാഴ്ച ലഭിക്കുന്നതും കണ്ട് ജനങ്ങൾ വിസ്മയഭരിതരായി ഇസ്രായേലിന്റെ ദൈവത്തെ പ്രകീർത്തിച്ചു. യേശു ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു: “ഈ ജനത്തെ കണ്ടിട്ട് എന്റെ മനസ്സ് അലിയുന്നു. മൂന്നു ദിവസമായിട്ട് അവർ എന്റെകൂടെ ആയിരുന്നുവല്ലോ. അവർക്ക് ഭക്ഷിക്കുവാൻ ഒന്നുമില്ല. അവരെ പട്ടിണിക്കു പറഞ്ഞയയ്‍ക്കാൻ എനിക്കു മനസ്സുവരുന്നില്ല. അവർ വഴിയിൽ തളർന്നു വീണു പോയേക്കാം.” ശിഷ്യന്മാർ അവിടുത്തോടു ചോദിച്ചു: “ഈ വിജനസ്ഥലത്ത് ഇത്ര വലിയ ജനസഞ്ചയത്തിനു വേണ്ടത്ര ഭക്ഷണം എങ്ങനെ കിട്ടും?” യേശു അവരോട്, “നിങ്ങളുടെ കൈവശം എത്ര അപ്പമുണ്ട്?” “ഏഴപ്പവും കുറെ ചെറിയ മീനുമുണ്ട്” എന്ന് അവർ പറഞ്ഞു. യേശു ജനത്തോട് നിലത്തിരിക്കുവാൻ ആജ്ഞാപിച്ചിട്ട്, ആ ഏഴപ്പവും മീനും എടുത്തു സ്തോത്രംചെയ്തു മുറിച്ച് അവർക്കു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച അപ്പക്കഷണങ്ങൾ അവർ ഏഴുവട്ടി നിറച്ചെടുത്തു. ഭക്ഷിച്ചവർ സ്‍ത്രീകളെയും കുട്ടികളെയും കൂടാതെ നാലായിരം പേരുണ്ടായിരുന്നു. യേശു ജനസമൂഹത്തെ പിരിച്ചുവിട്ടശേഷം ഒരു വഞ്ചിയിൽ കയറി മഗദാ എന്ന പ്രദേശത്തേക്കു പോയി.